ഗര്‍ഭച്ഛിദ്രം നടത്താന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്; നോര്‍ത്തേണ്‍ ഐറിഷ് ഗര്‍ഭച്ഛിദ്ര നിയമം സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നതായി യുഎന്‍

ഗര്‍ഭച്ഛിദ്രം നടത്താന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്; നോര്‍ത്തേണ്‍ ഐറിഷ് ഗര്‍ഭച്ഛിദ്ര നിയമം സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നതായി യുഎന്‍
February 25 05:00 2018 Print This Article

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നതാണ് യുകെയിലെ ഗര്‍ഭച്ഛിദ്ര നിയമമെന്ന് യുഎന്‍. ഗര്‍ഭച്ഛിദ്രം നടത്തുന്നതില്‍ നിന്നും നിയന്ത്രണമേര്‍പ്പെടുത്തുന്ന നിയമം സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് യുഎന്‍ കമ്മറ്റി അഭിപ്രായപ്പെട്ടു. നിയമ പ്രകാരമുള്ള ഗര്‍ഭച്ഛിദ്രം നടത്താനായി നോര്‍ത്തേണ്‍ അയര്‍ലണ്ടിന് പുറത്ത് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് അവകാശ ലംഘനം നേരിടേണ്ടി വരുന്നതായി യുഎന്നിലെ എലിമിനേഷന്‍ ഓഫ് ഡിസ്‌ക്രിമിനേഷന്‍ എഗയിന്‍സ്റ്റ് വിമണ്‍ കമ്മറ്റി വ്യക്തമാക്കി. 2016ല്‍ കമ്മറ്റി അംഗങ്ങള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നടത്തിയ അന്വേഷണത്തില്‍ അവകാശ ലംഘനം നടക്കുന്നതായി കണ്ടെത്തിയിരുന്നു. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ സ്ത്രീകള്‍ നേരിടുന്ന അവകാശലംഘനം ക്രൂരമായ പീഡനങ്ങള്‍ക്കും മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കും തുല്ല്യമാണെന്ന് എലിമിനേഷന്‍ ഓഫ് ഡിസ്‌ക്രിമിനേഷന്‍ എഗയിന്‍സ്റ്റ് വിമണ്‍ കമ്മറ്റി വൈസ് ചെയര്‍പേര്‍സണ്‍ റൂഥ് ഹല്‍പ്രിന്‍ കാഥരി അഭിപ്രായപ്പെട്ടു.

ഗര്‍ഭച്ഛിദ്രം നിഷേധിക്കുന്നതും നിയമം മൂലം നിരോധിക്കുന്നതും സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്ന നടപടിയാണ്. സ്ത്രീകള്‍ക്ക് ലഭ്യമാക്കേണ്ട സേവനങ്ങളില്‍ ഒന്നാണ് ഗര്‍ഭച്ഛിദ്രം നടത്തുകയെന്നത്. ഇത് നിരോധിക്കുന്നത് അവരെ ഭയാനകമായി ചുറ്റുപാടിലെത്തിക്കുന്നുവെന്നും റൂഥ് പറയുന്നു. ബാല്‍സംഗത്തിലൂടെയോ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിലൂടെയോ ഉണ്ടാകുന്ന ഗര്‍ഭധാരണത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് റൂഥ് ചോദിക്കുന്നു. നിര്‍ബന്ധിതമായി ഒരു സ്ത്രീയുടെ ഗര്‍ഭം മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യപ്പെടുന്നത് സര്‍ക്കാര്‍ അറിവോടെയുള്ള നീതി നിഷേധമാണെന്നും റൂഥ് പറഞ്ഞു. 1967ല്‍ പാസാക്കിയ അബോര്‍ഷന്‍ ആക്ട് നോര്‍ത്തേണ്‍ അയര്‍ലണ്ടിന് ബാധകമല്ല. അവിടെ ഇപ്പോഴും ഗര്‍ഭച്ഛിദ്രം നിയമ വിരുദ്ധമാണ്. യൂറോപ്പിലെ തന്നെ ഗര്‍ഭച്ഛിദ്രത്തിന് ഏറ്റവും കടുത്ത ശിക്ഷ നല്‍കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് നോര്‍ത്തേണ്‍ അയര്‍ലണ്ട്. അനധികൃതമായി ഗര്‍ഭച്ഛിദ്രം നടത്തുന്ന സ്ത്രീക്ക് ജീവപര്യന്തം തടവ് ശിക്ഷ വരെ ഇവിടെ ലഭിച്ചേക്കാം.

ഗര്‍ഭച്ഛിദ്രം നടത്തുന്ന സ്ത്രീക്കെതിരെയോ അതിന് സഹായിക്കുന്നവര്‍ക്കെതിരെയോ നടത്തുന്ന ക്രിമിനല്‍ നടപടികള്‍ നിര്‍ത്തലാക്കേണ്ടതുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ബലാല്‍സംഗം മൂലമോ നിര്‍ബന്ധിത ലൈംഗിക ബന്ധമോ മുലം ഉണ്ടാകുന്ന ഗര്‍ഭത്തെ ഒഴിവാക്കാന്‍ സ്ത്രീക്ക് അവകാശം നല്‍കുന്ന നിയമ ഭേദഗതി കൊണ്ടുവരണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. വിഷയത്തില്‍ യുകെയുടെ ഭാഗത്ത് നിന്നും ഗൗരവപൂര്‍ണ്ണമായ ഇടപെടലുണ്ടാകണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ഗ്രയിനി ടെഗാര്‍ട്ട് പറഞ്ഞു.

  Article "tagged" as:
  Categories:
UK


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles