സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ഇലക്ട്രിക് കാർ ബാറ്ററി നിർമ്മാണ രംഗത്തേയ്ക്ക് ജിഗാഫാക്ടറികളെ ആകർഷിക്കുവാൻ പറ്റാത്ത സാഹചര്യത്തിൽ, ഒരു ലക്ഷത്തി അയ്യായിരത്തോളം തൊഴിലവസരങ്ങൾ നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ. ലോകത്താകമാനം കാർ നിർമാതാക്കൾ, ഇലക്ട്രിക് കാറുകളുടെ നിർമ്മാണത്തിലേക്ക് തിരിയുകയാണ്. നിലവിൽ ബ്രിട്ടനിലേക്ക് ലിഥിയം -അയൺ ബാറ്ററികൾ പ്രധാനമായും സപ്ലൈ ചെയ്യുന്നത് ചൈനീസ് കമ്പനികൾ ആണ്. ഈ കാർ ബാറ്ററികൾ ബ്രിട്ടണിൽ തന്നെ നിർമ്മിക്കപ്പെടുകയാണെങ്കിൽ തൊഴിലവസരങ്ങൾ വർദ്ധിക്കാനുള്ള സാധ്യത വളരെയധികമാണ്. എന്നാൽ നിലവിൽ ഒരു വൻകിട കമ്പനികളും ഇതിനായി തയ്യാറാവുന്നില്ല.

ഫ്രാൻസും ജർമ്മനിയും എല്ലാം 5.3 ബില്യൻ പൗണ്ടിന്റെ ഇൻവെസ്റ്റ്മെന്റ് ആണ് ബാറ്ററി നിർമ്മാണ രംഗത്തേയ്ക്ക് നീക്കിവെച്ചിരിക്കുന്നത്. ഒരു യൂറോപ്യൻ ബാറ്ററി നിർമ്മാണ രംഗം ആരംഭിക്കുന്നതിലേക്കു ബെൽജിയം, ഫിൻലൻഡ്‌, ഫ്രാൻസ്, ജർമ്മനി പോളണ്ട്, ഇറ്റലി, സ്വീഡൻ എന്നീ രാജ്യങ്ങൾ 3.2 ബില്യൻ പൗണ്ട് വീതം നീക്കിവയ്ക്കാൻ തയ്യാറായിരിക്കുകയാണ്. എന്നാൽ നിലവിൽ ബ്രിട്ടൻ തീരുമാനങ്ങൾ ഒന്നും തന്നെ എടുത്തിട്ടില്ല.

ബ്രെക്സിറ്റിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ടെസ്ലയുടെ ഫാക്ടറി ബ്രിട്ടനിൽ നിന്നും ബെർലിനിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് കാരണമെന്ന് ടെസ്‌ല സിഇ ഒ എലോൺ മസ്‌ക് വ്യക്തമാക്കി. നിലവിൽ യൂറോപ്പിലെ മറ്റ് രാജ്യങ്ങളോട് പിടിച്ചു നിൽക്കുവാൻ ശ്രമിക്കുകയാണ് ബ്രിട്ടൻ.