മംഗളൂരു: പ്രശസ്ത സാക്സ ഫോൺ വാദകൻ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു. 69 വയസ്സായിരുന്നു. പുലർച്ചെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കർണാടക സംഗീത സദസ്സുകൾക്ക് സാക്സാഫോണിനെ പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. കർണാടകയിലെ ദക്ഷിണ കാനറയിൽ ജനിച്ച ഗോപാൽനാഥ് നാഗസ്വര വിദ്വാനായ പിതാവിൽ നിന്നാണു സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങിയത്. നാഗസ്വരമാണ് ആദ്യം പഠിച്ചത്. എന്നാൽ മൈസൂർ കൊട്ടാരത്തിലെ ബാൻഡ് സംഘത്തിന്റെ പക്കലുള്ള ക്ലാർനറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ കമ്പം അതിലേക്ക് മാറി.

പ്രധാനപ്പെട്ട രാജ്യാന്തര സംഗീതോൽസവങ്ങളിലെല്ലാം കദ്രി ഗോപാൽനാഥിന്റെ സാക്‌സാഫോൺ മുഴങ്ങിയിട്ടുണ്ട്. ബിബിസിയുടെ പ്രൊമനേഡ് കച്ചേരിയിൽ ക്ഷണം കിട്ടിയ ആദ്യത്തെ കർണാടക സംഗീതജ്ഞനാണ് അദ്ദേഹം. ബെർലിനിലെയും പ്രേഗിലെയും ജാസ് ഫെസ്റ്റിവലുകളിലും അവസരം ലഭിച്ചു. സാക്‌സോഫോൺ ചക്രവർത്തി, സാക്‌സോഫോൺ സമ്രാട്ട്, ഗാനകലാശ്രീ, നാദോപാസന ബ്രഹ്‌മ, സംഗീതവൈദ്യരത്ന, നാദകലാനിധി, കലൈമാമണി എന്നിങ്ങനെ കർണാടക സംഗീതലോകത്തു കദ്രിക്കു കിട്ടാത്ത പുരസ്‌കാരങ്ങൾ ഇല്ലെന്നു തന്നെ പറയാം. കാഞ്ചി കാമകോടി പീഠത്തിന്റെയും ശൃംഗേരി മഠത്തിന്റെയും ആസ്ഥാന വിദ്വാൻ പദവിയുമുണ്ട്.