പൂങ്കാറ്റും പുഞ്ചിരിയും

ലണ്ടനിലെ ലേഡീസ് ഹോമിലുള്ളവർ അഭിമാനപുരസ്സരം ജസീക്കയെ സ്വീകരിച്ചു. പേരുകൊണ്ട് അവളെയറിയുന്ന ചുരുക്കംപേർ അവിടെയുമുണ്ടായിരുന്നു. സിസ്റ്റർ നോറിൻ അവളുടെ ചങ്കൂറ്റത്തെ അഭിനന്ദിച്ചു. അവൾക്കെതിരെ കള്ളത്തലവന്മാരുടെ ഒരു സാമ്രാജ്യം തിരിഞ്ഞാലും അതിനെ നേരിടുമെന്ന് അവൾക്ക് ധൈര്യം പകർന്നു. സിസ്റ്ററുടെ വാക്കുകൾ അവൾക്ക് വെറുംവാക്കായി തോന്നിയില്ല. മഹത്തായ ലക്ഷ്യങ്ങൾക്ക് വേണ്ടി ജീവനും ജീവിതവും ഉഴിഞ്ഞുവച്ചിട്ടുള്ള സ്ത്രീകൾ സമൂഹത്തിൽ കുറവാണ്. ഇവളുടെ പ്രവൃത്തി നല്ലതുതന്നെ. പോലീസും വേശ്യകൾക്ക് സപ്പോർട്ടാണ്. അവരുടെ കാര്യത്തിൽ പോലീസ് ഇടപെടാറില്ല. പല ഫ്ളാറ്റുകളിലും വീടുകളിലും വേശ്യകൾ പാർക്കുന്നത് പോലീസിനറിയാം.
പല സന്ദർഭങ്ങളിലും ലേഡീസ് കെയർ ഹോമിൽ വിളിച്ച് പോലീസ് ഇക്കാര്യം അറിയിക്കാറുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് നല്ല സഹകരണമാണ് ലഭിക്കുന്നത്. തെരുവുകളിൽ വേശ്യാവൃത്തി നിരോധിച്ചിട്ടുണ്ടെങ്കിലും കുടിയേറ്റക്കാരായിട്ടുള്ള പലരും പോലീസിന്റെ കണ്ണുവെട്ടിച്ച് ഇൗ പ്രവൃത്തി ചെയ്യുന്നുണ്ട്. അതിൽപെട്ട ഏതാനും സ്ത്രീകൾ കെയർഹോമിലുണ്ട്. അവർ പോയ ഫ്ളാറ്റിൽ ബംഗ്ലാദേശ്കാരി യുവതിയെ കണ്ടെത്തി. സിസ്റ്റർ അവളെ കുറെ ഉപദേശിച്ചു. നിത്യവും ഇതിലൂടെ ആരോഗ്യം നശിക്കുന്നു. സമ്പന്നർക്ക് മുന്നിൽ തളർന്ന് കിടക്കാനല്ല നിന്റെ ശരീരത്തെ ഉപയോഗിക്കേണ്ടത്. അതിലുപരി എഴുന്നേറ്റ് നിന്ന് അതിനെ തോല്പിക്കാനാണ് ശ്രമിക്കേണ്ടത്. നീ നല്ലൊരു ജീവിതം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക. നിന്റെ സുരക്ഷിതത്വത്തിന് ഞങ്ങൾ ഒരുക്കമാണ്. നിന്റെ വീട്ടുകാരുമായി ഞങ്ങൾ സംസാരിക്കാം.
ജാക്കി സിസ്റ്ററെ പ്രതീക്ഷിച്ച് കെയർ ഹോമിന്റെ വാതിൽക്കൽ കാത്തിരുന്നു. ഉടനെ എത്തുമെന്നാണ് മെർളിൻ പറഞ്ഞത്. കാറിന്റെ ശബ്ദം കേട്ട് ജാക്കി തലയുയർത്തി നോക്കി. സിസ്റ്റർ കാർമേലും മറ്റൊരു യുവസുന്ദരിയും കൂടി വരുന്നത് കണ്ടു. ഇവിടുത്തെ പുതിയ അന്തേവാസി ആയിരിക്കും. മെർളിനും അവിടേക്ക് വന്നു.
“”സുഖമായിരിക്കുന്നോ ജാക്കീ” സിസ്റ്റർ കർമേൽ ജാക്കിയോട് ചോദിച്ചു.
“”സുഖം”
അവൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
മെർളിൻ ജസീക്കയെ കൂട്ടി അകത്തേക്കു നടന്നു.
സിസ്റ്റർ ജാക്കിയോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.
ഏതെങ്കിലും ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഒരു ജോലി തരപ്പെടുത്തുന്ന കാര്യം അവൻ സിസ്റ്ററുമായി സംസാരിച്ചു. അവൻ ആശങ്കയോടെ കാത്തിരുന്നു. ഇവിടെ ഒരു ജോലി സംഘടിപ്പിക്കുക അത്ര എളുപ്പമല്ല. അത് അവനറിയാം. അവരുടെ സംസാരത്തിൽ നിന്ന് എന്തെന്നറിയാൻ കഴിഞ്ഞില്ല. സിസ്റ്റർ ഒരു പേപ്പറിൽ എന്തോ എഴുതുന്നതായിട്ടാണ് കണ്ടത്.
അവൻ ആകാംക്ഷയോട് കാത്തിരുന്നു.
സിസ്റ്റർ ആ പേപ്പർ അവനെ ഏല്പിച്ചിട്ട് പറഞ്ഞു.
“”ഇതാണ് കമ്പനിയുടെ അഡ്രസ്. അവിടെ ചെന്ന് മിസ്റ്റർ സ്പെൻസർ ജോബിനെ കാണണം. അദ്ദേഹം എന്തെങ്കിലും ജോലി തരും. ഇൗ സ്ഥാപനം എല്ലാക്കൊല്ലവും ഞങ്ങളെ സഹായിക്കാറുണ്ട്. അതുമാത്രമാണ് ഞാനുമായുള്ള ബന്ധം.”
അവനെ സംബന്ധിച്ച് അത് വലിയൊരു ആശ്വാസമായിരുന്നു. ബാങ്കിലെ പലിശ മുടങ്ങിയിട്ട് മാസങ്ങളായി. ഇവിടുത്തെ ചിലവുകൾ ധാരാളമാണ്. കഴിയുന്നത്ര ചെലവു ചുരുക്കിയാണ് ജീവിക്കുന്നത്. എന്നിട്ടും കയ്യിൽ മിച്ചമൊന്നും ഇല്ല. അവൻ സിസ്റ്റർക്ക് നന്ദി പറഞ്ഞ് എണീറ്റു.
“”ഷാരോൺ നിന്നെ വിളിക്കാറുണ്ടോ?”
സിസ്റ്റർ ചോദിച്ചു.
“”വിളിക്കാറുണ്ട് സിസ്റ്റർ. സിസ്റ്റർ എന്നാണ് നാട്ടിലേക്കെന്ന് ചോദിച്ചു.”
മനസ്സിൽ ആഗ്രഹിക്കുന്ന ഒരു ചോദ്യമാണത്.
കൊട്ടാരം കോശിയെ കാണാനുള്ള ആഗ്രഹമാണ് മനസ് നിറയെ.
“”ഇൗ വർഷം ഇന്ത്യയിലേക്ക് യാത്ര കാണും.”
മെർളിൻ ഒരു ഫയലുമായി വന്നപ്പോൾ ജാക്കി യാത്ര പറഞ്ഞു പോയി. പുറകെ മെർളിനും പോയി. സിസ്റ്റർ കമ്പ്യൂട്ടറിലേക്ക് ശ്രദ്ധ തിരിച്ചു. സിസ്റ്റർ മെയിൽ ചെക്ക് ചെയ്ത് ആവശ്യമായതിന് മറുപടി അയച്ചു. അതിന് ശേഷം ലോകവാർത്തയിലേക്ക് കണ്ണോടിച്ചു.പിശാചിന്റെ മക്കൾ ഇൗ ലോകത്ത് വളരുന്നതിന്റെ തെളിവുകളാണ് വാർത്തകൾ മുഴുവൻ. വളരെ ഗൗരവത്തോടെയാണ് സിസ്റ്റർ വാർത്തകൾ വായിച്ചത്. എല്ലാം ലോകമനഃസാക്ഷിക്ക് മുറിവു നല്കുന്ന വാർത്തകൾ മാത്രം. ജീവൻ വെടിഞ്ഞ പാവങ്ങളുടെ ആത്മാക്കൾ അലയുന്നു. അവരെയോർത്ത് ദുഃഖിക്കുന്ന ബന്ധുമിത്രാദികൾക്കായി പ്രാർത്ഥിക്കാൻ മനസ് വെമ്പി. സിസ്റ്റർ കാർമേലിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. വല്ലാത്ത ഒരു വീർപ്പുമുട്ടലാണ് അനുഭവപ്പെട്ടത്. സമാധാനമായി കഴിയുന്ന ലോകജനതയെ ഇൗ പിശാചുക്കളുടെ കയ്യിൽ നിന്ന് മോചിപ്പിക്കാൻ എന്താണ് മാർഗ്ഗം. കണ്ണീരോട് ദൈവത്തോട് അപേക്ഷിക്കണം.
സിസ്റ്റർ പെട്ടെന്ന് വേദപുസ്തകവും കയ്യിലെടുത്ത് പ്രാർത്ഥനാമുറിയിലേക്ക് കടന്നു. മറ്റുള്ളവരുടെ വേദനയെ സ്വന്തം ഹൃദയത്തോട് ചേർത്തുവയ്ക്കാനാണ് സിസ്റ്റർ എപ്പോഴും ശ്രമിക്കുന്നത്. മുറിയിലെത്തിയ ജസീക്കയും ഫാത്തുമയും സിസ്റ്ററെ തിരഞ്ഞു. അവർ എല്ലാ മുറിയിലും തിരഞ്ഞു നടക്കുന്നതിനിടയിൽ സിസ്റ്റർ നോറിനെ കണ്ടു. “”എന്താ ജസീക്ക അസുഖം വല്ലതുമുണ്ടോ?” സിസ്റ്റർ തിരക്കി
“”ഇല്ല സിസ്റ്റർ, ഞങ്ങൾ സിസ്റ്ററ് കാർമേലിനെ അന്വേഷിച്ചു നടക്കുകയാണ്.”
“”സിസ്റ്റർ ഇപ്പോൾ ധ്യാനത്തിലായിരിക്കും.”
അവർ പ്രാർത്ഥനാമുറിയിലെത്തിയപ്പോൾ കൈകൾ രണ്ടും ഉയർത്തി കർത്താവിന്റെ ദയയ്ക്കായി അപേക്ഷിക്കുന്ന സിസ്റ്ററെയാണ് കണ്ടത്.
“”സിസ്റ്ററിന് എന്തോ സങ്കടം ഉണ്ടായിട്ടുണ്ട്. അതാ സമയം തെറ്റി പ്രാർത്ഥനാമുറിയിൽ കയറിയത്” ഫാത്തിമ അടക്കം പറഞ്ഞു.
സിസ്റ്റർ കാർമേലിന്റെ ജീവിതചര്യകൾ മനുഷ്യചിന്തകൾക്ക് അതീതമാണെന്ന് ജസീക്കയ്ക്ക് മനസ്സിലായി. ദൈവത്തിൽ വിശ്വാസം നഷ്ടപ്പെടുന്നതും ആ പ്രതിച്ഛായക്ക് ഭംഗം വരുത്തുന്നതും ഇൗ രംഗത്തുള്ളവരുടെ സമീപനമാണെന്ന് ജസീക്കയ്ക്ക് അറിയാം. സിസ്റ്റർ കാർമേൽ വ്യത്യസ്തയാണ്. ആ പാത പിന്തുടരുക അത്ര എളുപ്പമല്ലെന്ന് ജസീക്ക മനസ്സിലാക്കി. സ്നേഹപൂർവ്വമുള്ള ആ പെരുമാറ്റം ആരിലാണ് ആത്മസംതൃപ്തി നിറയ്ക്കാത്തത്.
അവർ കൃഷിയിടത്തിലേക്ക് നടന്നു.
ദിനങ്ങൾ മുന്നോട്ടു പോയി. ലേഡീസ് കെയർ ഹോമിലെ കാർമേലിന്റെ പ്രഭാഷണം കഴിഞ്ഞപ്പോൾ അവിടെയിരുന്നവർ ജസീക്കയോട് ഒരു മോഡലായി നടന്നു കാണിക്കണമെന്ന് ആവശ്യപ്പെട്ടു. അവരുടെ ആവശ്യം മാനിച്ചവൾ സ്റ്റേജിൽ കയറി നടന്നു. അവളുടെ അരയന്നത്തെപ്പോലുള്ള നടത്തം ആനന്ദം നല്കുന്നതായിരുന്നു. അവൾ എല്ലാവർക്കും നന്ദി പറഞ്ഞ് മറുപടി പ്രസംഗവും നടത്തി. അവൾ സ്വന്തം നാട്ടിൽ തുടങ്ങുന്ന കെയർ ഹോമിലേക്ക് സിസ്റ്റർ കർമേലിനെപ്പോലുള്ള ദൈവദാസിമാരെ അയക്കണം എന്ന് അവൾ ആവശ്യപ്പെട്ടു. അപ്പോൾ സദസ്സിൽ കരഘോഷം ഉയർന്നു. സിസ്റ്റർ നോറിൻ ഇതിന് മറുപടി പറയണമെന്ന് സദസ്യർ ആവശ്യപ്പെട്ടു. എല്ലാവരും ആകാംക്ഷയോടെ നോറിനെ നോക്കി. വെറുമൊരു മാനേജരായ താൻ സഭാപിതാക്കന്മാരോട് ആലോചിക്കാതെ എങ്ങിനെ ഉറപ്പു കൊടുക്കും. സിസ്റ്റർ കാർമേൽ സിസ്റ്റർ നോറിന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു. സിസ്റ്റർ നോറിൻ എഴുന്നേറ്റ് മൈക്കിനടുത്തേക്ക് നടന്നു.