നിശബ്ദതകളുടെ പൂമേനികൾ

എല്ലാ കണ്ണുകളും സിസ്റ്റർ നോറിന്റെ മുഖത്താണ്. ജസീക്കയുടെ അഭിലാഷം അംഗീകരിച്ചാൽ മുകളിലുള്ളവർ ചോദിക്കില്ലേ? ആരോട് ചോദിച്ചിട്ടാണ് സമ്മതം മൂളിയതെന്ന്. ചോദ്യം ചോദിച്ചവൾക്ക് ഉത്തരം കൊടുത്തില്ലെങ്കിൽ അവർ നിരാശരാകും. ഉള്ളിൽ സംഘട്ടനത്തിന്റെ നിമിഷങ്ങൾ. എങ്ങും നിശബ്ദത. ഇൗ മൗനം എത്രനേരം തുടരും? ദൈവത്തോടുള്ള ഉത്തരവാദിത്വമാണ് ഇവിടെ നിറവേറ്റേണ്ടത്. അവളിലൂടെ ഒരു പ്രത്യാശയാണ് വെളിപ്പെട്ടത്. സിസ്റ്റർ കാർമേൽ കണ്ണടച്ചിരുന്നു പ്രാർത്ഥിച്ചു. കൊടുംകാറ്റിലുലയുന്ന കടലിലെ കപ്പലിലാണ് സിസ്റ്റർ നോറിൻ നില്ക്കുന്നത്. കപ്പലിനെ ശാസിച്ച് നിർത്തണമെങ്കിൽ മനസ്സിന് ധൈര്യവും പ്രത്യാശയും ഉണ്ടായിരിക്കണം. ദൈവീകവാഗ്ദാനത്തിൽ മറുപടി പറയാൻ സിസ്റ്റർ നോറിനെ സഹായിക്കണമേയെന്ന് മനസ്സിൽ പ്രാർത്ഥിച്ചു.
എല്ലാവരുടെയും വികാരം കണക്കിലെടുത്ത് സിസ്റ്റർ നോറിൻ അറിയിച്ചു.
“”എനിക്ക് സമ്മതമാണ്. അതിന് സഭാപിതാക്കന്മാരുടെ അനുവാദംകൂടി വേണം. അതിനായി ഞാനും സിസ്റ്റർ കാർമേലും ശ്രമിക്കും.” എല്ലാവരും എഴുന്നേറ്റ് നിന്ന് ആഹ്ലാദത്തോടെ കരഘോഷം മുഴക്കി. സിസ്റ്റർ നോറിനെ ജസീക്ക സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. സിസ്റ്റർ മടങ്ങിവന്ന് കസേരയിലിരുന്നു. സിസ്റ്റർ കാർമേൽ സന്തോഷത്തോടെ സിസ്റ്റർ നോറിന് നന്ദി അറിയിച്ചു.
“”എല്ലാ പ്രതിസന്ധിയും ദൈവം മാറ്റിത്തരും. നമുക്ക് പ്രാർത്ഥിക്കാം.”
സിസ്റ്റർ നോറിന് ആ വാക്കുകൾ ആശ്വാസം പകർന്നു.
ദൈവഹിതം നിറവേറ്റപ്പെടണം. അത് മാത്രമേ സിസ്റ്റർ കാർമേൽ ചിന്തിച്ചുള്ളൂ. പല രാജ്യങ്ങളിലും പലസന്നദ്ധസംഘടനകളുടെ സഹായത്തോടെ വേശ്യകളുടെ ഉയർച്ചയ്ക്ക് പലതും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പലഭാഗങ്ങളിൽ നിന്നുയരുന്ന ശബ്ദം സാമ്പത്തിക ക്ലേശങ്ങളാണ്. ദൈവം തന്റെ പ്രാർത്ഥന കേട്ടതിന്റെ പ്രതിഫലമാണ് ജസീക്ക വൻതുക നല്കാൻ തീരുമാനിച്ചത്. പല രാജ്യങ്ങളിൽ ലൈംഗികപീഡനം അനുഭവിച്ചുകൊണ്ട് പലരും കഴിയുന്നുണ്ട്. ഇനിയും പണമില്ല എന്ന പരാതി വേണ്ട.
അവൾ കാണിച്ച മാതൃക പലരംഗത്തുള്ളവർക്കും ചെയ്യാവുന്നതേയുള്ളൂ. അവളെ ഇവിടെ എത്തിച്ചത് ദൈവം തന്നെയാണ്. ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടേ. “”നിങ്ങളെ ഞാൻ മെക്സിക്കോയിലേക്കും ബ്രസീലിലേക്കും ക്ഷണിക്കയാണ്. ആർക്കെങ്കിലും കൊളംബിയയിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ യാത്ര ചെയ്യണമെങ്കിൽ ഞാൻ സഹായിക്കാം. നമ്മുടെ മുദ്രാവാക്യം സ്ത്രീവിമോചനം തന്നെയാണ്. നമുക്ക് ഒന്നിച്ച് നീങ്ങാം. നാളെ രാവിലെതന്നെ ഞാൻ മടങ്ങും. എല്ലാവർക്കും നന്മകൾ നേരുന്നു.” എല്ലാവരും കരഘോഷം മുഴക്കി പിരിഞ്ഞു.
ജെസീക്ക സിസ്റ്റർ കാർമേലിന്റെ മുറിയിൽ സിസ്റ്റർ നോറിനും മെർളിനും ഫാത്തിമയായും ഒന്നിച്ചുകൂടി. എല്ലാവരും സംതൃപ്തരായി കാണപ്പെട്ടെങ്കിലും സിസ്റ്റർ കാർമേലിന്റെ മുഖത്ത് മ്ലാനത കാണപ്പെട്ടു. ജസീക്ക വേറൊരു ലോകത്തേക്ക് കാലെടുത്ത് വച്ചിരിക്കുകയാണ്. അവളുടെ സംഘത്തിൽ പെട്ടവരുടെ പ്രതികരണം എന്തെന്നറിയില്ല. അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ അവളുടെ സേവനം ആവശ്യമാണ്. ആ വിഷയം അവളുമായിട്ടൊന്ന് സംസാരിക്കണമെന്നുണ്ട്. അവളുടെ എല്ലാം സഹായസഹകരണത്തിനും സിസ്റ്റർ നോറിൻ നന്ദിയറിയിച്ചു. അവരെല്ലാം അവളെ സ്നേഹബഹുമാനത്തോടെ നോക്കി. ഹൃദയം നിറയെ സ്നേഹമായിരുന്നു. വരാന്തയിലൂടെ ആരോ സംസാരിച്ചു നടക്കുന്നുണ്ട്. അമേരിക്കയടക്കമുള്ള പല രാജ്യങ്ങളിലും ഇടുങ്ങിയ വഴികളും തെരുവുവിളക്കുകളും അവൾക്കറിയാം.
സ്ത്രീശാക്തീകരണത്തിന് സമർപ്പിക്കപ്പെട്ടവളും ഇൗ പ്രസ്ഥാനത്തിന്റെ അംബാസിഡർ എന്ന നിലയിലും സിസ്റ്റർ കാർമേൽ ഹൃദ്യമായ ഒരു ആവശ്യം മുന്നോട്ട് വയ്ക്കാൻ തീരുമാനിച്ചു.
സിസ്റ്റർ കാർമേൽ അവളെ ലേഡീസ് കെയർ ഹോമിന്റെ ആഗോളതലത്തിലെ അംബാസിഡറായി നിയമിച്ചുകൊണ്ടുള്ള കത്ത് കൈമാറി.
“”എന്റെ കടമയും കർത്തവ്യവും ഒരിക്കലും ഞാൻ വിസ്മരിക്കില്ല. ദൈവം എന്നെ ഇൗ വേലക്ക് കണ്ടെത്തി എന്നാണ് എന്റെ വിശ്വാസം. അതാണല്ലോ എന്റെയടുക്കലേക്ക് ദൈവം സിസ്റ്ററെ അയയ്ച്ചത്. എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഇൗ പദവി. കഴിഞ്ഞ കാലങ്ങളിൽ പാരീസിലെ ഒരു പെർഫ്യൂമിന്റെ കമ്പനിക്കായി ഞാൻ അമ്പാസിഡർ ആയിട്ടുണ്ട്. അന്ന് സുഗന്ധത്തിന്റെ പദവി. ഇൗ ദുർഗന്ധത്തെ ഞാൻ ആ സുഗന്ധമായി മാറ്റും. സമൂഹം തള്ളിക്കളഞ്ഞ പതറിയ മനസുമായി ജീവിക്കുന്ന സഹോദരിമാർക്കുവേണ്ടി എന്റെ രക്തം ചൊരിയാനും രക്തസാക്ഷിയാകാനും ഞാനൊരുക്കമാണ്. എന്റെ ജീവിതം നശിപ്പിച്ച കാട്ടാളന്മാരുടെ കൈകൊണ്ട് മരിക്കാൻ ഞാൻ തയ്യാറല്ല. മെക്സിക്കോയിലും ബ്രസീലിലും എന്റെ രക്തമൊഴുക്കാൻ അവർക്കാകില്ല. അതവർക്ക് നന്നായി അറിയാം. ഇൗ രണ്ട് രാജ്യങ്ങളിലും കെയർ ഹോം സ്ഥാപിക്കണം.” ഒരു തത്വജ്ഞാനിയെപ്പോലെ ജസീക്ക പറഞ്ഞു നിർത്തി.
സിസ്റ്റർ കാർമേൽ പറഞ്ഞു
“”മോളെ, ഞങ്ങളെ സംബന്ധിച്ച് നിന്റെ രക്ഷയാണ് ഞങ്ങൾക്കു വലുത്, രക്തമല്ല. രണ്ടു രാജ്യങ്ങളിലെ അമ്പാസിഡർ ആയിരുന്നാൽ മതി. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ സഭയുടെ മേൽനോട്ടത്തിൽ ധർമ്മസ്ഥാപനങ്ങളുണ്ട്. ധാരാളം സ്ത്രീപുരുഷന്മാർ അന്തേവാസികളായിട്ടുമുണ്ട്. ഇൗ കാര്യത്തിൽ ജസീക്ക വിഷമിക്കേണ്ട, നമ്മുടെ വിശ്വാസവും ത്യാഗവും സമർപ്പണവും മാത്രം മതി. സിസ്റ്റർ കാർമേൽ അവളെ ധൈര്യപ്പെടുത്തി.
സിസ്റ്റർ നോറിൻ പറഞ്ഞു
“”നമ്മളെ ദൈവം ഏല്പിച്ചിരിക്കുന്ന ജോലി പാപത്തിൽ മരിച്ചവർക്ക് ജീവൻ കൊടുക്കുക എന്നുള്ളതാണ്. നാം ഒാരോരുത്തരും ഇൗ ലോകത്തിന്റെ മുന്തിരിയും മുന്തിരി വള്ളികളുമാണ്. നിങ്ങൾ സെന്റ് ഫ്രാൻസിസിനെ മാത്രം മുന്നിൽ കണ്ടാൽ മതി. എന്താണ് അദ്ദേഹം ചെയ്ത തെറ്റ്. യുവാവായിരുന്ന ഫ്രാൻസിസ്കോ ബർണാഡോ തന്റെ പിതാവിന്റെ സ്വർണനാണയങ്ങൾ തകർന്നുപോയ ഒരു പള്ളി പണിയാൻ ഒരു പുരോഹിതന് നല്കി. അതറിഞ്ഞ പിതാവ് രോഷാകുലനായി തന്റെ സ്വത്ത് ഒരിക്കലും അവന് കൊടുക്കില്ലെന്ന് നിശ്ചയമെടുത്ത് കോടതിയിൽ കേസ് കൊടുത്തു. കോടതിയിൽ വിചാരണ നേരിടാൻ ചെന്ന ഫ്രാൻസിസ് പിതാവ് വാങ്ങിക്കൊടുത്ത ഉടുതുണികൾ അഴിച്ച് ജസ്റ്റിസിന്റെ മുന്നിൽ വച്ചിട്ട് പറഞ്ഞു.
“”എനിക്ക് പിതാവിന്റെ ഒന്നുംതന്നെ വേണ്ട. ഇൗ സമ്പത്ത് വളർത്തി എനിക്ക് ധനികൻ ആകേണ്ട. ഇൗ സംഭവം ഞാൻ പറഞ്ഞത് ജെസീക്കയ്ക്കും ഫാത്തിമക്കും വേണ്ടിയാണ്.
അവർ സിസ്റ്റർ നോറിനോട് നന്ദി പറഞ്ഞു.
ജെസീക്ക ലേഡി കെയർ ഹോമിന്റെ ബാങ്ക് അക്കൗണ്ട്, സോർട്ട് കോഡ് മുതലായവ ചോദിച്ചു മനസ്സിലാക്കി എഴുതിയെടുത്തു. ഉടൻ മെർളിൻ അലമാരയിൽ നിന്ന് ഒരു ഫയലെടുത്ത് ബാർക്ലേയിസ് ബാങ്കിന്റെ കത്ത് കാണിച്ചു. ജസീക്ക അവളുടെ വിലപിടിപ്പുള്ള മൊബൈലിൽ സ്വന്തം ബാങ്കിൽ നിന്ന് ഒരു ലക്ഷം യുകെ പൗണ്ട് കെയർ ഹോമിന്റെ അക്കൗണ്ടിലേക്ക് ഇട്ടു.
സിസ്റ്റർ നോറിന്റെ മുഖത്ത് സന്തോഷം മിന്നി. തന്റെ ഉള്ളിലും ഒരു പോരാളി ഉണർന്നു കഴിഞ്ഞു. അതിനെ മുന്നോട്ട് നയിക്കയാണ് അടുത്ത പടി. രണ്ട് രാജ്യങ്ങളിലും ഇവിടുത്തേതുപോലെ ലേഡീസ് കെയർ ഹോം ഉയർത്താനും പ്രവർത്തിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. ഞാൻ ചെന്ന് ഉടൻ പണി ആരംഭിക്കും.
സിസ്റ്റർ നോറിനോട് നന്ദി പറഞ്ഞു.
നേരം പുലർന്നു. മഴ ശാന്തമായി പെയ്തിറങ്ങി. കൃഷിതോപ്പിലെ പച്ചിലകൾക്കിടയിൽ മഴത്തുള്ളികൾ പെയ്തിറങ്ങി. എങ്ങുനിന്നോ പറന്നെത്തിയ ഒരു ബ്ലു പ്ലാസ്റ്റിക് കവറിനെ കാറ്റ് മണ്ണിൽ വലിച്ചിഴച്ചു. രാവിലെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മദ്ധ്യവയസ്കയായ ഒരു സ്ത്രീക്ക് ശർദ്ദിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. സിസ്റ്റർ കാർമേലും ജസീക്കയും അവരുടെ അടുത്തേക്ക് ഒാടിയെത്തി. പെട്ടെന്ന് പരിശോധനാമുറിയിലേക്ക് കൊണ്ടുവന്ന് പ്രഥമശുശ്രൂഷ നല്കി. പരിശോധനയിൽ പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. സിസ്റ്റർ നോറിനും മെർളിനും അവിടേക്ക് വേഗത്തിലെത്തി. ഭക്ഷണവുമായി ബന്ധപ്പെട്ട ദഹനക്കേട് വല്ലതുമാകാമെന്ന് സിസ്റ്റർ കാർമേൽ നോറിനോട് പറഞ്ഞു. സിസ്റ്റർ കാർമേൽ നോറിനോട് ബഡ്ഡിൽ കിടക്കുന്ന രോഗിയെപ്പറ്റി എന്തോ പറഞ്ഞിട്ട് പുറത്തേക്കിറങ്ങി.
നല്ലൊരു സ്നേഹബന്ധം ഉണ്ടാക്കിയിട്ടാണ് ജസീക്ക ഇറങ്ങിയത്. കെയർ ഹോമിന്റെ ഉത്ഘാടനത്തിന് എത്തുമെന്ന് കാറിലിരുന്ന് സിസ്റ്റർ കാർമേൽ ജസീക്കാക്ക് ഉറപ്പുകൊടുത്തു.
പുതിയ അറിവുകൾ പ്രദാനം ചെയ്യുന്ന പുസ്തകങ്ങളെ അവൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇവിടുത്തെ ലൈബ്രറിയിൽ കുറച്ചുകൂടി പുസ്തകങ്ങൾ വാങ്ങി വയ്ക്കണമെന്ന് അവൾ അഭിപ്രായപ്പെട്ടു. പുസ്തകങ്ങളിൽ സ്നേഹവും പ്രണയവുംമാത്രമല്ല വിപ്ലവങ്ങളുമുണ്ടെന്ന് അവൾ അവകാശപ്പെട്ടു. മഹാന്മാരായ എഴുത്തുകാരെല്ലാം തിന്മയ്ക്കെതിരെ എഴുതുന്നവരല്ലേ . നമ്മുടെ സ്ഥാപനങ്ങളിൽ അക്ഷരവും ആത്മാവും ഉണ്ടാകണം.
എയർപോർട്ടിലെത്തി പരസ്പരം ചുംബിച്ചുകൊണ്ടവർ അവൾക്ക് യാത്രാമംഗളങ്ങൾ നേർന്നു.
തിരികെ കെയർ ഹോമിന്റെ മുന്നിലെത്തുമ്പോൾ പോലീസ് വാഹനം കണ്ട് വിസ്മയിച്ചു.