വിശുദ്ധിയുടെ നിലവറയിൽ നിന്ന്

പാടത്തിന്റെ ഹരിതഭംഗി സിസ്റ്റർ കാർമേൽ കൺകുളിർക്കെ കണ്ടുനിന്നു. ആരുടെ ഹൃദയത്തിലും കവിത വിരിയുന്ന ഇൗ വർണ്ണഭംഗി മറ്റെങ്ങും ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. ദൈവം നല്കിയ അതിമനോഹര അവിസ്മരണീയ കാഴ്ചകൾ. അതെ ദൈവത്തിന്റെ സ്വന്തം നാട്.
പാടത്ത് വളർന്നുനില്ക്കുന്ന തെങ്ങിൻ ഒാലകൾക്കിടയിലൂടെ പ്രകാശം അരിച്ചിറങ്ങുന്നുണ്ടായിരുന്നു.
തെങ്ങിൽ നിന്നുമിറങ്ങി വന്ന ഒരാൾ കരിക്കിൻ വെള്ളവും ഗ്ലാസുമായി അവിടേക്ക് വന്നു. കൊട്ടാരം കോശി കരിക്കിൻ വെള്ളം ഗ്ലാസിലൊഴിച്ച് സഹോദരിക്കു കൊടുത്തു.
നെറ്റിത്തടത്തിലെ വിയർപ്പ് തുടച്ചുകൊണ്ട് തേങ്ങ വെട്ടുകാരൻ മടങ്ങിപ്പോയി. അടുത്തൊരു കാക്ക വന്നിരുന്നതുകണ്ട് നായ കുരച്ചുകൊണ്ട് അവിടേക്ക് ചെന്നു. കാക്ക ജീവനുമായി പറന്നുയർന്നു.
ഷാരോണിന്റെ മൊബൈൽ ശബ്ദിച്ചു. അത് ലണ്ടനിൽ നിന്ന് ജാക്കിയായിരുന്നു. അവൾ മാറിനിന്ന് നിറപുഞ്ചിരിയോടെ കുശലാന്വേഷണങ്ങൾ പങ്കുവച്ചു. തലയാട്ടികൊണ്ട് ഒരു മന്ദഹാസവുമായി അവൾ സിസ്റ്റർക്ക് ഫോൺ കൈമാറി.
“”ആന്റീ ഇത് ജാക്കിയാണ്.” സിസ്റ്ററുടെ മുഖംവിടർന്നു.
“”എന്തുണ്ട് ജാക്കി , സുഖമാണോ?
ജോലിയും പഠിത്തവുമൊക്കെ നന്നായി നടക്കുന്നോ?”
“”എല്ലാം നന്നായി നടക്കുന്നു. സിസ്റ്റർക്ക് സുഖമാണോ?”
“”ഞാനിവിടെ സുഖമായിരിക്കുന്നു. ഞാൻ കോശിക്ക് കൊടുക്കാം”
ഫോൺ കോശിക്ക് കൈമാറി. ഷാരോണും നായുമായുള്ള കളി സിസ്റ്റർ അക്ഷമയോടെ നോക്കി. കരിക്കിനുള്ളിലെ തേങ്ങ നായ്ക്ക് വേണം. അവളത് കൊടുക്കാതെ അവനെ കളിപ്പിക്കാൻ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നു. നായുടെ മുകളിലേക്കുള്ള കുതിച്ചുചാട്ടം രസാവഹം തന്നെ.
“” എന്തിനാടി അവനെ നിരാശപ്പെടുത്തുന്നേ?
അങ്ങ് കൊടുക്ക്” അവളത് അനുസരിച്ചു. നായക്ക് അത്
സ്വാദുള്ള ഭക്ഷണമായി തോന്നി. കോശി സംസ്സാരം അവസാനിപ്പിച്ചപ്പോൾ
സിസ്റ്റർ ചോദിച്ചു.
“”അല്ല കോശി നിന്റെ മോൻ ജർമ്മനിയിലല്ലേ? അവന്റെ വിശേഷങ്ങൾ എന്തുണ്ട്.” സിസ്റ്റർ ചോദിച്ചു.
“”അതേ പെങ്ങളെ… അവന്റെ വിശേഷം പറഞ്ഞാൽ അവനൊപ്പം ജർമ്മനിയിൽ മെഡിസിൻ പഠിച്ച ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലായി. മറിച്ചൊന്നും ഞങ്ങൾ പറഞ്ഞില്ല. ലണ്ടനിലോ ജർമ്മനിയിലോ ഉപരിപഠനം നടത്തണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളു. ഇവിടെ തുടങ്ങി ജർമ്മനിയിൽ അവസാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചതല്ല. ഇവിടുത്തെ യുവതി യുവാക്കൾക്ക് ജീവിതം ഒരു ഭാഗ്യപരീക്ഷണമാണ്. ഇപ്പോഴും ഇവരെ കയറ്റുമതി ചെയ്ത് സർക്കാർ ലാഭം കൊയ്യുന്നു. ജനിച്ച നാട്ടിൽ ഒരു തൊഴിൽ കൊടുക്കുന്നില്ല. അവൻ ഉപരി പഠനം കഴിഞ്ഞ് മടങ്ങി വരുമെന്നാണ് കരുതിയത്. അവൻ പറയുന്നു. ജീവിതസുഖം, സുരക്ഷിതത്വം അവിടെയാണ് ഇവിടെയല്ല. ഞങ്ങൾ അവനെ ഇങ്ങോട്ട് ക്ഷണിക്കുമ്പോൾ അവൻ ഞങ്ങളെ അങ്ങോട്ട് ക്ഷണിക്കുന്നു. എന്തായാലും ജന്മനാട് വിട്ടുപൊകാൻ ഞങ്ങൾ ഒരുക്കമല്ല. അതിന് എന്റെ മോളും തയ്യാറല്ല. ഞങ്ങൾ അവനെ കുറ്റപ്പെടുത്തില്ല. ജീവിതം സമാധാനമായി ജീവിക്കാനുള്ളതാണ്. അത് ലഭിക്കുന്നിടത്ത് അവൻ ജീവിക്കട്ടെ”
“” അവൻ പറയുന്നത് ശരിയാണ്. മതരാഷ്ട്രീയം ഇവിടെ ധാരാളം തിന്മകൾ വളർത്തുന്നുണ്ട്. മനുഷ്യന്റെ ഭാവി ഒരുക്കുന്നത് ദൈവമാണ്” “” അത് മാത്രമല്ല പെങ്ങളെ ജനനന്മക്കായി പ്രവർത്തിക്കുന്നവരുടെ എണ്ണം കുറയുന്നു. എല്ലാവർക്കും സാമ്പത്തിക നേട്ടം, അധികാരത്തോടുള്ള ആർത്തിയാണ്. അതിനാൽ ജനാധിപത്യം കണ്ണുതുറക്കുന്നില്ല” “”ആ കാര്യത്തിൽ വികസിത രാജ്യങ്ങൾ വളരെ മുന്നിലാണ്. അതാണ് അവിടുത്തെ മലയാളികൾ ഇങ്ങോട്ട് മടങ്ങിവരാത്തത്.”
“”തീർച്ചയായും മക്കൾ സന്തോഷത്തോടെ ജീവിക്കാനല്ലെ മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. അവിടെ ദേശമോ രാജ്യമോ ഒരു തടസ്സമല്ല”
“” ബ്രിട്ടനിൽ ഉള്ളവർ തന്നെ ഇറ്റലി, ഫ്രാൻസ്, അമേരിക്ക, കാനഡ തുടങ്ങി പല രാജ്യങ്ങളിൽ നിന്ന് വിവാഹബന്ധങ്ങൾ നടത്തുന്നുണ്ട്. അതും ജീവിത പുരോഗതിയുടെ ഭാഗമാണ്. എവിടായാലും മനുഷ്യന് ആറടി മണ്ണ് വേണം. പിന്നെ നിന്റെ മോനെ ഒന്ന് കാണണമെന്നുണ്ട്. അവനോട് ലണ്ടനിൽ വന്നുപോകാൻ പറയണം”
“”ങഹാ…പറയാം പെങ്ങളെ. അവൻ തീർച്ചയായും വരും”
“”അല്ലാ…. അപ്പോൾ ഞാൻ വരണ്ടേ” ഷാരോൺ പരാതിപ്പെട്ടു. “”എന്റെ സുന്ദരിക്കുട്ടിക്ക് എപ്പോൾ വേണമെങ്കിലും വരാമെല്ലോ. അതിന് എന്താ തടസ്സം. പഠിത്തമൊക്കെ കഴിയട്ടെ”
അവൾ സമ്മതം മൂളി. അവർ പാടത്തേക്ക് നടന്നു. സിസ്റ്റർ വയൽപ്പാടത്തിന്റെ മുകളിലൂടെ പറക്കുന്ന വയൽക്കിളികളുടെ ഫോട്ടോകൾ എടുക്കാനും മറന്നില്ല. പാടവരമ്പത്തൂടെ നടക്കുന്നതിനിടയിൽ ചോദിച്ചു.
“”ഇൗ പാടശേഖരം ആരും നികത്താൻ വന്നില്ലേ? ഇവിടുത്തെ വാർത്തകളിൽ പാടങ്ങളും കുന്നുകളും മലകളുമൊക്കെ നശിപ്പിക്കുന്നു എന്നാണ് കേൾക്കുന്നത്”
“”അത് ഇവിടെ നടക്കില്ലാന്റീ. പപ്പയും ഇവിടെ കുറെ വയൽക്കിളികളായ പരിസ്ഥിതി പ്രവർത്തകരുമുണ്ട്”
അവർ ചെറിയൊരു തോടും കടന്ന് പ്രധാന വരമ്പത്തു വന്നു. തോടിന്റെ കരക്ക് താറാവിൻ കൂട്ടങ്ങളെ കണ്ടു.
“” ആന്റി എനിക്ക് കരാട്ടേ ക്ലാസ്സുണ്ട്. ഞാൻ പോകട്ടെ” “”ഇവിടുത്തെ പെൺകുട്ടികൾ കരാട്ടേ ആയോധനകലകളൊക്കെ പഠിക്കുന്നത് നല്ലതാണ്.” അവളെ സന്തോഷത്തോടെ യാത്രയാക്കി.
അവിടേക്ക് കൈകൂപ്പികൊണ്ട് മുരളിവന്നു. സിസ്റ്റർ പെട്ടന്ന് ചോദിച്ചു. “”കൊലയാളികളെ പോലീസ് കണ്ടെത്തിയോ?” “”പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. അത് കോശിസാറിന്റെ ഇടപെടൽ കൊണ്ടാണ്” ഉടനടി സിസ്റ്റർ സംശയത്തോടെ ചോദിച്ചു. “”കുറ്റവാളികളെ കണ്ടെത്തുന്നതിന് എന്തിനാണ് മറ്റൊരാളിന്റെ ഇടപെടൽ”
“”ഇത് ബ്രിട്ടൻ അല്ല പെങ്ങളെ. ഭരണകക്ഷിയിൽപെട്ടവരെങ്കിൽ കുറ്റവാളികളെ അവർ രക്ഷപെടുത്താൻ ശ്രമിക്കും. അന്യോഷണ ഏജൻസികൾവരെ അട്ടിമറിക്കപ്പെടുന്നു. നിയമ വകുപ്പുകൾ രാഷ്ട്രീയാഭരണത്തിൽ ശ്വാസം മുട്ടുകയാണ്. ഇതിനൊക്കെ ഒരു മാറ്റം വരാതെ ജനങ്ങൾക്ക് നീതി ലഭിക്കില്ല.” സിസ്റ്റർ കാർമേലിന്റ മുഖം മങ്ങി. ഇംഗ്ളണ്ടിൽ കേൾക്കാത്ത കാര്യമാണ് ഇവിടെ കേൾക്കുന്നത്. രാഷ്ട്രീയപാർട്ടികൾ എന്തിനാണ് നിയമത്തിൽ ഇടപെടുന്നത്? അതിനു കൊടുത്ത ഉത്തരം.
“” അതൊന്നും പാടില്ലാത്തതാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം.” “”എന്റെ രാജ്യത്ത് ഭരണത്തിലുള്ളവരൊന്നും നിയമങ്ങളിൽ കൈകടത്തില്ല. അത്തരക്കാർ പിന്നീടൊരിക്കലും ജനസേവനവുമായി കാണില്ല”
മുരളി കൈയ്യിലിരുന്ന ഒരു കവർ കോശീടെ നേർക്ക് നീട്ടിയിട്ട് പറഞ്ഞു.
“” സാറെ ഇത് വക്കീൽഫീസ്സാണ്” കോശി മന്ദഹസിച്ചുകൊണ്ട് പറഞ്ഞു.
“”ഒരു മകൾ ക്രൂരമായി കൊല്ലപ്പെടുമ്പോൾ ഞാനെങ്ങനെ ഇയാളിൽ നിന്ന് ഫീസ് വാങ്ങും. എനിക്കും ഒരു മോളില്ലേ?ആ ക്രൂരന്മാരായ മൃഗങ്ങളെ തൂക്കിലേറ്റും വരെ ഞാൻ വാദിക്കും. നമ്മുടെ നാട്ടിൽ മറ്റൊരു പെൺകുട്ടിക്കും ഇതുപോലൊരു അനുഭവം ഉണ്ടാകരുത്. സ്ത്രീപീഡനക്കാരെ ഞാൻ വെറുതെ വിടില്ല മുരളി. അതിനായി ഞാൻ ഫീസും വാങ്ങാറില്ല.”
വക്കീലിന്റെ അമർഷം വാക്കുകളിൽ മാത്രമല്ല അത് പ്രവൃത്തിയിലും മുൻകാലങ്ങളിൽ മുരളി കണ്ടിട്ടുണ്ട്. എത്ര ഉന്നതരായാലും അദ്ദേഹത്തെ സ്വാധീനിക്കാൻ സാദ്ധ്യമല്ലന്നുള്ളത് നാട്ടുകാർക്കറിയാം. സാധാരണ ആരും ഇങ്ങോട്ട് കേസ്സുമായി വരാറില്ല. കേസുകളുടെ കൃഷിയെക്കാൾ നെൽക്കൃഷിയാണ് അദ്ദേഹത്തിന്റ കൃഷി. ഇതുപോലുള്ള കേസ്സുകൾ വന്നാൽ മടക്കി അയക്ക

ാറുമില്ല. സിസ്റ്റർ കാർമേലിന്റി ഫോൺ ശബ്ദിച്ചു. സിസ്റ്റർ പാടവരമ്പത്തേക്ക് മാറി നിന്നു സംസ്സാരിച്ചു. കോശി പറഞ്ഞു.
“” കൊലയാളികൾ ഉടൻ ജ്യാമ്യത്തിലിറങ്ങും. ഒരു കാരണവശാലും നമ്മുടെ രണ്ട് സാക്ഷികളും ആരെന്ന് പുറംലോകം അറിയരുത് അധികാരവും സമ്പത്തുമുള്ളവർ വൻതുകകൊടുത്ത് അവരെ സ്വാധീനിക്കും. എതിർ പാർട്ടികൾ ഗുണ്ടാസ്വഭാവക്കാരായതുകൊണ്ട് ഒരു വിധത്തിലും അവരുമായി കൊമ്പ് കോർക്കരുത് സത്യം കോടതിയിൽ ജയിക്കാനായി പ്രാർത്ഥിക്കുക. ഇൗ ഗുണ്ടകൾ വീട് അക്രമിക്കാനും മടിക്കില്ല. അങ്ങനെയുണ്ടായാൽ അതുടനെ എന്നെ അറിയിക്കണം. ഇൗ നാട്ടിൽ പാവങ്ങൾക്കും ജീവിക്കണം.” കഠിനാധ്വാനിയായ വക്കീലിന്റെ വാക്കുകൾ മുരളി ശ്രദ്ധിച്ചു കേട്ടു.
“” നമ്മുടെ ഭാഗത്ത് നിന്ന് കുറ്റവാളികൾക്ക് യാതൊരു ഒൗദാര്യവും ചെയ്തുകൊടുക്കാൻ പാടില്ല. അത് മകളുടെ ആത്മാവിനോട് ചെയ്യുന്ന മഹാപാതകമാണ്. എന്റെ പെങ്ങൾ ലണ്ടനിൽ നിന്ന് വന്നിരിക്കുന്നു. ഇൗ വരും ദിവസങ്ങളിൽ കുറെ യാത്രകളുണ്ട്. പെങ്ങൾ മടങ്ങിപോയിട്ട് ഞാൻ വിളിക്കാം. അപ്പോൾ സാക്ഷികളുണ്ടാകണം. പകൽ നേരം വരരുത്. രാത്രിയിലെ വരാവു. ഇതിനകം കുറ്റം ചെയ്തവരെ കണ്ടെത്തി. അടുത്തത് ശിക്ഷ ഉറപ്പാക്കുക എന്നുള്ളതാണ്.” “”എന്റെ കുഞ്ഞിനെ കൊന്നവരെ കഴുമരത്തിലേറ്റുന്നതുവരെ എനിക്ക് മനഃസമാധാനം ഇല്ല സാറെ. അത് കണ്ടിട്ട് അഭിമാനത്തോടെ എനിക്ക് വിളിച്ചു പറയണം കൊലയാളിക്ക് കൊലക്കയർ കിട്ടിയെന്ന്. മരിച്ചു മരവിച്ചുകിടന്ന പൊന്നുമോളുടെ ശരീരം ഇപ്പോഴും മനസ്സിനെ ഇഞ്ചിഞ്ചായി കുത്തി നോവിക്കുകയാണ് സാറെ എന്റെ ഭാര്യപോലും ശരിക്കുറങ്ങാറില്ല. ” സിസ്റ്റർ ദയനീയമായി ആ പിതാവിനെ നോക്കി. എന്താണ് ഇന്ത്യയിൽ അമ്പരപ്പുണ്ടാക്കുന്ന കാര്യങ്ങൾ നടക്കുന്നത്. മനുഷ്യർ ജന്മമമെടുക്കുന്നത് ഇൗ ലോകത്തേ മുറിപ്പെടുത്താനാണോ? മണ്ണിൽ നിത്യവും പെരുകികൊണ്ടിരിക്കുന്നത് നിരപരാധികളേക്കാൾ അപരാധികളാണോ? സ്ത്രീകളോട് അപമര്യാദയായി, ക്രൂരമായി പെരുമാറാൻ ഇവർക്ക് എങ്ങനെ കഴിയുന്നു.? ഇവർക്ക് അമ്മ പെങ്ങൻന്മാരില്ലെ? ഇവരൊക്കെ സംസ്ക്കാരമില്ലാത്ത കാട്ടുമനുഷ്യരാണോ? സമൂഹത്തെ നയിക്കുന്ന ഭരണ സംവിധാനങ്ങൾ ഇത്രമാത്രം ദുർബലമാണോ? മനസ്സിൽ ധാരാളം ചോദ്യങ്ങൾ ഉയർന്നു.
കോശി മുരളിയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.
“”മുരളി ധൈര്യമായിരിക്ക്. നാട്ടുകാർ ഒപ്പമില്ലേ? ഇൗ കാട്ടാളൻന്മാരെ നമുക്ക് നേരിടാം”
മുരളി തൊഴുതുകൊണ്ട് മടങ്ങി. കോശിയോട് പറഞ്ഞിട്ട് സിസ്റ്ററും മുരളിക്കൊപ്പം നടന്നു. വീട്ടിലെത്തുന്നവരെ മുരളിക്കുവേണ്ടുന്ന ആത്മധൈര്യം സിസ്റ്റർ കൊടുത്തുകൊണ്ടിരുന്നു. വീട്ടിലെത്തിയ സിസ്റ്റർ കുളിച്ചതിനുശേഷം ഏലിയാമ്മയോട് പറഞ്ഞു.
“”ഞാൻ പ്രാർത്ഥിക്കാൻ കയറുകയാണ്. കുറച്ചു സമയത്തേക്ക്
ആരും വിളിക്കരുത് കെട്ടോ.”
സിസ്റ്റർ പ്രാർത്ഥന കഴിഞ്ഞെത്തിയിട്ട് ലാപ്ടോപ് തുറന്ന് അതിലെ മെയിലുകൾ വായിക്കുകയും ആവശ്യമായതിന് മറുപടി നല്കുകയും ചെയ്തു. ആ കൂട്ടത്തിൽ ജെസ്സീക്കയുടെ കത്തുമുണ്ടായിരുന്നു. അവൾക്ക് ഇന്ത്യയിലെ അഡ്രസ്സും മറ്റ് കാര്യങ്ങളും ഇന്ത്യയിലേക്ക് വരാനുള്ളതിന് വേണമായിരുന്നു. കോശിയുടെ വിലാസവും മറ്റുമാണ് കൊടുത്തത്. അവധിക്കാലം ചിലവിടാനാണ് ഇന്ത്യയിൽ വന്നതെങ്കിലും ഇവിടുത്തെ വേശ്യാ കേന്ദ്രങ്ങളെക്കുറിച്ച് നല്ല ബോധവതിയുമാണ്. പ്രമുഖ ഹോട്ടലുകൾ, റിസ്സോർട്ടുകൾ പാവപ്പെട്ട പെൺകുട്ടികൾ, വിദ്യാർത്ഥിനികളടക്കം മയക്കുമരുന്നിനടുമപ്പെടുത്തിയും പണം വിതറി വേശ്യാവൃത്തിക്ക് ഉപയോഗപ്പെടുത്തുന്നതറിയാം. കേരളത്തിലെ പ്രമുഖ ഹോട്ടലുകളുടെ പേരും വിവരങ്ങളും മുൻപ് തന്നെ ശേഖരിച്ചിരുന്നു. ഒരോരോ രാജ്യത്തുള്ള ഭരണാധിപൻന്മാരെ ഇൗമെയിൽ മുഖേനെ ഇതൊക്കെ അറിയിക്കാറുണ്ടെങ്കിലും അവരൊന്നും അത് ഗൗരവമായി എടുക്കാറില്ല. അതിലൂടെ സമൂഹത്തിലെ സമ്പന്നരുമായുള്ള ഇവരുടെ നിഗൂഡ രഹസ്യങ്ങൾ അറിയാം. ബോംബയിലെ വേശ്വകളുടെ എണ്ണം പെരുകുന്നുണ്ട്. അതിനാൽ യാത്രയുടെ അവസാനം ജസ്സീക്കയുമായി ബോംബയിൽ ബോധവൽക്കരണം നടത്തണം. ഹോട്ടലുകളിൽ മാത്രമല്ല വേശ്യാവൃത്തി പലവീടുകളിലും ഗുണ്ടകളുടെ സഹായത്തോടെ നടത്തുന്നുണ്ട്. സിസ്റ്റർ കമ്പ്യൂട്ടറിൽ ഉറ്റുനോക്കി വായിച്ചുകൊണ്ടിരുന്നു. ലോകത്ത് സാങ്കേതിക വിദ്യവളർന്നത് അന്യായങ്ങളും അസാന്മാർഗ്ഗികതയും വളർത്താനാണോയെന്ന് തോന്നി. ആരും ഗൗരവമായി കാണാത്ത ചിലന്തിപോലും വായുവിൽ പട്ടുമെത്തകൾ നെയ്തെടുക്കുമ്പോൾ മനുഷ്യൻ അവന്റെ തലച്ചോറ് വികസിപ്പിക്കേണ്ടത് നല്ലൊരു നെയ്ത്തുകാരാൻ ആകാനല്ലേ?
അന്ന് രാത്രി എല്ലാവരും സിസ്റ്റർക്കൊപ്പമിരുന്ന് പ്രാർത്ഥിച്ചു. പ്രാർത്ഥന കഴിഞ്ഞ് ഏവരും അത്താഴത്തിനിരുന്നു.ഹൃദ്യമായ കുടുംബ സംഗമം. സ്വന്തം രക്തങ്ങളോടൊപ്പമുള്ള സന്തോഷാനുഭവം.
ഏലിയാമ്മയുടെ കൈപ്പുണ്യത്തിലെ പാചകം. കുത്തിരിച്ചോറും കുടംപുളിയിട്ട് വറ്റിച്ചെയുത്ത അയിലക്കറി. കരിമീൻ പൊള്ളിച്ചത്. കൂടാതെ കൊഴിക്കറിയും, വെണ്ടക്കാ മെഴുക്കുപുരട്ടിയും സാമ്പാറും തുടങ്ങിയവ.
“”ഏലീയാമ്മേ! ഇത്രയുമൊക്കെ വേണമായിരുന്നോ? നീയെന്നെ തടിച്ചിയാക്കിയേ പറഞ്ഞയക്കും എന്നുണ്ടോ? വാ…..നീയുമിരിക്ക്”
“”വേണ്ട സിസ്റ്ററെ ! ഞാൻ വിളമ്പിത്തരാം……..” ഏലീയാമ്മ ഭവ്യതയോടെ പറഞ്ഞു.
“”നീയിരിക്ക് പെണ്ണെ! ഒാ….പിന്നെ….എല്ലാർക്കും
എല്ലാമെടുക്കാൻ കൈയ്യില്ലേ? നീ ഇരിക്ക്. ഇതൊക്കെ വീടുകളിലെ പഴയ ഒരാചാരമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ആരും ആർക്കും വിളമ്പിക്കൊടുക്കാറില്ല. എല്ലാവരും ഒന്നിച്ചിരുന്നാണ് കഴിക്കുന്നത്. നീ വാ….”
സിസ്റ്റർ കാർമേലിന്റെ വരുത്തിതീർത്ത ശുണ്ഠി കണ്ടപ്പോൾ കോശി ചിരിച്ചുപോയി.
“” അങ്ങനെ പറഞ്ഞുകൊടുക്കാന്റി. ഇൗ മമ്മി എപ്പോഴും ഇങ്ങനെയാ. ഒപ്പം ഇരുന്ന് കഴിക്കില്ല. ഉന്നത ഉദ്യോഗസ്ഥ എന്നോക്കെ പറഞ്ഞിട്ട് എന്ത് കാര്യം. കാലം മാറിയതുകൂടി അറിയേണ്ടതല്ലേ?” ഷാരോൺ കോശിയെ നോക്കി പുഞ്ചിരിച്ചു.
അങ്ങനെ തന്നെ വേണം. വഴക്ക് പറയാൻ സ്വന്തം സഹോദരിയെ തന്നെ കിട്ടിയെല്ലോയെന്ന് ആശ്വാസഭാവം കോശിക്ക്. മടിച്ചുമടിച്ച് ഒരു നവോഡയെപ്പോലെ ഏലിയാമ്മയും ഇരുന്നു. സന്തോഷവും തൃപ്തി നിറഞ്ഞ മനോസാഫല്യത്തോടെ സിസ്റ്റർ കാർമേൽ പ്രതിവചിച്ചു.
“”കോശി! നീ ഭാഗ്യവാൻ തന്നെയാണെടാ….. നീ…നിന്റെ കുടുംബം…സന്തുഷ്ടകുടംബം….. (നിറഞ്ഞ മിഴികളോടെ) ഇൗ പെങ്ങൾക്ക് തൃപ്തിയായെടാ….” “”ഹാ! എന്താ പെങ്ങളെ ഇത്. കഴിക്ക്….എടുത്ത് കഴിക്ക്… ഏലീയാമ്മേ ആ കരിമീൻ കൊടടീ….” കോശി തുടർന്നു.””ങ്ഹാ! പെങ്ങളെ ! വല്ലയിടത്തും പോണേങ്കില് പറയണം കേട്ടോ. ഞാൻ കൊണ്ടുപോകാം…” “”വേണ്ട കോശി. അതോക്കെ ഞാനും എന്റെ സുന്ദരിക്കുട്ടിം കൂടി നോക്കികൊള്ളാം. ആദ്യം ഇൗ സുന്ദരമായ താമരക്കുളം ഒന്നു കാണട്ടെ. ങ്ഹാ! ഒന്ന് തിരുവനന്തപുരം വരെ പോയി
മുഖ്യമന്ത്രിയെ കാണേണ്ടതുണ്ട്.” “” ഞാൻ വരാം പെങ്ങളെ” കോശി ഉത്സാഹത്തോടെ പറഞ്ഞു. “”വേണ്ട കോശി നീ നിന്റെ ജോലി നോക്കിക്കോ. നിന്റെ തിരക്ക് ഞാൻ കണ്ടതല്ലേ? കോടതിയും പാടോം.. രണ്ടുംകൊള്ളാം.” “” അതൊക്കെ അങ്ങനെ കെടക്കും പെങ്ങളെ. ഞങ്ങൾക്ക് പെങ്ങളെ ഇപ്പോഴല്ലെ കിട്ടിയത്. നമുക്കെല്ലാർക്കും ഒരുമിച്ച് യാത്രപോകാം.” കോശി വല്ലാത്തസന്തോഷം കാട്ടി. “” പോകാം കോശി നിന്റെ ജോലി പവിത്രത ഉണ്ടായിരിക്കേണ്ട ഒരു ജോലിയാണ്. വേഷം കറുത്തതാണെങ്കിലും ഉള്ളം വെളുത്തതാവണം. അത് എല്ലാവരിലുമില്ല. ങ്ഹാ! നിന്നെപ്പോലുള്ളവരിലൊക്കെ അതുണ്ടാകും. നീതി നിഷേധിച്ചവന് അതുണ്ടാക്കി കൊടുക്കുന്നതും ഒരു പുണ്യമാണ്.” “”അതിൽ ഒരല്പം പുളിരസം പോലെ നുണയും ചേരും ആന്റി” “”അതു പിന്നെ നുണപറയാൻ ലോകം അധികാരം നല്കിയത് ഇവർക്കല്ലേ?(അവർ ഒന്നായി ചിരിച്ചു.) ഹൃദ്യമായ ഒരു കൂടിച്ചേരൽ. അത്താഴം കഴിഞ്ഞു.
തുടർന്നുള്ള ദിവസങ്ങളിൽ പച്ചപ്പുകൾ കരിഞ്ഞുണങ്ങാത്ത ആ ഗ്രാമത്തിന്റെ അകവും പുറവും ഷാരോണുമായി സിസ്റ്റർ കാർമേൽ ചുറ്റി കണ്ടു. ചാരുംമൂട് ഒരു കൊച്ചു നഗരം പോലെ തോന്നി.