ലണ്ടന്‍: ഹാക്കിംഗിനെക്കുറിച്ച് കേള്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇന്റര്‍നെറ്റ് യുഗത്തില്‍ ഹാക്കിംഗ് ഒരു പ്രധാനപ്പെട്ട ഭീഷണിയായി ഓരോരുത്തരെയും പിന്തുടരുന്നുണ്ട്. ബാങ്കുകള്‍, മെയില്‍ അകൗണ്ടുകള്‍, ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്‌സാപ്പ് പോലെയുള്ള സോഷ്യല്‍ മീഡിയകളില്‍ ഹാക്കിംഗ് ഒരു നിത്യ സംഭവമാണ്. സാദ്രശ്യം തോന്നുന്ന പേജുകള്‍ നിര്‍മ്മിച്ച് അത് അയച്ചുകൊടുത്ത് ഉപഭോക്താക്കളെ കെണിയിലാക്കുന്ന പരിപാടിയാണ് ഫിഷിങ്ങ്(phishing).ഒരു ഉപഭോക്താവിന്റെ സെഷന്‍ കൃത്രിമമായി നിര്‍മ്മിച്ച് അതുപയോഗിച്ച് അവന്റെ അക്കൗണ്ടില്‍ നുഴഞ്ഞുകയറുന്ന രീതിയും വ്യാപകമാണ്. എന്നാല്‍ ഹാക്കര്‍മാരുടെ പുതിയ രീതികള്‍ മറ്റു പലതുമാണ്. സ്മാര്‍ട്ട് കോഫി മെഷീന്‍ മുതല്‍ വീട്ടില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ടി.വിയിലൂടെയും ഒക്കെ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുള്ളതായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്റര്‍നെറ്റ് സെക്യൂരിറ്റി സോഫ്റ്റ് വെയറായ അവാസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് വിന്‍സ് സ്റ്റാക്ക്‌ലറും ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. വാട്‌സാപ്പ് ഉപയോഗിക്കുന്നവരുടെ വ്യക്തി വിവരങ്ങള്‍ ചോരാന്‍ സാധ്യതകളേറെയാണെന്ന് അദ്ദേഹം മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. നേരത്തെ വാട്‌സാപ്പിന് സുരക്ഷാ പിഴവ് സംഭവിച്ചതായി കമ്പനി തന്നെ നേരിട്ട് സമ്മതിച്ചിരുന്നു. ഇന്ന് ഹാക്കര്‍മാര്‍ രണ്ട് തരമാണ്, കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളെ ആക്രമിച്ച് രേഖകള്‍ മോഷ്ടിക്കുന്ന ബ്ലാക്ക് ഹാറ്റ്സ് അഥവാ ക്രാക്കേഴ്സ്, മറ്റൊന്ന് വൈറ്റ് ഹാറ്റ്സ് അഥവാ ഹാക്കേഴ്സ്. വൈറ്റ് ഹാറ്റ്സ് എന്ന ഹാക്കിങ് സമൂഹം നിയമവിധേയമായ ഹാക്കിങ് നടത്തുന്നവരാണ്. നെറ്റ്വര്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് കമ്പനികള്‍ നിയമിക്കുന്ന ഹാക്കര്‍മാരാണിവര്‍.

സ്മാര്‍ട്ട് ഗൃഹോപകരണങ്ങളുടെ എണ്ണം കൂടിവരുന്ന ഈ കാലഘട്ടത്തില്‍ ബ്ലാക്ക് ഹാറ്റ്സ് അഥവാ ക്രാക്കേഴ്സിന് കൂടുതല്‍ അനുകൂല സാഹചര്യമാണ് ഒരുക്കി നല്‍കുന്നത്. കോഫി മെഷീന്‍ ഹാക്ക് ചെയ്ത് കഴിഞ്ഞാല്‍ അത് കണക്ട് ചെയ്തിരിക്കുന്ന എല്ലാ ഡിവൈസിലേക്കും ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞു കയറാന്‍ കഴിയും. അത്തരത്തിലുള്ള സുരക്ഷയെക്കുറിച്ച് ഉപഭോക്താവ് ബോധവാനല്ലെന്നതാണ് ഹാക്കര്‍മാര്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്നതും.