ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന മുന്നറയിപ്പിനെത്തുടര്‍ന്ന് അതീവ ജാഗ്രത. ഗുജറാത്ത് തീരത്ത് പാക്കിസ്ഥാന്‍ ബോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി കരസേന അറിയിച്ചു. ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസഹ്റിനെ പാക്കിസ്ഥാന്‍ ജയില്‍ മോചിതനാക്കിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് സൈന്യത്തിന്‍റെ മുന്നറിയിപ്പ്. അതിനിടെ, എട്ട് ലഷ്ക്കറെ തയിബ ഭീകരര്‍ ജമ്മു കശ്മീരിലെ സോപോറില്‍ പിടിയിലായി. നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ മാതൃകയില്‍ കടല്‍ കടന്ന് ഭീകരര്‍ എത്തിയുള്ള ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിവരം. ദക്ഷിണേന്ത്യയിലും ജമ്മുമേഖലയിലുമാണ് ആക്രമണ സാധ്യതയുള്ളത്. ഗുജറാത്തിലെ സര്‍ ക്രീക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയതായി കരസേന ദക്ഷിണ മേഖല കമാന്‍ഡിങ് ചീഫ്‌ അറിയിച്ചു.

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനോടുള്ള പ്രതികാരമായി പാക്കിസ്ഥാന്‍ വന്‍നീക്കങ്ങള്‍ക്ക് തയ്യാറെടുക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഇതിനിടെയാണ് പുല്‍വാമ ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരനായ മസൂദ് അസഹ്റിനെ പാക്കിസ്ഥാന്‍ ജയില്‍ മോചിതനാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പാകിസ്ഥാന്‍റെ നടപടിയെന്നാണ് സംശയം. ജമ്മു–സിയാല്‍കോട്ട്, രാജസ്ഥാന്‍ അതിര്‍ത്തികളിലെ പാകിസ്ഥാന്‍റെ അധിക സൈനിക വിന്യാസം ജാഗ്രതയോടെ കാണണമെന്നും ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. ഒാഗസ്റ്റ് ആദ്യവാരം കുപ്‍വാരയിലെ കെരന്‍ മേഖലയില്‍ നുഴഞ്ഞകയറ്റത്തിന് പാക് സൈന്യവും ഭീകരരും നടത്തിയ ശ്രം തകര്‍ത്തതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പാക്കിസ്ഥാന്‍ തയ്യാറായിട്ടില്ല.