സ്വന്തം ലേഖകൻ

പേയ്‌മെന്റുകൾ സുരക്ഷിതമാക്കുന്നതിന് വേണ്ടി ബ്ലോക്ക്‌ചെയിൻ അടിസ്ഥാനമാക്കിയുള്ള വജ്ര പ്ലാറ്റ്ഫോം ആരംഭിച്ചു. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ സുരക്ഷാ സവിശേഷതകളിൽ ആകൃഷ്ടരായ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് പ്ലാറ്റ്ഫോം ‘വജ്ര’ ആരംഭിച്ചത്. വിവിധ പേയ്‌മെന്റ് കമ്പനികൾക്ക് അവരുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലോ മൊബൈൽ ആപ്ലിക്കേഷനുകളിലോ സുരക്ഷിത ഇടപാടുകൾ നടത്തുന്നതിന് വജ്ര പ്ലാറ്റ്ഫോം ആക്സസ് ചെയ്യാൻ കഴിയുമെന്ന് എൻ‌പി‌സി‌ഐ അഭിപ്രായപ്പെട്ടു. ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (ഡിഎൽടി) അടിസ്ഥാനമാക്കിയാണ് വജ്ര പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള ഈ സാങ്കേതികവിദ്യ ആധാർ പ്രാമാണീകരണത്തിനും സഹായകരമാകും.

ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (ഡി‌എൽ‌ടി) അടിസ്ഥാനമാക്കി ആരംഭിച്ച ഈയൊരു പ്ലാറ്റ്ഫോം എൻ‌പി‌സി‌ഐ ഉൽ‌പ്പന്നങ്ങളുടെ പേയ്‌മെന്റ് ക്ലിയറിംഗും സെറ്റിൽമെന്റ് പ്രക്രിയകളും ഓട്ടോമേറ്റ് ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഡി‌എൽ‌ടി പ്ലാറ്റ്ഫോം നൽകുന്ന സുതാര്യത, പരാതികൾ എളുപ്പത്തിൽ കണ്ടെത്താനും പരിഹരിക്കാനും സഹായിക്കുന്നു. പേയ്‌മെന്റുകൾ സുരക്ഷിതമാക്കുന്നതിനൊപ്പം, ആധാർ പ്രാമാണീകരണം സുഗമമാക്കുന്നതിന് യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയെ (യുഐ‌ഡി‌ഐ‌ഐ) ഈ ബ്ലോക്ക്ചെയിൻ അധിഷ്ഠിത സാങ്കേതികവിദ്യ സഹായിക്കുകയും ചെയ്യും.

ഇടപാടുകൾക്കായി ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഡിജിറ്റൽ പണത്തിന്റെ ഒരു രൂപമായ ക്രിപ്റ്റോകറൻസിയുടെ ഉപയോഗത്തിനെതിരെ സർക്കാർ നിലകൊള്ളുന്നു. എന്നാൽ ഇന്ത്യയിൽ സ്വന്തം ഡിജിറ്റൽ കറൻസി വികസിപ്പിക്കാൻ റിസർവ് ബാങ്ക് (ആർബിഐ) താൽപര്യം പ്രകടിപ്പിച്ചിരുന്നു . രാജ്യത്ത് ഒരു പരമാധികാര ഡിജിറ്റൽ കറൻസി വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അത് ഉചിതമായ രീതിയിൽ പുറത്തിറക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചിരുന്നു.