പ്രവാസി മലയാളികള്‍ക്കായി പ്രവര്‍ത്തനം ആരംഭിച്ച എന്‍ആര്‍ഐ കമ്മീഷന്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. കമ്മീഷന്‍ പ്രവര്‍ത്തിക്കേണ്ടുന്നതിനാവശ്യമായ അംഗങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണിത്. ഈ മാസം 12 വരെയെ കമ്മീഷന്‍ പ്രവര്‍ത്തിക്കൂ എന്നാണ് സൂചന.

കമ്മീഷന്‍ ചെയര്‍മാന് മൂന്നു മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്. ഹൈക്കോടതി നിര്‍ദേശം ഉണ്ടായിട്ടും കമ്മീഷന് ആവശ്യമായ ഓഫീസും, ജീവനക്കാരെയും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് എന്‍ ആര്‍ ഐ കമ്മീഷന്‍ രൂപീകരിച്ചത്. റിട്ടയേര്‍ഡ് ജസ്റ്റിറ്റ്സ് പി ഭവദാസന്‍ ഉള്‍പ്പടെ, നാലു പേര്‍ അംഗങ്ങളായിട്ടാണ് കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്രവാസി യുവ വ്യവസായിയും യുഎഇയിലെ ഡോക്ടറുമായ ഷംഷീര്‍ വയലില്‍, ബഹ്റൈനിലെ മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, പ്രവാസി വെല്‍ഫെയര്‍ ഫണ്ട് മുന്‍ ചെയര്‍മാന്‍ അഡ്വ. പി എം എ സലാം, മുന്‍ പ്രവാസി കെ ഭഗവത് സിങ് എന്നിവരായിരുന്നു മറ്റു അംഗങ്ങള്‍. ഇതില്‍, സോമന്‍ ബേബിയും ഭഗവത് സിങ്ങും, തുടക്കത്തിലെ പ്രായം സംബന്ധിച്ച മാനദണ്ഡങ്ങളാല്‍, അയോഗ്യരായി.

എന്നാല്‍, കമ്മീഷന്‍ അംഗങ്ങളുടെ വയസിന്റെ പരിധി 65 എന്ന മാനദണ്ഡ പ്രകാരം, ഈ മാസം 12 ന് അഡ്വ. പി എം എ സലാമിനും ഈ നിയമം ബാധകമാകും. ഇതോടെ, എന്‍ ആര്‍ ഐ കമ്മീഷനില്‍ ആകെ രണ്ടു പേര്‍ മാത്രമായി ചുരുങ്ങും. ഇതുവഴി കമ്മീഷന് ഇനി യോഗം ചേരാന്‍ ആവശ്യമായ ക്വാറം തികയില്ല. ഇതോടെ, ഈ മാസം 12 മുതല്‍ എന്‍ ആര്‍ ഐ കമ്മീഷന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കേണ്ട അവസ്ഥയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ്, ദുബായിലെത്തി, നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, കമ്മീഷന് ആവശ്യമായ സൌകര്യങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

കമ്മീഷന് ആവശ്യമായ ഓഫീസ് , ജീവനക്കാര്‍ ഉള്‍പ്പടെയുള്ള എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരു മാസത്തിനകം നല്‍കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശം വന്ന് ഏഴ് മാസം തികഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ ഈ ഉത്തരവ് ഇനിയും നടപ്പാക്കിയില്ല. കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ എറണാകുളത്തെ തന്റെ വീട്ടിലാണ് ഇടയ്ക്ക് യോഗം ചേര്‍ന്നതെന്നും മാര്‍ച്ച് മാസം മുതല്‍ ഇതുവരെയായി ശമ്പളം പോലും ലഭിച്ചിട്ടില്ലെന്നും റിട്ട. ജസ്റ്റിസ് പി ഭവദാസന്‍ പറഞ്ഞു.