ബ്രിട്ടൺ : സൺ മാർക്ക്‌ കമ്പനി ലിമിറ്റഡിന്റെ ഉടമ, ഇന്ത്യൻ വംശജനായ രമിന്തർ സിംഗ് റേഞ്ചറെ ബ്രിട്ടൻ പാർലമെന്റിലെ ഹൗസ് ഓഫ് ലോർഡിസിലേക്കു നോമിനേറ്റ് ചെയ്തു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് നോമിനേറ്റ് ചെയ്തത്. ബിസിനസ് രംഗത്തും, ബ്രിട്ടൻ ജനതയ്ക്കും, അതോടൊപ്പം കൺസർവേറ്റീവ് പാർട്ടിക്കും അദ്ദേഹം ചെയ്ത സേവനങ്ങളെ മാനിച്ചാണ് ഈ ബഹുമതി.

ബ്രിട്ടൺ മുൻ പ്രധാനമന്ത്രി തെരേസ മേ അവരുടെ രാജിക്കത്തിൽ രമിന്തറിന്റെ പേര് ശുപാർശ ചെയ്തിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ഗുജ്റൻവാല എന്ന പ്രദേശത്താണ് അദ്ദേഹം ജനിച്ചത്. ഇന്ന് ഈ സ്ഥലം പാകിസ്ഥാനിൽ ഉൾപ്പെടുന്നു. പാർട്ടീഷന്റെ സമയത്ത് പഞ്ചാബ് സംസ്ഥാനത്തെ പട്ട്യാല നഗരത്തിലേക്ക് രമിന്തറിന്റെ കുടുംബം മാറി താമസിച്ചു. അതിനാൽ ഇന്ത്യയിലും പാക്കിസ്ഥാനിലും വേരുകളുള്ള വ്യക്തിയാണ് രമിന്തർ.

 

ഇന്ത്യയും,പാകിസ്ഥാനും, ബ്രിട്ടനും തമ്മിൽ ഒരു സൗഹൃദം രൂപപ്പെടുത്തുവാൻ താൻ പരമാവധി ശ്രമിക്കുമെന്ന് രമീന്തർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബ്രിട്ടനിൽ ഇന്ന് നിലനിൽക്കുന്ന പല കമ്മ്യൂണിറ്റികളും തമ്മിൽ സൗഹൃദ ബന്ധം സ്ഥാപിക്കുവാൻ ശ്രമിക്കുമെന്നും അദ്ദേഹം ഇന്ത്യൻ പ്രസ് ട്രസ്റ്റിന് നൽകിയ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

ചണ്ഡീഗഡ് ഗവൺമെന്റ് കോളേജിൽ നിന്നും ബി എ ബിരുദം നേടിയ ശേഷം, യുകെയിലെത്തി രമിന്തർ നിയമബിരുദം നേടി. വെറും രണ്ട് പൗണ്ട് കൊണ്ട് മാത്രമാണ്‌ അദ്ദേഹം തന്റെ ബിസിനസ് ജീവിതം ആരംഭിച്ചത്. ഇന്ന് സൺ മാർക്ക് ലിമിറ്റഡ് എന്ന കമ്പനിയുടെ ചെയർമാൻ പദവിയിൽ ആണ് അദ്ദേഹം. ബ്രിട്ടീഷ് സിഖ് അസോസിയേഷന്റെ ചെയർമാൻ കൂടിയാണ് അദ്ദേഹം.

കൺസർവേറ്റീവ് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഏകദേശം ഒരു മില്യൻ പൗണ്ടോളം അദ്ദേഹം സംഭാവന നൽകിയിരുന്നു. കൺസർവേറ്റീവ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ ജോയിന്റ് ചെയർമാനായി 2008-ൽ അദ്ദേഹം നിയമിതനായിരുന്നു. അദ്ദേഹത്തിന്റെ വിവിധ സേവനങ്ങൾക്കായി ആണ് ഈ ബഹുമതി ബ്രിട്ടീഷ് ഗവൺമെന്റ് നൽകിയിരിക്കുന്നത്.