ലണ്ടന്‍: ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഫസ്റ്റ്ക്ലാസ് ഡിഗ്രി കരസ്ഥമാക്കി പുറത്തിറങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന. വിദ്യാര്‍ത്ഥികളില്‍ നാലിലൊരാള്‍ വീതം ഉയര്‍ന്ന ഓണേഴ്‌സ് ബിരുദങ്ങള്‍ കരസ്ഥമാക്കുന്നുണ്ട്. രാജ്യത്തെ മൂന്നിലൊന്ന് സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥികള്‍ ഉന്നത ഗ്രേഡുകള്‍ നേടുന്നുണ്ട്. 2010 മുതല്‍ ട്യൂഷന്‍ ഫീസ് 9250 പൗണ്ട് ആയി വര്‍ദ്ധിപ്പിച്ചിട്ടും ഇതാണ് അവസ്ഥയെന്നാണ് പ്രസ് അസോസിയേഷന്‍ നടത്തിയ വിശകലനത്തില്‍ വ്യക്തമാകുന്നത്. ഗ്രേഡ് ഇന്‍ഫ്‌ളേഷന്‍ സംബന്ധിച്ചുള്ള സംവാദത്തിനും ഈ വിശകലനം തുടക്കമിട്ടിട്ടുണ്ട്.

ഗ്രേഡ് നിര്‍ണ്ണയ രീതികളില്‍ പുനഃപരിശോധന വേണമെന്ന ആവശ്യവും ഇതേത്തുടര്‍ന്ന് ഉയരുന്നുണ്ട്. നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന രീതിയാണ് ബ്രിട്ടീഷ് സര്‍വകലാശാലകള്‍ മിക്കവയും ഇപ്പോളും പിന്തുടരുന്നത്. പ്രവേശനത്തില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്നതിനാല്‍ മികച്ച വിദ്യാര്‍ത്ഥികളെ മാത്രം ലഭിക്കുന്നതും പഠന വിഭാഗങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതുമായിരിക്കാം കാരണങ്ങളൊന്നും എന്നാല്‍ ചില കാര്യങ്ങളില്‍ ഈ വര്‍ദ്ധനവ് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഹയര്‍ എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിയൂട്ട് ഡയറക്ടര്‍ നിക്ക് ഹില്‍മാന്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി ലീഗ് ടേബിളുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തുടങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉദാരമായി ഗ്രേഡുകള്‍ നല്‍കാന്‍ തുടങ്ങിയതും ഇതിന് കാരണമായിരിക്കാമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ്‌റ്റേണല്‍ എക്‌സാമിനര്‍മാരെ പുറത്തുനിന്ന് കൊണ്ടുവരുന്ന രീതിയും കുറ്റമറ്റതല്ലെന്ന അഭിപ്രായവും അദ്ദേഹം രേഖപ്പെടുത്തി.