ലണ്ടന്‍: എന്‍എച്ച്എസ് നഴ്‌സുമാരുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 2013ന് ശേഷം ആദ്യമായാണ് ഇത്രയും ഭീമമായ തോതില്‍ നഴ്‌സുമാരുടെ എണ്ണം കുറയുന്നത്. യൂറോപ്യന്‍ ജീവനക്കാര്‍ ജോലിയുപേക്ഷിക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം നഴ്‌സുമാരായി രജിസ്റ്റര്‍ ചെയ്യുന്ന യൂറോപ്യന്‍ പൗരത്വമുള്ളവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും ഔദ്യോഗിക രേഖകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം സമ്മറിലുണ്ടായിരുന്നതിനേക്കാള്‍ കുറവാണ് ഈ വര്‍ഷം സമ്മറില്‍ ഉണ്ടായിരുന്ന നഴ്‌സുമാരുടെ എണ്ണമെന്ന് കിംഗ്‌സ് ഫണ്ട് വിശകലനം വ്യക്തമാക്കുന്നു.

2017 ജൂണില്‍ 316,725 നഴ്‌സുമാരാണ് എന്‍എച്ച്എസില്‍ സേവനം അമനുഷ്ഠിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 703 പേര്‍ കുറവാണ് ഈ കണക്കെടുപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യന്‍ ജീവനക്കാര്‍ വിട്ടുപോകുന്നതും ജോലിക്കായി രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാത്തതും മാത്രമല്ല, ഭാഷാ ജ്ഞാനം പരിശോധിക്കുന്ന ഐഇഎല്‍ടിഎസ് പരീക്ഷ കൂടുതല്‍ കഠിനമാക്കിയതും നഴ്‌സുമാരുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ട്.

അനാരോഗ്യം മൂലം ജോലിയുപേക്ഷിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കിംഗ്‌സ് ഫണ്ട് റിപ്പോര്‍ട്ട് പറയുന്നു. ജോലിസമയവും സ്വകാര്യ ജീവിതവുമായുള്ള അന്തരം കുറഞ്ഞതിനാല്‍ ജീവനക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദമേറുന്നതാണ് ഇതിനു കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ പ്രവണത വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്.