യുകെയില്‍ സീറോ-അവേഴ്‌സ് കോണ്‍ട്രാക്ടില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; സ്ഥിരതയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ തെരേസ മെയ് സര്‍ക്കാര്‍ പരാജയമെന്ന് വിമര്‍ശനം

യുകെയില്‍ സീറോ-അവേഴ്‌സ് കോണ്‍ട്രാക്ടില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; സ്ഥിരതയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ തെരേസ മെയ് സര്‍ക്കാര്‍ പരാജയമെന്ന് വിമര്‍ശനം
April 24 04:49 2018 Print This Article

യുകെയില്‍ സീറോ-അവേഴ്‌സ് കോണ്‍ട്രാക്ടില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷത്തേക്കാളും 100,000ത്തിലേറെ കൂടുതല്‍ ആളുകളാണ് സീറോ-അവര്‍ കോണ്‍ട്രാക്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. നിശ്ചിത മണിക്കൂറുകള്‍ തൊഴില്‍ നല്‍കുമെന്ന ഗ്യാരണ്ടി നല്‍കാത്ത തൊഴില്‍ കരാറിനെയാണ് സീറോ-അവര്‍ കോണ്‍ട്രാക്ടുകളെന്ന് വിളിക്കുന്നത്. തൊഴില്‍ സുരക്ഷയും ഇതര ആനുകൂല്യങ്ങളും ഇത്തരം കരാറുകള്‍ക്ക് ബാധകമാവുകയില്ല. തൊഴില്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്ന ഘട്ടത്തിലാണ് ഇത്തരം കോണ്‍ട്രാക്ടുകളില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാവുക.

2015ലായിരുന്നു ഏറ്റവും കൂടുതല്‍ പേര്‍ സീറോ-അവേഴ്‌സ് കോണ്‍ട്രാക്ടുകളില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ 2016ല്‍ കോണ്‍ട്രാക്ടുകളുടെ എണ്ണത്തില്‍ കാര്യമായി കുറവുണ്ടായി. 2015 മെയില്‍ 2.1മില്യണായിരുന്ന കോണ്‍ട്രാക്ടുകളുടെ എണ്ണം 2016ല്‍ 1.7 മില്യണിലേക്ക് താഴ്ന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ട്രാക്ടുകളുടെ എണ്ണം 1.8 മില്യണിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. ജനങ്ങള്‍ക്ക് തൊഴില്‍ സുരക്ഷ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. കോണ്‍ട്രാക്ടില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ഷിഫ്റ്റുകളില്‍ മാറ്റം വരുത്തുന്നതിന് നിലനില്‍ക്കുന്ന യാതൊരു നടപടി ക്രമങ്ങളും പാലിക്കേണ്ടി വരില്ല. കമ്പനിയുടെ പെട്ടന്നുള്ള തീരുമാനത്തെ തൊഴിലാളികള്‍ അനുസരിക്കേണ്ടി വരുമെന്നും യൂണിയന്‍ നേതാക്കള്‍ പറയുന്നു.

സീറോ-അവര്‍ കോണ്‍ട്രാക്ടുകളുടെ എണ്ണത്തില്‍ കുറവ് വരുത്തേണ്ടത് അനിവാര്യമായ ഒന്നാണ്. പക്ഷേ കോണ്‍ട്രാക്ടുകള്‍ സമീപകാലത്ത് വര്‍ദ്ധിച്ചുവരികയാണെന്നുള്ള സത്യം നാം മനസിലാക്കേണ്ടതുണ്ടെന്ന് ട്രേഡ് യൂണിയന്‍ ജിഎംബി ജനറല്‍ സെക്രട്ടറി ടിം റോച്ചെ പറഞ്ഞു. തൊഴില്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതില്‍ തെരേസ മെയ് സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്നതാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. സമീപകാലങ്ങളെക്കാളും സീറോ-അവര്‍ കോണ്‍ട്രാക്ടുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും ഈ പ്രക്രിയ തുടരാനാണ് സാധ്യതയെന്നുമാണ് സാമ്പത്തിക നിരീക്ഷകരുടെ അഭിപ്രായം. സീറോ-അവര്‍ കോണ്‍ട്രാക്ടില്‍ ജോലി ചെയ്യുന്ന പകുതിയോളം തൊഴിലാളികളുടെ ഷിഫ്റ്റുകളില്‍ മാറ്റം വരുത്തുന്നതിനും നിര്‍ത്തലാക്കുന്നതിനും അറിയിപ്പുകള്‍ക്ക് 24 മണിക്കൂറിന്റെ സാവകാശം പോലും ലഭിക്കാറില്ലെന്ന് ടിയുസി നടത്തിയ സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles