കന്യാസ്ത്രീകളുടെ പ്രതിഷേധത്തെ ഒതുക്കിയില്ലെങ്കിൽ ഈ പ്രവണത ആവർത്തിക്കുമെന്ന് ആശങ്ക. തെറ്റും ശരിയുമൊന്നും ഇനിയില്ല. നിലനില്പു തന്നെ പ്രധാനം. സഭാ നേതൃത്വത്തിന്റെ വിശ്വാസ്യത ഇനിയും ചോദ്യം ചെയ്യപ്പെടാതിരിക്കാൻ ബിഷപ്പ് ഫ്രാങ്കോയ്ക്കായി ഒരുക്കുന്നത് വൻ നിയമയുദ്ധം. സോഷ്യൽ മീഡിയയിൽ വാഗ്വാദങ്ങളും പുറത്താക്കലും തുടരുന്നു.

കന്യാസ്ത്രീകളുടെ പ്രതിഷേധത്തെ ഒതുക്കിയില്ലെങ്കിൽ ഈ പ്രവണത ആവർത്തിക്കുമെന്ന് ആശങ്ക. തെറ്റും ശരിയുമൊന്നും ഇനിയില്ല. നിലനില്പു തന്നെ പ്രധാനം. സഭാ നേതൃത്വത്തിന്റെ വിശ്വാസ്യത ഇനിയും ചോദ്യം ചെയ്യപ്പെടാതിരിക്കാൻ ബിഷപ്പ് ഫ്രാങ്കോയ്ക്കായി ഒരുക്കുന്നത് വൻ നിയമയുദ്ധം. സോഷ്യൽ മീഡിയയിൽ വാഗ്വാദങ്ങളും പുറത്താക്കലും തുടരുന്നു.
September 18 06:30 2018 Print This Article

സഭയെയും വിശ്വാസങ്ങളെയും എന്തു വില കൊടുത്തും സംരക്ഷിക്കുമെന്ന് വിശ്വാസ സമൂഹം ഒന്നടങ്കം പ്രഖ്യാപിക്കുന്നതിനിടയിൽ, സഭയിലെ അനാരോഗ്യ പ്രവണതകൾ പൊതുസമൂഹത്തിൽ വൻ ചർച്ചയാകുന്നതിൽ നേതൃത്വത്തിന് അമർഷം. അന്താരാഷ്ട്ര തലത്തിൽ തന്നെ വാർത്തയായ ബിഷപ്പ് ഫ്രാങ്കോ ഉൾപ്പെട്ട പീഡനാരോപണത്തിൽ തെറ്റോ ശരിയോ അന്വേഷിക്കാൻ സഭയുടെ നേതൃത്വത്തിന് സമയമില്ല. നിലവിൽ സഭയിൽ ഉണ്ടായ പ്രവണതകൾ മുളയിലേ നുള്ളണമെന്ന ദൃഡ നിശ്ചയത്തിലാണ് നേതൃത്വം എന്ന പ്രതീതി ജനിപ്പിക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഞ്ചു കന്യാസ്ത്രീകൾ എറണാകുളത്ത് നടത്തുന്ന സമരത്തിന് ലഭിച്ചിരിക്കുന്ന പിന്തുണ വിവിധ സഭാ കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. നേരിട്ടും അല്ലാതെയും ജനങ്ങൾ പിന്തുണ അറിയിക്കുമ്പോൾ സോഷ്യൽ മീഡിയയും പ്രതിഷേധാഗ്നി ആളിക്കത്തിക്കുന്നു.

ജസ്റ്റീസ് കമാൽ പാഷയും പി.ടി തോമസ് എം.എൽ.എയും ബാലചന്ദ്രൻ ചുള്ളിക്കാടും ഫാ.പോൾ തേലക്കാട്ടുമടക്കമുള്ള പ്രമുഖർ സമരപന്തലിൽ പിന്തുണയുമായെത്തിയിരുന്നു. എറണാകുളം രൂപതയിൽപ്പെട്ട വൈദികരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വേദിയിലെത്തി. പത്തു ദിവസം പിന്നിട്ട സമരത്തിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ ഒത്തുചേർന്ന് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. പ്രവാസി സമൂഹങ്ങളിലും സമ്മിശ്ര പ്രതികരണമാണുള്ളത്.

അതിദീർഘമായ പ്രവർത്തന പാരമ്പര്യമുള്ള സഭയിൽ ഇത്തരത്തിലുള്ള ഒരു പ്രതിസന്ധി അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ല. പുതിയ സംഭവ വികാസങ്ങളിൽ ഭൂരിപക്ഷം വിശ്വാസികളും ദുഃഖിതരാണ്. സത്യം പുറത്തുവരണമെന്ന് അവർ ആഗ്രഹിക്കുന്നു. ആരോപണം ഉയർന്നപ്പോൾ തന്നെ ബിഷപ്പ് സ്ഥാനത്തു നിന്ന് കുറ്റാരോപിതനെ മാറ്റി നിർത്തിയിരുന്നെങ്കിൽ പ്രശ്നങ്ങൾ ഇത്രയും വഷളാവില്ലായിരുന്നു എന്ന അഭിപ്രായക്കാരാണ് മിക്കവരും. സഭയിൽ ഉണ്ടായ ഇടർച്ച സഭയുടെ തകർച്ച ആഗ്രഹിക്കുന്നവർ മുതലെടുക്കുന്നത് കൈയും കെട്ടി നോക്കി നിൽക്കാനേ അവർക്കാകുന്നുള്ളൂ.

കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തെ അംഗീകരിക്കാൻ കെസിബിസി തയ്യാറല്ല. ബിഷപ്പ് ഫ്രാങ്കോയെ മാറ്റി നിർത്താൻ സിബിസിഐയും തയ്യാറായില്ല. പ്രതിഷേധ സമരത്തിന് ഉള്ള ഫണ്ട് എവിടെ നിന്ന് വരുന്നു എന്നകാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട മിഷനറീസ് ഓഫ് ജീസസ് പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ഐഡൻറിറ്റി വെളിപ്പെടുത്തിയും പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കന്യാസ്ത്രീകളുടെ മനോവീര്യം തകർക്കാൻ ശ്രമിച്ചു. രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കാൻ വിമുഖത കാണിക്കുകയാണ്. സംസ്ഥാന സർക്കാർ ഇരയോടൊപ്പമാന്നെന്ന് മന്ത്രി ഇ.പി ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്.

ലത്തീൻ സഭ മാത്രമാണ് ബിഷപ്പ് ഫ്രാങ്കോയുടെ നിലപാടുകളെ തള്ളിപ്പറഞ്ഞത്. കേരളത്തിൽ ചോദ്യം ചെയ്യലിനായി എത്തുന്ന ഫ്രാങ്കോയ്ക്കായി വൻ നിയമയുദ്ധത്തിനുള്ള സന്നാഹമാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ പീഡനക്കേസിൽ കുറ്റക്കാരനാണോ എന്നതിനേക്കാൾ വിശ്വാസികൾ പ്രതിഷേധ സ്വരമുയർത്തുന്ന പ്രവണതയാണ് നേതൃത്വത്തെ ഭയപ്പെടുത്തുന്നത്.  ഇത് അവസാനിപ്പിക്കാൻ സത്വര നടപടി വേണമെന്ന അഭിപ്രായത്തിൽ നേതൃത്വം ഒറ്റക്കെട്ടാണ്.

സോഷ്യൽ മീഡിയയിൽ പീഡനാരോപണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു കൊണ്ടും അനുകൂലിച്ചും വൻ വാഗ്വാദങ്ങളാണ് നടക്കുന്നത്. ഫേസ്ബുക്കും വാട്ട്സ്ആപ്പും ഈ വിഷയത്തിൽ സജീവമാണ്. ഫേസ്ബുക്കിലെയും വാട്ട്സ് ആപ്പിലെയും വിവിധ ഗ്രൂപ്പുകളിൽ നിന്നും തമ്മിലുള്ള ചെളിവാരിയെറിയലും പുറത്താക്കലും തുടരുകയാണ്. വിശ്വാസികൾ സഭയ്ക്കു പിന്നിൽ അണിനിരക്കണമെന്ന് അഭ്യർത്ഥിച്ചുള്ള ധാരാളം പോസ്റ്റുകൾ ഈയിടെ സജീവമായുണ്ട്. വിശ്വാസികളെ സഭാ നേതൃത്വത്തിന് അനുകൂലമായ രീതിയിൽ സോഷ്യൽ മീഡിയയിൽ സജീവമാക്കാൻ രഹസ്യ നിർദ്ദേശം നല്കിയതായി പറയപ്പെടുന്നു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles