കന്യാസ്ത്രീകളുടെ പ്രതിഷേധം അന്താരാഷ്ട്ര ശ്രദ്ധയിലേക്ക്. സമരത്തിന് ജനപിന്തുണയേറുന്നു. ഭരണകൂടങ്ങൾ സമ്മർദ്ദത്തിൽ. ഏറ്റുമാനൂരിലെ ഹൈടെക് സെല്ലില്‍ വച്ച് ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന് സൂചന.

കന്യാസ്ത്രീകളുടെ പ്രതിഷേധം അന്താരാഷ്ട്ര ശ്രദ്ധയിലേക്ക്. സമരത്തിന് ജനപിന്തുണയേറുന്നു. ഭരണകൂടങ്ങൾ സമ്മർദ്ദത്തിൽ. ഏറ്റുമാനൂരിലെ ഹൈടെക് സെല്ലില്‍ വച്ച് ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന് സൂചന.
September 11 18:43 2018 Print This Article

ന്യൂസ് ഡെസ്ക്

നീതിക്കായുള്ള കന്യാസ്ത്രീകളുടെ പ്രതിഷേധം ജനങ്ങൾ ഏറ്റെടുക്കുന്നു. ലൈംഗിക പീഡന പരാതിയിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മിഷനറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീകൾ നടത്തുന്ന എറണാകുളത്തെ സമരപന്തലിലേക്ക് നൂറുകണക്കിനാളുകളാണ് പിന്തുണയുമായെത്തുന്നത്. വിവിധ മതസാമൂഹിക നേതാക്കൾ സമരപന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഭൂരിപക്ഷം ആളുകളും മാനസികമായി സമരത്തെ പിന്തുണയ്ക്കുന്ന അവസ്ഥയാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. റിപ്പബ്ലിക് ടിവിൽ പി.സി ജോർജ് എം.എൽ.എ നടത്തിയ പരാമർശങ്ങൾ പ്രശ്നത്തിന് വൻ ദേശീയ ശ്രദ്ധ നേടിക്കൊടുത്തു. അന്തർദ്ദേശീയ തലത്തിൽ ഗാർഡിയനും സി എൻ എൻ അടക്കമുള്ള പത്രങ്ങളും കന്യാസ്ത്രീകളുടെ പ്രതിഷേധം വൻ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്.

ഇതിനിടെ പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ഏറ്റുമാനൂരില്‍വച്ച് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പിന് വ്യാഴാഴ്ച നോട്ടീസ് അയയ്ക്കും. ഒരാഴ്ചക്കുള്ളില്‍ ഹാജരാകണമെന്നാവും നോട്ടീസില്‍ ആവശ്യപ്പെടുക. അന്വേഷണ സംഘത്തിന്റെ അവലോകന യോഗം ബുധനാഴ്ച കൊച്ചിയില്‍ ചേരുന്നുണ്ട്. ഈ യോഗത്തിനു ശേഷമായിരിക്കും ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നതിനുള്ള നോട്ടീസ് അയയ്ക്കുക. ഐജിയുടെ നിര്‍ദേശം അനുസരിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കൊച്ചിയില്‍ യോഗം ചേരാനും ബിഷപ്പിന് നോട്ടീസ് അയയ്ക്കാനും തീരുമാനിച്ചിരിക്കുന്നത്

കഴിഞ്ഞ അവലോകന യോഗത്തിനു ശേഷം ബിഷപ്പിന്റെ മൊഴികളിലെ വൈരുധ്യം ഐജി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചതായും ബിഷപ്പിനെതിരായി ശക്തമായ തെളിവുകള്‍ ലഭിച്ചതായും എസ്പി വ്യക്തമാക്കിയിരുന്നു. ഏറ്റുമാനൂരിലെ ഹൈടെക് സെല്ലില്‍ വെച്ചായിരിക്കും ബിഷപ്പിനെ ചോദ്യംചെയ്യുകയെന്നാണ് സൂചന. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് അഞ്ചു കന്യാസ്ത്രീകള്‍ എറണാകുളത്ത് സമരം ശക്തമാക്കിയിരിക്കുകയാണ്. കൂടാതെ തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ കന്യാസ്ത്രീ വത്തിക്കാനിലേക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles