ജലന്തര്‍ ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കാന്‍ പൊലീസ് നീക്കം നടത്തുന്നതായി തുറന്നടിച്ച് പരാതിക്കാരിയുടെ ഒപ്പമുളള കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. ബിഷപ്പിനെ രക്ഷിക്കാനാണ് ശ്രമം. ഡിജിപിയും ഐ.ജിയും ചേര്‍ന്നാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. നിലവിലെ അന്വേഷണസംഘത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറേണ്ടതില്ലെന്നും പരാതിക്കാരിയുടെ സഹോദരി അടക്കമുളള കന്യാസ്ത്രീകള്‍ പറഞ്ഞു.

എന്നാൽ, ജലന്തര്‍ ബിഷപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ നിലവില്‍ ആലോചനയില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അന്വേഷണം വേഗം പൂര്‍ത്തിയാക്കാന്‍ ഐ.ജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിലാണെന്നാണ് ഐ.ജി അറിയിച്ചിരിക്കുന്നത്. പി.കെ ശശി എം.എല്‍.എയ്ക്കെതിരായ പരാതികളില്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നും ഡി.ജി.പി തിരുവനന്തപുരത്ത് പറഞ്ഞു

അതേസമയം, പീഡനപരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഹൈക്കോടതി ജംങ്ഷനിൽ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക്. ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റ നേതൃത്വത്തിലാണ് അനിശ്ചിതകാല നിരാഹാര സമരം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളും ഇന്നലെ സമരത്തില്‍ പങ്കെടുത്തിരുന്നു.

ജലന്തര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി അട്ടിമറിക്കാന്‍ നീക്കം. കേസ് ക്രൈംബാഞ്ചിന് നല്‍കുന്നതാണ് ഉചിതമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചു. രണ്ടാംഘട്ട അന്വേഷണത്തിന് ശേഷവും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണ സംഘം നിലപാടെടുത്ത സാഹചര്യത്തിലാണ് നീക്കം. കന്യാസ്ത്രീ നൽകിയ മൊഴികൾ വാസ്തവമെന്നും ബിഷപ്പിന്‍റെ മൊഴികൾ പച്ചക്കള്ളമെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് അനിവാര്യമാണെന്നാണ് രണ്ടാംഘട്ട അന്വേഷണത്തിന് ശേഷവും വൈക്കം ഡിവൈഎസ്പിയുടെ നിലപാട്. കന്യാസ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന കുടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്. അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ വൈദികന്‍റെ പിന്തുണയാണ് പീഡനത്തെക്കുറിച്ച് പുറത്തുപറയാന്‍ കാരണമെന്ന് കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ധ്യാനത്തിനിടയില്‍ നടത്തിയ കുമ്പസാരത്തിലാണ് കന്യാസ്ത്രീ ഇക്കാര്യങ്ങള്‍ വൈദികനോട് തുറന്നു പറഞ്ഞത്.

ഈ വൈദികന്‍റെ കൂടി നിര്‍ദേശപ്രകാരമായിരുന്നു കന്യാസ്ത്രീ പരാതി നല്‍കിയത്. മഠത്തിൽ നിന്ന് പുറത്താക്കൽ നടപടിയൊ ഭീഷണിയോ ഉണ്ടായാൽ ധ്യാനകേന്ദ്രത്തിൽ അഭയം നൽകാമെന്നും വൈദികന്‍ ഉറപ്പ് നല്‍കിയതും പരാതി നല്‍കാന്‍ കരുത്തായി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ വിവരങ്ങൾ സ്ഥിരീകരിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീയെ അറിയില്ലെന്നായിരുന്നു ബിഷപ്പ് പൊലീസിനു നൽകിയ മൊഴി. പച്ചക്കള്ളമെന്ന് വ്യക്തമായ ഈ മൊഴി മുഖവിലയ്ക്കെടുത്ത് അന്വേഷണം നടത്താനായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം.

കന്യാസ്ത്രീയെ സമ്മർദ്ദത്തിലാക്കി പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് രണ്ടാംഘട്ട അന്വേഷണത്തിൽ ഉന്നത തലത്തിൽ നടന്നത്. മൊഴിയില്‍ വ്യക്തതയ്ക്കെന്ന പേരില്‍ കന്യാസ്ത്രീയെ തുടര്‍ച്ചയായി ചോദ്യം ചെയ്തതും സമ്മര്‍ദ തന്ത്രത്തിന്‍റെ ഭാഗമായിരുന്നു. പൂവരണി സ്വദേശിയും രണ്ട് വർഷം മുമ്പ് മാത്രം സഭാവസ്ത്രം സ്വീകരിച്ച യുവതി കഴിഞ്ഞ ദിവസം സഭവിട്ടതും കേസുമായി ബന്ധപ്പെട്ട സമ്മര്‍ദം താങ്ങാനാകാതെയാണ്. കന്യാസ്ത്രീയുടെ കുടുംബം കോടതിയെ സമീപിച്ചാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് അതിനെ മറികടക്കാനാകുമെന്ന വിശ്വാസത്തിലാണ് പുതിയ നീക്കം.