ന്യൂസ് ഡെസ്ക്

ജോലി സ്ഥലം മതവിശ്വാസത്തിന്റെ പ്രചാരണത്തിന് ഉപയോഗിച്ച നഴ്സിന് ജോലി നഷ്ടപ്പെട്ടു. ഉത്തരവാദിയായ നഴ്സിനെ എൻഎച്ച്എസ് പുറത്താക്കിയത് കോടതി ശരിവച്ചു. ക്രൈസ്തവ വിശ്വാസിയായ നഴ്സിനെയാണ് എൻഎച്ച്എസ് ട്രസ്റ്റ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ബാൻഡ് 5 ഗ്രേഡിൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ ജോലി ചെയ്യുകയായിരുന്ന നഴ്സാണ് തന്റെ കെയറിലുള്ള രോഗികളുമായി മതപരമായ കാര്യങ്ങൾ ചർച്ച ചെയ്തത്.

മെഡിക്കേഷൻ സംബന്ധമായ ഒരു തെറ്റു സംഭവിച്ചതിനെ തുടർന്ന് ട്രസ്റ്റ് നഴ്സിനെ പ്രീ ഓപ്പറേറ്റീവ് അസസ്മെൻറ് യൂണിറ്റിലേയ്ക്ക് ഫോർമൽ വാണിംഗോടെ മാറ്റിയിരുന്നു. പുതിയ റോളിൽ ദിവസേന ആറു മുതൽ 12 വരെ രോഗികളെ അസസ്മെൻറ് ചെയ്യേണ്ട ചുമതല ഇവർക്ക് ഉണ്ടായിരുന്നു. ഇതിന് ഉപയോഗിച്ചിരുന്ന ഫോർമാറ്റിൽ രോഗിയുടെ മതമേതെന്ന് രേഖപ്പെടുത്തുന്ന ഒരു ഭാഗമുണ്ടെങ്കിലും അതിനപ്പുറമുള്ള മതപരമായ കാര്യങ്ങൾ അന്വേഷിക്കാനുള്ള നിർദ്ദേശങ്ങളോ സ്വാതന്ത്ര്യമോ നല്കിയിരുന്നില്ല.

അസസ്മെൻറ് നടത്തുന്നതിനിടെ പരിധിയിൽ കവിഞ്ഞ വിധത്തിൽ രോഗിയുമായി മതവിശ്വാസം സംബന്ധിച്ച് സംഭാഷണത്തിലേർപ്പെട്ടതായി പല പരാതികളും ട്രസ്റ്റിന് ലഭിച്ചു. മാർച്ച് 2016 ലെ ആദ്യ പരാതി പ്രകാരം ഈസ്റ്റർ എന്താണെന്ന് അറിയാമോ എന്ന് ചോദിച്ചു എന്നതായിരുന്നു. ഈ ചോദ്യം ഏതു നിലയിലേയ്ക്കാണ് പോവുന്നതെന്നു മനസിലാക്കിയ രോഗി, നഴ്‌സിന്റെ ജോലിയുടെ പരിധിക്കപ്പുറമുള്ള ഇടപെടൽ മനസിലാക്കി സംഭാഷണം നിർത്താനാവശ്യപ്പെട്ടു. മറ്റൊരു രോഗിയോട്‌ ക്രിസ്തുമതം എന്താണെന്ന് അറിയാമോ എന്നാണ് ആരാഞ്ഞത്.

ഏപ്രിൽ 2016 ലെ പരാതിയിൽ ക്യാൻസറിന് മേജർ സർജറിക്ക് വിധേയനാകുന്ന രോഗിയോട്, ദൈവത്തോട് പ്രാർത്ഥിക്കുകയാണെങ്കിൽ സർജറി വിജയകരമാകുവാൻ കൂടുതൽ സാധ്യതയുണ്ടെന്ന് പറഞ്ഞു എന്നതായിരുന്നു.  മറ്റൊരു പരാതി പ്രകാരം അസസ്മെന്റിന്റെ ഭൂരിഭാഗം സമയവും മതപരമായ കാര്യങ്ങൾ വിശദീകരിക്കുന്നതിനായി ഉപയോഗിച്ചു എന്നായിരുന്നു. ഇതേത്തുടർന്ന് നഴ്സിന് എൻഎച്ച്എസ് ട്രസ്റ്റ് മുന്നറിയിപ്പ് നല്കിരുന്നു.

തുടർന്നും തന്റെ മതപ്രചാരണ ജോലി നിർബാധം തുടർന്ന നഴ്സ് ഒരു രോഗിക്ക് ബൈബിൾ നല്കി.  പരാതി ലഭിച്ചതിനെത്തുടർന്ന് ട്രസ്റ്റ് നഴ്സിനെ ജൂൺ 2016ൽ  അച്ചടക്ക നടപടിയിലൂടെ സസ്പെൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പരാതി എൻ എം സി യുടെയും എംപ്ളോയ്മെൻറ് ട്രൈബ്യൂണലിന്റെ മുൻപാകെ എത്തിയെങ്കിലും നഴ്സിനെ പുറത്താക്കിയ നടപടി ശരിവയ്ക്കപ്പെടുകയായിരുന്നു. ഇതിനെതിരെ കോടതി മുമ്പാകെ നല്കിയ അപ്പീലിൽ 2019 മാർച്ച് 18ന് ഹിയറിംഗ് നടക്കുകയും 2019 മെയ് 14 ന് ഡാർട്ട്ഫോർഡ് ആൻഡ് ഗ്രേഷാം ട്രസ്റ്റിന്റെ നടപടിക്കെതിരെ നഴ്സ് നല്കിയ അപ്പീൽ തള്ളുകയുമായിരുന്നു.

ജോലി സ്ഥലങ്ങളിൽ പാലിക്കേണ്ട നിയമപരമായ കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയിരിക്കണമെന്നതിന്റെയും വ്യക്തിപരമായ താത്പര്യങ്ങൾ നടപ്പാക്കുന്നതിനായി  ജോലി സ്ഥലത്തെ മാറ്റരുതെന്നുമുള്ളതിന്റെ മുന്നറിയിപ്പാണ് ഈ വിധിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് സോളിസിറ്റർ ഓഫ് സീനിയർ കോർട്ട് ഓഫ്  ഇംഗ്ലണ്ട് ആൻഡ് വെയിൽസ്, ബൈജു വർക്കി തിട്ടാല മലയാളം യുകെയോട് പറഞ്ഞു.