ബ്രിട്ടന്റെ ഭീമമായ പെന്‍ഷന്‍ ബില്‍ മൂലം അവശ്യ സര്‍വീസുകളുടെ ഫണ്ടിംഗ് വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്. പബ്ലിക് സെക്ടര്‍ പെന്‍ഷന്‍ ബില്‍ തുക 1.3 ട്രില്യന്‍ പൗണ്ടാണ്. ഇത് നല്‍കണമെങ്കില്‍ അവശ്യ സര്‍വീസുകള്‍ക്ക് നല്‍കുന്ന പണത്തില്‍ നിന്ന് 4 ബില്യന്‍ പൗണ്ട് വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്നാണ് ഹാമണ്ട് മുന്നറിയിപ്പ് നല്‍കുന്നത്. സ്‌കൂളുകള്‍, ആശുപത്രികള്‍, പോലീസ്, സായുധ സേനകള്‍ തുടങ്ങി ഒട്ടുമിക്ക സര്‍വീസുകളെയും ഈ വെട്ടിക്കുറയ്ക്കല്‍ ബാധിക്കും. പൊതു മേഖലയിലെ ഫണ്ട് വെട്ടിക്കുറയ്ക്കല്‍ അനിവാര്യമാണെന്നാണ് ഹാമണ്ട് പറയുന്നത്.

ആശുപത്രികള്‍ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിക്കേണ്ടതായി വരും. പൊതുമേഖലാ ജീവനക്കാര്‍ക്കായുള്ള പൊതുധനം കൈകാര്യം ചെയ്യുന്നതിലെ സങ്കീര്‍ണ്ണതയാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്. ഇതു മൂലം ഇനി അവശ്യ സര്‍വീസുകള്‍ക്ക് ആവശ്യത്തിനുള്ള ഫണ്ടിംഗ് ലഭിക്കുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ടാകും. 2019-20 സാമ്പത്തിക വര്‍ഷത്തെ പെന്‍ഷന്‍ ചെലവുകള്‍ റീഫണ്ട് ചെയ്യാന്‍ ഒരുക്കമാണെന്ന് ട്രഷറി അറിയിച്ചിട്ടുണ്ടെങ്കിലും അതിനപ്പുറത്തേക്കുള്ള കാര്യം ഏറ്റെടുക്കില്ല.

സ്‌പെന്‍ഡിംഗ് റിവ്യൂവില്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കുടുംബത്തിന് 45000 പൗണ്ട് വീതമാണ് രാജ്യത്തിന്റെ പെന്‍ഷന്‍ ലയബിലിറ്റിയെന്ന് ഇന്റര്‍ജനറേഷണല്‍ ഫൗണ്ടേഷന്‍ എന്ന തിങ്ക്ടാങ്ക് പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷം സാമ്പത്തിക വളര്‍ച്ച കുറയാനിടയുണ്ടെന്നാണ് ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പ്രവചനം. പെന്‍ഷന്‍ ഭാരം വര്‍ദ്ധിക്കുന്നതിന് ട്രഷറി ഒരു കാരണമായി പറയുന്നതും ഇതു തന്നെയാണ്.