ജോജി തോമസ്

കേരളത്തിലെ നേഴ്‌സിംഗ് സമൂഹം കഴിഞ്ഞ കുറേ നാളായി സമരപന്തലിലാണ്. കേരള ജനത സമരങ്ങള്‍ ഒത്തിരി കണ്ടുശീലിച്ചതാണ്. വീടിന് മുകളിലൂടെ കാക്ക പറന്നാല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സമരം തുടങ്ങി സാധാരണ ജനങ്ങളുടെ ജീവിത നിലവാരവുമായി ഒരു പൊരുത്തവുമില്ലാത്ത അമിത ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ നടത്തുന്ന സമര കോലാഹലങ്ങള്‍ വരെ ഇതില്‍പെടും. ഈ സമരങ്ങള്‍ക്കൊക്കെ ധാരാളം മാധ്യമശ്രദ്ധയും, ഭരണ വര്‍ഗ്ഗത്തിന്റെ അടിയന്തര ശ്രദ്ധയും ലഭിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി കേരളത്തിലെ നേഴ്‌സിംഗ് സമൂഹം ജീവിക്കാനുള്ള അവകാശത്തിനായി സമരത്തിലാണെങ്കിലും ഭരണ നേതൃത്വത്തില്‍ നിന്ന് കാര്യമായ ഇടപെടലോ മാധ്യമ പിന്തുണയോ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് നേഴ്‌സിംഗ് സമൂഹം നടത്തുന്ന സമരത്തിന് പിന്തുണയുമായി പൊതുജനം പ്രത്യേകിച്ച് പ്രവാസ ലോകത്തുള്ള നേഴ്‌സിംഗ് സമൂഹം മുന്നോട്ട് വരേണ്ടതിന്റെ പ്രസക്തിയിരിക്കുന്നത്. പ്രവാസ ലോകത്തുള്ള മലയാളി സമൂഹം ആതുര സേവന രംഗത്ത് ജോലി ചെയ്യുന്ന നമ്മുടെ സഹോദരിമാരുടെ ബുദ്ധിമുട്ടുകളും ത്യാഗങ്ങളും വളരെയധികം മനസിലാക്കിയവരാണ്. സോഷ്യല്‍ മീഡിയായിലൂടെയും മറ്റും നമ്മള്‍ നല്‍കുന്ന പിന്തുണ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനും, ഭരണ നേതൃത്വത്തില്‍ സമര്‍ദ്ദം ചെലുത്തുന്നതിനു കാരണമായിത്തീരും.

കേരളത്തിലെ നേഴ്‌സിംഗ് സമൂഹം യുണൈറ്റഡ് നഴ്‌സസ് അസോയിഷേന്റെ (UNA) നേതൃത്വത്തില്‍ നടക്കുന്ന സമരത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്ന മനോഭാവമാണ് ഭരണനേതൃത്വത്തില്‍ നിന്ന് ഉണ്ടാകുന്നത്. കഴിഞ്ഞ യു.ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് യു.എന്‍.എയുടെ നേതൃത്വത്തില്‍ നടന്ന സമരം ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ പാലിക്കാന്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ തയ്യാറായിരുന്നില്ല. പ്രത്യേക പരിശീലനമോ, വിദ്യാഭ്യാസ യോഗ്യതയോ ആവശ്യമില്ലാത്ത മേഖലകളില്‍ അന്യസംസ്ഥാന ജോലിക്കാര്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന കുറഞ്ഞ ദിവസ വേതനം 700 രൂപയാണ്. ഈ സാഹചര്യത്തിലാണ് വെറും തുച്ഛമായ ശമ്പളത്തില്‍ ഭാരിച്ച ഉത്തരവാദിത്വമുള്ള നഴ്‌സിംഗ് ജോലി ചെയ്യുന്ന വലിയൊരു സമൂഹത്തിന്റെ അവഗണനയുടെയും ജീവിത പ്രാരാബ്ദത്തിന്റെയും തീച്ചൂളയില്‍ നിന്ന് ഉയര്‍ന്നുവരുന്ന സമരത്തിന്റെ പ്രസക്തിയേറുന്നത്.

നഴ്‌സിംഗ് സമൂഹത്തിന് നേരെയുള്ള ചൂഷണത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. എക്കാലവും അവഗണന അനുഭവിച്ച മര്‍ദ്ദിത വിഭാഗമാണ് ആതുരസേവനരംഗത്ത് ജോലിചെയ്യുന്ന മാലാഖമാര്‍. ഇപ്പോഴത്തെ സമരത്തെ പരാജയപ്പെടുത്താന്‍ ആതുരസേവന രംഗത്തെ കച്ചവടവത്കരിച്ച വന്‍ സാമ്പത്തിക ശക്തികളും ഭരണ നേതൃത്വവുമായി അവിശുദ്ധ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. നേഴ്‌സിംഗ് സമൂഹത്തിന് നേരെ നടക്കുന്ന ചൂഷണത്തിന് കൂട്ടുനില്‍ക്കുന്നതിന് ഭരണ പ്രതിപക്ഷമില്ലാതെ രാഷ്ട്രീയ നേതൃത്വത്തിന് വന്‍ പ്രതിഫലമാണ് ലഭിക്കുന്നത്. മക്കള്‍ക്ക് മെഡിസിന് അഡ്മിഷന്‍ തുടങ്ങി നേതാക്കന്മാര്‍ക്കും ബന്ധുക്കള്‍ക്കും ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലിലേ സൗജന്യ ചികിത്സ വരെ ഇതില്‍പെടും.

പ്രതിഷേധത്തിന്റെ ജ്വാലയ്ക്ക് ലീഡ്‌സില്‍ തുടക്കമായി

നഴ്‌സിംഗ് സമൂഹം നടത്തുന്ന സമരത്തോട് അനുഭാവം പ്രകടിപ്പിച്ചും സമരത്തോട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഭരണ നേതൃത്വവും പുലര്‍ത്തുന്ന നിലപാടിനെതിരെയും പാശ്ചാത്യ രാജ്യങ്ങളിലും പ്രത്യേകിച്ച് യൂറോപ്പിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധത്തിന്റെ തുടക്കം കുറിച്ച് ബ്രിട്ടണിലെ പ്രമുഖ നഗരമായ ലീഡ്‌സില്‍ നഴ്‌സിംഗ് രംഗത്ത് ജോലി ചെയ്യുന്നവര്‍ ഒത്തുകൂടി കേരളത്തിലെ നഴ്‌സിംഗ് സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും സമരം ഒത്തുതീര്‍പ്പാക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോര്‍ക്ക്ഷയര്‍ റീജനിലെ നഴ്‌സിംഗ് സമൂഹം ആവശ്യപ്പെട്ടു.

[ot-video][/ot-video]