മലയാളം യുകെ ന്യൂസ് ടീം.

പിരിച്ചുവിടപ്പെട്ട ഒൻപത് നഴ്സുമാരെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഭാരത് ഹോസ്പിറ്റലിലെ നഴ്സുമാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. കരാർ കാലാവധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ചാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ പ്രവർത്തകരായ നഴ്സുമാരെ ആശുപത്രി അധികൃതർ നോട്ടീസ് പോലും നല്കാതെ പുറത്താക്കിയത്. യുഎൻഎ യൂണിറ്റ് ആരംഭിച്ചതുമുതൽ മാനേജ്മെൻറ് യുഎൻഎയുടെ പ്രവർത്തകരായ നഴ്സുമാർക്ക് എതിരെ പ്രതികാര നടപടികൾ ആരംഭിക്കുകയായിരുന്നു.

ഹോസ്പിറ്റലിനു മുമ്പിൽ സമരം നടത്തുന്ന നഴ്സുമാർക്ക് മുന്നിലെത്തി ഹ്യൂമൻ റിസോഴ്സസ് ജീവനക്കാരൻ അസഭ്യമായ പ്രദർശനം നടത്തിയത് വൻ പ്രതിഷേധത്തിനിടയാക്കി. നഴ്സുമാരായ പെൺകുട്ടികളുടെ മുൻപിലാണ് ബാബു എന്ന ആൾ പാന്റിൻറെ സിബ്ബ് ഊരിക്കാണിക്കുന്ന അസഭ്യത പ്രദർശിപ്പിച്ചത്. ഇയാൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നഴ്സുമാർ ഒന്നടങ്കം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നല്കി. സമരത്തിൽ പങ്കെടുക്കുന്ന നഴ്സുമാരുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും അവർ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ പീഡനത്തിനു വിധേയമാക്കി കൊണ്ടാണ് മാനേജ്മെന്റ് സമരം തകർക്കാൻ ശ്രമിക്കുന്നത്. ചിലരെ തങ്ങൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്ന് ദൂരസ്ഥലങ്ങളിലേയ്ക്ക് മാറ്റി. മറ്റു ചിലരെ പിരിച്ചു വിടുമെന്ന ഭീഷണിയും നിലവിലുണ്ട്. വൻ പോലീസ് സംഘം ഭാരത് ഹോസ്പിറ്റലിനു മുമ്പിൽ കാവലുണ്ട്. പിരിച്ചുവിടപ്പെട്ട നഴ്സുമാരെ തിരിച്ചെടുക്കുവാൻ മാനേജ്മെൻറ് തയ്യാറാവണമെന്ന് കോട്ടയം യുഎൻഎ പ്രസിഡന്റ് സെബിൻ സി മാത്യു പറഞ്ഞു. നഴ്സുമാർക്ക് എതിരെയുള്ള പ്രതികാര നടപടികൾ ഹോസ്പിറ്റൽ മാനേജ്മെൻറുകൾ അവസാനിപ്പിക്കാത്ത പക്ഷം സമരം ശക്തമാക്കുമെന്ന് സെബിൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

യുഎൻഎയുമായി ബന്ധപ്പെട്ട നോട്ടീസ് കൊടുക്കാൻ ചെന്ന നഴ്സിനോട് അപമര്യാദയായി പെരുമാറിയ നഴ്സിംഗ് സൂപ്രണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് നഴ്സുമാർ ഒന്നടങ്കം മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. തുടർന്ന് നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ നഴ്സിംഗ് സൂപ്രണ്ട് പരസ്യമായി മാപ്പ് പറഞ്ഞതിനെ തുടർന്ന് നഴ്സുമാർ സമരം പിൻവലിക്കുകയായിരുന്നു. ജോലിക്ക് കയറിയ നഴ്സുമാരെ മാനസികമായി തളർത്തുന്ന നീചമായ നടപടികളാണ് പിന്നീട് മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. നഴ്സുമാരെയും യുഎൻഎ ഭാരവാഹികളെയും പൊതുജന മധ്യത്തിൽവച്ച് പരസ്യമായി അപമാനിക്കുന്ന പ്രവർത്തനമാണ് മാനേജ്മെൻറ് നടത്തിയത്. ജോലിയിലുള്ള നഴ്സുമാരോട് മുദ്രപത്രത്തിൽ ഒപ്പിട്ടു വാങ്ങിയാണ് പീഡനത്തിന്റെ തുടക്കം. ഹോസ്പിറ്റൽ മാനേജ്മെന്റ് തങ്ങളുടെ ഇഷ്ടമനുസരിച്ച് കോൺട്രാക്റ്റ് കാലാവധി പിന്നീട് തീരുമാനിക്കും. നഴ്സുമാരെ ചൊൽപ്പടിയ്ക്കു നിർത്താനുള്ള ആയുധമായി ഈ മുദ്രപത്രം പിന്നെ മാറുകയായി. ഒൻപത് നഴ്സുമാരെയാണ് കോൺട്രാക്റ്റ് കാലാവധി കഴിഞ്ഞു എന്ന് പറഞ്ഞ് മാനേജ്മെൻറ് നോട്ടീസ് പോലും നല്കാതെ തൊഴിൽ രഹിതരാക്കിയത്. ഇവരെ തിരികെ ജോലിയിൽ എടുക്കണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിരുന്നു. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ആഗസ്റ്റ് ആദ്യവാരം മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ നഴ്സുമാർ നോട്ടീസ് നല്കിയിരുന്നു.

ഇവിടെ ജോലി ചെയ്യുന്ന നഴ്സുമാർ ഈവനിംഗ് ഷിഫ്റ്റിനു ശേഷം പാതിരാത്രിയിൽ വീട്ടിൽ പോവേണ്ട രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഷിഫ്റ്റിന്റെ സമയം പുനക്രമീകരിക്കാനും മാനേജ്മെൻറ് തയ്യാറാകണമെന്ന് നഴ്സുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിന്റെ സൽപ്പേരിനു കളങ്കം വരുത്തി എന്നാരോപിച്ചു കൊണ്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അംഗങ്ങൾക്ക് എതിരെ ആക്ഷേപം ചൊരിഞ്ഞ് സമൂഹ മധ്യത്തിൽ താറടിക്കുന്ന രീതിയിലാണ് മാനേജ്മെന്റ് ഇവിടെ പെരുമാറുന്നത്. ഇവിടെ ജോലി ചെയ്യുന്ന 150 ലേറെ യുഎൻഎ അംഗങ്ങളായ നഴ്സുമാർ പിരിച്ചുവിടലിന്റെ ഭീഷണി നേരിടുന്നുണ്ട്.