ലണ്ടന്‍. ഇന്ത്യന്‍ നഴ്സുമാരെ യുകെയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള എന്‍എച്ച്എസ് തീരുമാനത്തിന്‍റെ മറവില്‍ കൊള്ളയടി ആരംഭിച്ച സ്വകാര്യ ഏജന്‍സികള്‍ക്കെതിരേ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) ശക്തമായ നിലപാടെടുക്കുന്നു. തട്ടിപ്പുകാരായ ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം ഇത്തരം ഏജന്‍സികള്‍ വഴി അപേക്ഷിക്കുന്ന നഴ്സുമാരും കുഴപ്പത്തിലാകാനുള്ള സാധ്യതയും ഇതോടെ വന്നിരിക്കുകയാണ്. വോസ്റ്റെക് പോലെ  ലൈസന്‍സ് നഷ്ടപ്പെട്ട സ്ഥാപനങ്ങള്‍ പോലും കച്ചവട സാധ്യത തിരിച്ചറിഞ്ഞു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് പിഴശിക്ഷ കിട്ടിയ ഓണ്‍ലൈന്‍ ബ്ലോഗിനെയും കൂട്ട് പിടിച്ച് രംഗത്തിറങ്ങിയ സാഹചര്യത്തില്‍ യുകെ ജോലി സ്വപ്നം കാണുന്ന മലയാളി നഴ്സുമാര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

ഓരോ എന്‍എച്ച്എസ് ട്രസ്റ്റും നഴ്‌സുമാര്‍ക്ക് നല്‍കുന്ന സേവനവേതന വ്യവസ്ഥകള്‍ വിവരിച്ച്, തികച്ചും സൗജന്യമായാണ് ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റ് നടത്തേണ്ടത്. ഇങ്ങനെ എത്തിക്കുന്ന ഓരോ നഴ്‌സുമാര്‍ക്കുവേണ്ടിയും ചെലവാകുന്ന തുകയ്‌ക്കൊപ്പം പ്രതിഫലമായ കമ്മിഷനും ട്രസ്റ്റുകളാണ് ഏജന്‍സിക്കു നല്‍കുന്നത്. ഉദ്യോഗാര്‍ഥിയില്‍നിന്നും ഒരു പൈസപോലും വാങ്ങരുതെന്ന് വ്യക്തമായ നിര്‍ദേശത്തോടെയാണ് ഏജന്‍സികള്‍ക്ക് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ റിക്രൂട്ട്‌മെന്റ് ലൈസന്‍സ് നല്‍കുന്നത്

എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പല ഏജന്‍സികളും വിദേശസ്വപ്നവുമായി കഴിയുന്ന ഉദ്യോഗാര്‍ഥികളില്‍നിന്നും വ്യാജ പ്രചാരണത്തിലൂടെയും വാഗ്ദാനങ്ങളിലൂടെയും ആയിരങ്ങളും ലക്ഷങ്ങളുമാണ് ആവശ്യപ്പെടുന്നത്. റജിസ്‌ട്രേഷന്‍ ഫീസ്, ഹാന്‍ഡിലിംങ് ഫീസ് എന്നിങ്ങനെ പലപേരുകളില്‍ തുടങ്ങിയിരിക്കുന്ന തട്ടിപ്പുകള്‍ എന്‍എച്ച്എസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഒരു ലക്ഷം രൂപവരെ ഓരോ ഉദ്യോഗാര്‍ഥികളില്‍നിന്നും ചില ഏജന്‍സികള്‍ വാങ്ങുന്നതായി ആരോപണം ഉയര്‍ന്നിട്ടുള്ളതായി ഡെയ്ലി മെയില്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍നിന്നും ആകെ റിക്രൂട്ട്‌ചെയ്യാന്‍ എന്‍എച്ച്എസ് ഉദ്ദേശിക്കുന്നത് മൂന്നു വര്‍ഷം കൊണ്ട് ആറായിരത്തോളം പേരെയാണ്.

ഇതിനിടെ, അയ്യായിരത്തിലേറെ നഴ്‌സുമാരെ റിക്രൂട്ട്‌ചെയ്യാന്‍ തങ്ങള്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്ന മട്ടില്‍ പരസ്യം ചെയ്ത് വോസ്റ്റെക് എന്ന ഒരു ഏജന്‍സി രംഗത്തെത്തിയിട്ടുണ്ട്. മതമേലധ്യക്ഷന്മാരുള്‍പ്പെടെയുള്ളവരെ സ്വാധീനിച്ച് സര്‍ക്കുലര്‍ ഇറക്കിവരെയാണ് സ്വകാര്യ ഏജന്‍സികള്‍ ഉദ്യോഗാര്‍ഥികളുടെ വിശ്വാസ്യത ആര്‍ജിക്കുന്നത്. എന്നാല്‍ ഇതിന്‍റെ ഉടമ ജോയസ് ജോണ്‍ എന്നയാള്‍ റിക്രൂട്ട്മെന്റ് രംഗത്ത് നടത്തിയ കള്ളത്തരങ്ങള്‍ യുകെ അധികൃതര്‍ പിടികൂടുകയും ഇയാള്‍ക്ക് റിക്രൂട്ട്മെന്‍റ് നടത്തുന്നതില്‍ നിന്നും വിലക്ക് കല്‍പ്പിച്ചിട്ടുള്ളതുമാണ്.

നഴ്‌സിംങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) ബ്രിട്ടനിലേക്കു വരാന്‍ വിദേശ നഴ്‌സുമാര്‍ക്ക് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയില്‍ (ഐഇഎല്‍ടിഎസ്) അടുത്തിടെ വരുത്തിയ ഇളവുകളും ഐഇഎല്‍ടിഎസിനു പകരം ഒക്കിപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി) പരീക്ഷ വിജയിച്ചാലും മതിയെന്ന വ്യവസ്ഥയും മറ്റും മുതലെടുത്താണ് സ്വകാര്യ ഏജന്‍സികള്‍ ചാകരകൊയ്ത്തിന് ഇറങ്ങിയിരിക്കുന്നത്. ഇംഗ്ലീഷ് സംസാരഭാഷയായി ഉപയോഗിക്കുന്ന ഏതാനും രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും നഴ്‌സിംങ് പഠനം ഇംഗ്ലീഷ് ഭാഷയില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കും എന്‍എംസി ചില ഇളവുകള്‍ അനുവദിച്ചിരുന്നു.

പഠനത്തോടൊപ്പം രോഗികളുമായും അവരുടെ ബന്ധുക്കളുമായും മറ്റുമുള്ള ആശയവിനിമയവും ഇംഗ്ലീഷിലായിരുന്നു എന്നു തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കിയാലേ ഈ ഇളവുകളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാകൂ. കൃത്യമായ നിബന്ധനകളോടെയുള്ള ഇത്തരം ഇളവുകള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പഠിച്ചിറങ്ങിയവര്‍ക്ക് മാത്രമാണു താനും. ഇതെല്ലാം മറച്ചുവച്ചാണ് ഇന്റര്‍വ്യൂ നടത്താന്‍ എത്തുന്നവര്‍ക്ക് ഭാഷാപരിജ്ഞാനം ബോധ്യപ്പെട്ടാല്‍ സെലക്ഷന്‍ ലഭിച്ചേക്കുമെന്നും മറ്റും വോസ്റ്റെക് പരസ്യം ചെയ്യുന്നതും നവമാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും പ്രചരിപ്പിക്കുന്നതും.

നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ ഫിലിപ്പൈന്‍സ്, ഇന്ത്യ, ചൈന, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നും യോഗ്യരായ ഇരുപതിനായിരത്തോളം നഴ്‌സുമാരെ മൂന്നുവര്‍ഷംകൊണ്ട് റിക്രൂട്ട് ചെയ്യാന്‍ എന്‍എച്ച്എസ് തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ ആറായിരത്തോളം നഴ്‌സുമാരെയാണ് ഇന്ത്യയില്‍നിന്നും ലക്ഷ്യമിടുന്നത്. ഈ വസ്തുതയുടെ മറപിടിച്ചാണ് കേരളത്തിലെ നഴ്‌സുമാര്‍ക്കെല്ലാം ബ്രിട്ടനില്‍ പോകാമെന്ന തരത്തിലുള്ള വ്യാജ പ്രചാരണവും പണപ്പിരിവും ആരംഭിച്ചിട്ടുള്ളത്.

വോസ്റ്റെക്ക് നഴ്സിംഗ് എജന്‍സി തട്ടിപ്പിന്റെ രാജാക്കന്മാര്‍; സ്രാമ്പിക്കല്‍ പിതാവിന്‍റെ ശുപാര്‍ശ കത്ത് നേടിയെടുത്തത് വസ്തുതകള്‍ മറച്ച് വച്ച്. ചോദിച്ച പണം ലഭിക്കുന്നതിനാല്‍ ഷാജന്‍ സ്കറിയയും തട്ടിപ്പിന് കൂട്ട്