തിരുവനന്തപുരം: വെള്ളനാട് കൂവപ്പടിപാലത്തിനു സമീപം ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ഞെട്ടല്‍ മാറാതെ ഒരു ഗ്രാമം.ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം. ഞാന്‍ ചെയ്ത തെറ്റിനു ഞാന്‍ സ്വയം ശിക്ഷിക്കുന്നു, അച്ഛന്‍ എന്നോട് ക്ഷമിക്കണം. എന്റെ മരണത്തില്‍ വേറെ ആരും ഉത്തരവാദിയല്ല എന്നു അഞ്ജലി ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഗള്‍ഫില്‍ ഉള്ള അച്ഛന്‍ ശശികുമാര്‍ എത്തിയ ശേഷമായിരുന്നു അഞ്ജലിയുടെ ശവശരീരം സംസ്‌കരിച്ചത്.

ഇന്നലെ രാവിലെ ഒമ്പതരയോടെ വെള്ളനാട് കൂവക്കുടി പാലത്തിനു സമീപമാണു സംഭവം നടന്നത്. ഈ സമയം അവിടെ എത്തിയ വസ്തു ഉടമ കൂട്ടിയെ ആത്മഹത്യയില്‍ നിന്നു പിന്തിരിപ്പിക്കാന്‍ നോക്കി. എന്നാല്‍ അതു നടക്കാതെ വന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ സമീപത്തു നിന്ന സ്ത്രീയെ കുട്ടിയെ നോക്കാന്‍ ഏല്‍പ്പിച്ച ശേഷം നാട്ടുകാരെ വിവരം അറിയിക്കാന്‍ പോകുകയായിരുന്നു. ഈ തക്കം നോക്കി സ്ത്രീയെ തട്ടിമാറ്റി അഞ്ജലി ആറ്റില്‍ ചാടി.

തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. അഴിക്കോട് കോഓപറേറ്റീവ് നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി. നാട്ടുകാര്‍ക്ക് ആര്‍ക്കും മോശമായി ഒന്നും അഞ്ജലിയെക്കുറിച്ചു പറയാനില്ല. എന്തിനാണ് അഞ്ജലി ഇത് ചെയ്തത് എന്ന് ആര്‍ക്കും മനസിലാകുന്നു പോലുമില്ല. അമ്മയും മകളും തമ്മിലും എപ്പോഴും സന്തോഷത്തോടെയാണു കഴിഞ്ഞിരുന്നത് എന്നും അയല്‍വാസികള്‍ പറയുന്നു. ക്ലാസ് തുടങ്ങിട്ട് ഒരുമാസമേ ആയിട്ടുള്ളു എങ്കിലും അഞ്ജലി അവിടെയും പ്രിയപ്പെട്ടവളായിരുന്നു. അഞ്ജലിയെ അവസാനമായി കാണാന്‍ എത്തിയ സഹപാഠികള്‍ക്ക് സുഹൃത്തിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.