മനുഷ്യന് കടുത്ത അലര്‍ജിയുണ്ടാക്കാന്‍ കഴിയുന്ന പുഴുക്കള്‍ യുകെയില്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. ഓക്ക് പ്രൊസഷനറി മോത്ത് എന്ന നിശാശലഭത്തിന്റെ ലാര്‍വയാണ് ഇത്. ജീവന് തന്നെ ഭീഷണിയായേക്കാവുന്ന വിധത്തില്‍ ആസ്ത്മ, ഛര്‍ദ്ദി, ത്വക്കിലുണ്ടാകുന്ന അസ്വസ്ഥതകള്‍ എന്നിവ ഈ ലാര്‍വകള്‍ സൃഷ്ടിച്ചേക്കാമെന്ന് പരിസ്ഥിതി വിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇംഗ്ലണ്ടിന്റെ സൗത്ത് ഈസ്റ്റ് ഭാഗങ്ങളിലാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്. പാര്‍ക്കുകളിലും ഗാര്‍ഡനുകളിലുമായി 600ലേറെ കൂടുകള്‍ കണ്ടെത്തിയതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഫോറസ്ട്രി സൊസൈറ്റി മുന്നറിയിപ്പ് നല്‍കി.

ചെറിയ രോമങ്ങള്‍ നിറഞ്ഞ ശരീരമാണ് ഈ ലാര്‍വകള്‍ക്കുള്ളത്. തോമെറ്റോപോയിന്‍ എന്ന ടോക്‌സിന്‍ ഈ രോമങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ബാധയേറ്റാല്‍ ആസ്ത്മ, ഛര്‍ദ്ദി എന്നിവ മാത്രമല്ല, പനി, തളര്‍ച്ച, കണ്ണിലും തൊണ്ടയിലും അസ്വസ്ഥത തുടങ്ങിയവയും ഉണ്ടാകും. വളര്‍ത്തു മൃഗങ്ങള്‍ക്കും ഇവ മൂലം അസ്വസ്ഥതകള്‍ പ്രത്യക്ഷപ്പെടാനിടയുണ്ട്. നായകളും പൂച്ചകളും ഇവയെ മണത്തു നോക്കിയാല്‍ പോലും പ്രശ്‌നങ്ങളുണ്ടായേക്കാം. നാവ് നീരുവെക്കുക, അമിതമായി ഉമിനീര്‍ പുറത്തേക്ക് വരിക, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളാണ് മൃഗങ്ങളില്‍ കാണാറുള്ളത്.

ജാഗ്രതയോടെയിരിക്കുക, നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ഹാനികരമായ ജീവികളാണ് അവയെന്ന് റിച്ച്മണ്ട് കൗണ്‍സിലിലെ അര്‍ബോറികള്‍ച്ചര്‍ മാനേജര്‍ ക്രെയിഗ് റുഡിക് പറഞ്ഞു. റിച്ച്മണ്ട് പ്രദേശത്ത് നിരവധി കൂടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഓക്ക് മരങ്ങളില്‍ കാണപ്പെടുന്ന ഈ പുഴുക്കള്‍ അവയുടെ പുറംതൊലി തിന്നാണ് ജീവിക്കുന്നത്. 2005ല്‍ ഇവയുടെ അധിനിവേശം ഉണ്ടായിരുന്നു. ഇറക്കുമതി ചെയ്ത മരത്തടിയില്‍ നിന്നാണ് ഇവയുടെ മുട്ട യുകെയില്‍ എത്തിയതെന്നാണ് കരുതുന്നത്.