ജപ്പാനില്‍ അപൂര്‍വ്വ ഇനത്തിലുളള മത്സ്യം ചത്തുപൊന്തിയതിനെ തുടര്‍ന്ന് ലോകാവസാനം ഉടനുണ്ടാകുമെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരണം. ജാപ്പനീസ് സോഷ്യല്‍ലോകത്താണ് ലോകാവസാനം ഉണ്ടാകുമെന്ന പ്രചരണം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ‘ഓര്‍ഫിഷ്’ എന്ന മത്സ്യത്തെ കടല്‍കരയില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ജാപ്പനീസ് വിശ്വാസവും നാടോടി കഥകളും പ്രകാരം ഓര്‍ഫിഷ് ദുസൂചന നല്‍കുന്ന നിമിത്തമാണ്. ടോയാമയിലെ ഇമിസു കടല്‍തീരത്താണ് ആദ്യം നാല് മീറ്റര്‍ നീളമുളള ഓര്‍ഫിഷിനെ ചത്ത നിലയില്‍ കണ്ടെത്തിയത്.

ഇതിന് പിന്നാലെ മറ്റ് ചിലയിടങ്ങളിലും മത്സ്യങ്ങളെ കണ്ടെത്തി. കഴിഞ്ഞ 10 ദിവസത്തിനിടയിലാണ് മത്സ്യങ്ങളെ കണ്ടെത്തിയത്. കടലിന് 3000ത്തില്‍ അധികം അടി താഴെ ജീവിക്കുന്ന ഈ മത്സ്യത്തെ കണ്ടാല്‍ സുനാമിയോ ഭൂമികുലുക്കമോ ഉണ്ടാകുമെന്നാണ് ജപ്പാന്‍കാര്‍ വിശ്വസിക്കുന്നത്. ‘കടല്‍ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതനായാണ്’ ഈ മത്സ്യത്തെ ജപ്പാന്‍കാര്‍ കാണുന്നത്.

Image result for oarfish died in japan

2011ല്‍ ഉണ്ടായ തൊഹോക്കു ഭൂമികുലുക്കത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇത്തരം മത്സ്യങ്ങള്‍ ചത്തുപൊന്തിയിരുന്നു. അന്ന് റിക്ടര്‍ സ്കെയിലില്‍ 9 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഇഷീക്കവാ തീരത്തും മറ്റിടങ്ങളിലും ആണ് അന്ന് മത്സ്യങ്ങളെ കണ്ടെത്തിയത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂമികുലുക്കമായിരുന്നു അത്. ഭൂമികുലുക്കം 19000 പേരുടെ മരണത്തിന് ഇടയാക്കിയ സുനാമിയിലേക്കും നയിച്ചു.

ഭൂമികുലുക്കത്തിന് മുമ്പ് മൃഗങ്ങള്‍ക്ക് അപകടം മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. മൃഗങ്ങള്‍ പരിഭ്രാന്തി കാണിച്ചതിന് പിന്നാലെ പലയിടത്തും മുമ്പ് ഭൂമികുലുക്കം ഉണ്ടായിട്ടുണ്ട്. സമുദ്രത്തിന്റെ ഏറെ അടിത്തട്ടില്‍ കഴിയുന്ന ഓര്‍ഫിഷുകള്‍ക്ക് ഭൂമിയുടെ അനക്കം വളരെ നേരത്തേ തിരിച്ചറിയാന്‍ കഴിയുമെന്നും പറയപ്പെടുന്നു.