അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കാത്തത് ഡൊണാള്‍ഡ് ട്രംപിന്റെ കഴിവില്ലായ്മയാണെന്ന് ഒബാമ പറഞ്ഞു.

സര്‍വകലാശാല ബിരുദാനച്ചടങ്ങില്‍ പങ്കെടുത്ത് ഓണ്‍ലൈനായി സംസാരിക്കുന്നതിനിടെയാണ് ഒബാമ ട്രംപിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ട്രംപിന്റെ പേരെടുത്തു പറയാതെയായിരുന്നു ഒബാമയുടെ വിമര്‍ശനം.

രാജ്യത്ത് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ഒബാമ വിമര്‍ശനമുന്നയിച്ചു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരില്‍ പലരും പ്രവര്‍ത്തിക്കുന്നില്ലെന്നു മാത്രമല്ല അതിന് ഉത്തരവാദപ്പെട്ട ആളാണെന്ന് ഭാവിക്കുകപോലും ചെയ്യുന്നില്ലെന്ന് ഒബാമ കുറ്റപ്പെടുത്തി.

കൊവിഡ് വ്യാപനത്തോടെ യുഎസില്‍ നിലനിന്നുവരുന്ന വംശീയ വിവേചനം കൂടുതല്‍ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും രാജ്യത്തെ കറുത്ത വര്‍ഗക്കാരനുഭവിച്ചിരുന്ന അധിക്ഷേപം വര്‍ധിച്ചതായും ഒബാമ പറഞ്ഞു.

കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ട്രംപിന് സാധിക്കാത്തതിനെ ഒബാമ നേരത്തെയും വിമര്‍ശിച്ചിരുന്നു. ‘മഹാദുരന്തം’ എന്നാണ് കൊവിഡ് പ്രതിസന്ധിയെ പ്രസിഡന്റ് ട്രംപ് കൈകാര്യം ചെയ്യുന്നതിനെ മെയ് ആദ്യം ഒബാമ വിശേഷിപ്പിച്ചത്.

ഏറ്റവും അധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് യുഎസിലാണ്. ഇവിടെ 14 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. 90,000 പേര്‍ വൈറസ് ബാധമൂലം രാജ്യത്ത് മരിക്കുകയും ചെയ്തു.