ലെസ്റ്റര്‍: പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയുടെ ശരീരഭാരം അപകടകരമായ നിലയിലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അമ്മയില്‍ നിന്ന് സംരക്ഷച്ചുമതല മാറ്റി. ലെസ്റ്ററിലെ ഫാമിലി കോര്‍ട്ട് ജഡ്ജിയുടേതാണ് നടപടി. ഇപ്പോള്‍ ഫോസ്റ്റര്‍ കെയറില്‍ സംരക്ഷിച്ചിരിക്കുന്ന കുട്ടിയുടെ സംരക്ഷണച്ചുമതല അമ്മയില്‍ നിന്ന് പൂര്‍ണ്ണമായും നീക്കം ചെയ്‌തേക്കുമെന്നാണ് കരുതുന്നത്. കുട്ടിയുടെ ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പാലിക്കണമെന്ന് സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അമ്മയ്‌ക്കെതിരെ ലോക്കല്‍ കൗണ്‍സില്‍ നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

പെണ്‍കുട്ടിയുടെ ബോഡി മാസ് ഇന്‍ഡെക്‌സ് അപകടകരമായ നിലയിലാണെന്ന് കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് ഫാമിലി കോര്‍ട്ട് ജഡ്ജിയായ ക്ലിഫോര്‍ഡ് ബെല്ലാമി നടത്തിയ പ്രൈവറ്റ് ഹിയറിംഗില്‍ ആരോഗ്യ വിദഗ്ദ്ധര്‍ ആശങ്ക അറിയിക്കുകയും ചെയ്തു. ഇതോടെയാണ് കുട്ടിയെ അമ്മയില്‍ നിന്ന് മാറ്റി ഫോസ്റ്റര്‍ കെയറില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവായത്. കുട്ടിയേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. വരുന്ന ദിവസങ്ങളില്‍ കുട്ടിയുടെ അമിതവണ്ണവും ആരോഗ്യ നിലയും സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കോടതി കേള്‍ക്കും.

ഇതിന്റെ അടിസ്ഥാനത്തിലാകും അമ്മയ്ക്ക് കുട്ടിയെ വിട്ടു നല്‍കണോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കുക. പുതിയ കണക്കുകള്‍ അനുസരിച്ച് പ്രൈമറി സ്‌കൂളുകളില്‍ നിന്ന് പുറത്തിറങ്ങുന്ന കുട്ടികളില്‍ മൂന്നിലൊന്ന് പേരും അമിതവണ്ണവും അമിതഭാരമുള്ളവരുമാണ്. സ്‌കൂളുകളില്‍ എത്തുന്നതിനു മുമ്പ് തന്നെ പത്തിലൊന്ന് കുട്ടികളും അമിതഭാരമുള്ളവരാകുന്നുവെന്നാണ് കണക്ക്. യുകെയില്‍ കഴിഞ്ഞ വര്‍ഷം 600ലേറെ കുട്ടികള്‍ക്കാണ് ടൈപ്പ് 2 പ്രമേഹം സ്ഥിരീകരിച്ചത്. 40 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കാണാറുള്ള രോഗമാണ് ഇത്. പഞ്ചസാരയുടെ അമിത ഉപയോഗമാണ് അമിത വണ്ണത്തിന് കാരണമാകുന്നത്.