ഒബ്ജക്ടീവ് സ്ട്രക്‌ചേര്‍ഡ് ക്ലിനിക്കല്‍ എക്‌സാമിനേഷന്‍ (ഒഎസ്‌സിഇ) പരീക്ഷയില്‍ തോറ്റ വിഷയങ്ങള്‍ വീണ്ടും എഴുതാന്‍ നഴ്‌സുമാര്‍ക്ക് അവസരമൊരുങ്ങുന്നു. നഴ്‌സ് ക്ഷാമം മൂലം വലയുന്ന എന്‍എച്ച്എസ് ആശുപത്രികളുടെ സമ്മര്‍ദ്ദമാണ് ഇതിന് കാരണം. ഇതേത്തുടര്‍ന്ന് ഒഎസ്‌സിഇ പരീക്ഷയില്‍ വന്‍ ഇളവുകളാണ് എന്‍എംസി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 16 മുതല്‍ ഒഎസ്‌സിഇ പരീക്ഷയില്‍ തോറ്റ വിഷയങ്ങള്‍ മാത്രം എഴുതിയാല്‍ മതിയാകും.

നഴ്‌സിംഗ് ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ ഐഇഎല്‍ടിഎസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും ബാന്‍ഡ് 7 വീതം സ്‌കോര്‍ ചെയ്യുകയും സിബിടി ഓണ്‍ലൈന്‍ പരീക്ഷ പാസാകുകയും വേണം. ഇവയില്‍ വിജയിച്ചല്‍ മാത്രമേ വിസക്ക് അപേക്ഷിക്കാനാകുമായിരുന്നുള്ളു. പിന്നീട് യുകെയില്‍ എത്തിയ ശേഷം മൂന്ന് മാസത്തിനുള്ളില്‍ ഒഎസ്‌സിഇ പരീക്ഷ കൂടി പാസാകണമായിരുന്നു.

കാഠിന്യമേറിയ ഒഎസ്‌സിഇ പരീക്ഷ നഴ്‌സുമാര്‍ക്ക് പേടിസ്വപ്‌നമായിരുന്നു. ഇനി മുതല്‍ പരീക്ഷയില്‍ തോല്‍ക്കുന്ന വിഷയങ്ങള്‍ മാത്രം എഴുതിയെടുത്താല്‍ മതി. ഒരു പ്രാവശ്യം പരീക്ഷയെഴുതാന്‍ 1000 പൗണ്ടായിരുന്നു ഫീസ്. പുതിയ രീതിയില്‍ പരീക്ഷാ ഫീസ് തുകയും കുറയും. ഈ മാസം 16 മുതല്‍ ഒഎസ്സിഇ പരീക്ഷയ്ക്കിരിക്കുന്നവര്‍ അവര്‍ തോറ്റ വിഷയങ്ങള്‍ മാത്രം എഴുതിയാല്‍  മതിയെന്ന് നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലിന്റെ സീനിയര്‍ ഇന്റര്‍നാഷണല്‍ രജിസ്ട്രേഷന്‍ മാനേജരായ ജാക്ക് ബാന്‍ഡ് സ്ഥിരീകരിച്ചു.

യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ എക്കണോമിക് ഏരിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ എന്‍എംസി രജിസ്ട്രറില്‍  ചേരാനായി അപേക്ഷിക്കുമ്പോള്‍ അവരുടെ കഴിവുകള്‍ നിര്‍ണയിക്കുന്നതിനും ഉറപ്പ് വരുത്തുന്നതിനും സ്വീകരിക്കുന്ന വഴിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.