ലക്ഷക്കണക്കിന് ഫോണ്‍, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളെ പിഴിയുന്ന ഫോണ്‍ കമ്പനികളെ പിടികൂടാന്‍ പദ്ധതിയുമായി റെഗുലേറ്റര്‍ ഓഫ്‌കോം. ഒറിജിനല്‍ കോണ്‍ട്രാക്ടുകള്‍ അവസാനിക്കുമ്പോള്‍ ഓട്ടോമാറ്റിക്കായി ഉയര്‍ന്ന താരിഫിലേക്ക് ഉപഭോക്താക്കളെ മാറ്റിക്കൊണ്ടുള്ള കൊള്ളയ്ക്ക് തടയിടാനാണ് നീക്കം. ഇക്കാര്യം അറിയിക്കാനായി ഒരു ടെക്സ്റ്റ് മെസേജ് അയക്കുക മാത്രമാണ് കമ്പനികള്‍ ചെയ്യാറുള്ളത്. കോണ്‍ട്രാക്ട് അവസാനിക്കുന്നുവെന്ന് കാട്ടി കമ്പനികള്‍ അയക്കുന്ന നോട്ടിഫിക്കേഷനുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഓഫ്‌കോം അറിയിച്ചു.

ഇത്തരത്തിലുള്ള ചെറിയ പരിശോധന പോലും സാധാരണകാര്‍ക്ക് നൂറ് കണക്കിന് പൗണ്ട് അധികം ചെലവാകുന്നത് ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. മിക്ക സേവനദാതാക്കളും കോണ്‍ട്രാക്ടുകള്‍ അവസാനിക്കുന്നതിനേക്കുറിച്ചുള്ള അറിയിപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കാറില്ല. ഉയര്‍ന്ന താരിഫിലേക്ക് ഇവര്‍ മാറ്റപ്പെടുകയും ചെയ്യും. ഉയര്‍ന്ന ബില്ലുകള്‍ കണ്ട് അന്തംവിടുന്ന ഉപഭോക്താക്കള്‍ അന്വേഷിക്കുമ്പോള്‍ മാത്രമായിരിക്കും വിവരം മനസിലാക്കുക. ഓഫ്‌കോമിന്റെ വിവരങ്ങള്‍ അനുസരിച്ച് 60 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ ഒരിക്കല്‍ പണം നല്‍കിയ ഹാന്‍ഡ്‌സെറ്റുകള്‍ക്കായി വീണ്ടും പണം നല്‍കേണ്ടതായി വന്നിട്ടുണ്ട്.

വിഷയത്തേക്കുറിച്ച് അറിവില്ലാത്ത ഉപഭോക്താക്കള്‍ കോളുകള്‍ക്കും മെസേജുകള്‍ക്കും ഡേറ്റയ്ക്കുമായി ആവശ്യമില്ലാതെ പണം നല്‍കിക്കൊണ്ടിരിക്കുകയാണെന്നും ഓഫ്‌കോം ഡേറ്റ പറയുന്നു. പ്രതിമാസം ശരാശരി 22 പൗണ്ടെങ്കിലും ഒരു വീടിന് അധികമായി ചെലവാകുന്നുണ്ടെന്നാണ് കണക്ക്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി പണമടക്കുന്നവര്‍ക്ക് ഈ തുക 38 പൗണ്ടായി ഉയരും. ആറു മാസത്തിനു ശേഷം മാത്രമാണ് അഞ്ചിലൊന്ന് ഉപഭോക്താക്കള്‍ തങ്ങളുടെ കോണ്‍ട്രാക്ട് കാലാവധി കഴിഞ്ഞതായി മനസിലാക്കുന്നത്. ഈ അശ്രദ്ധ മൂലം ഇവര്‍ക്ക് 228 പൗണ്ടെങ്കിലും ഇക്കാലയളവില്‍ നഷ്ടമായിട്ടുണ്ടാകുമെന്നും കണക്കുകള്‍ പറയുന്നു.