ന്യൂഡല്‍ഹി: തട്ടിക്കൊണ്ടുപായ എണ്ണക്കപ്പല്‍ കടല്‍കൊള്ളക്കാര്‍ വിട്ടയച്ചു. ഫെബ്രുവരി ഒന്ന് കാണാതായ എം.ടി മറൈന്‍ എക്‌സ്പ്രസ് എന്ന ചരക്കുകപ്പലും അതിലെ ജീവനക്കാരെയുമാണ് വിട്ടയച്ചത്. രണ്ട് മലയാളികള്‍ അടക്കം 22 ഇന്ത്യക്കാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. ഫെബ്രുവരി ഒന്ന് കാണാതായ എം.ടി മറൈന്‍ എക്‌സ്പ്രസ് എന്ന ചരക്കുകപ്പലിലെ ജീവനക്കാരെയാണ് വിട്ടയച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് കപ്പലും ജീവനക്കാരും മോചിപ്പിക്കപ്പെട്ടത്. കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് ആംഗ്ലോ-ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്മെന്റ് കമ്പനി ട്വീറ്റില്‍ വ്യക്തമാക്കി. കപ്പല്‍ മോചിപ്പിക്കപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. സഹകരണത്തിന് നൈജീരിയ, ബെനിന്‍ സര്‍ക്കാരുകള്‍ക്ക് നന്ദി അറിയിക്കുന്നതായും അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. കപ്പല്‍ കണ്ടെത്തുന്നതിന് എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് സുഷമ സ്വരാജ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. കപ്പല്‍ കണ്ടെത്തുന്നതിനായി ഇന്ത്യ നൈജീരിയ അടക്കമുള്ള രാജ്യങ്ങളുടെ സഹായംതേടിയിരുന്നു.

22 ജീവനക്കാരും 52 കോടി രൂപ (8.1 മില്ല്യണ്‍ ഡോളര്‍) മൂല്യമുള്ള ഇന്ധനവുമായി പോയ ചരക്കു കപ്പലാണ് ബെനിനില്‍ നിന്നും കാണാതായത്. 13,500 ടണ്‍ ഇന്ധനമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കാസര്‍കോട് ഉദുമ പെരിലവളപ്പിലെ ശ്രീ ഉണ്ണിയും കോഴിക്കോട് സ്വദേശിയായ ജീവനക്കാരനുമടക്കം രണ്ട് മലയാളികളും കപ്പലില്‍ ഉണ്ടായിരുന്നു.

ജനുവരി 31-നാണ് എം.ടി. മറൈന്‍ എക്സ്പ്രസില്‍ നിന്നുള്ള സിഗ്‌നല്‍ അവസാനമായി ലഭിച്ചത്. ആ സമയം ബെനിനിലെ കോട്ടോനോവിലായിരുന്നു കപ്പല്‍ ഉണ്ടായിരുന്നത്. അടുത്ത ദിവസം പുലര്‍ച്ചെ 2.36 ഓടെ ഉപഗ്രഹങ്ങളില്‍നിന്നും കപ്പല്‍ അപ്രത്യക്ഷമായി. രാജ്യത്തുടനീളം നാവിക പരിശീലന കേന്ദ്രങ്ങളുള്ള മുംബൈയിലെ ഈസ്റ്റ് അന്ധേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്മെന്റ് കമ്പനിയുടെ ജീവനക്കാരാണ് കാണാതായ കപ്പലിലുണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരും.