കൊച്ചി: സോളാര്‍ കമ്മീഷനു മുന്നില്‍ സരിത തെൡവുകള്‍ സമര്‍പ്പിച്ചു. താന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സാധൂകരിക്കുന്ന ടെലഫോണ്‍ സംഭാഷണങ്ങളുടെ സിഡിയാണ് സരിത നല്‍കിയത്. സലിം രാജ്, ബെന്നി ബെഹനാന്‍, തമ്പാനൂര്‍ രവി എന്നിവരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ തെളിവുകളാണ് കൈമാറിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം എബ്രഹാം കലമണ്ണില്‍ ഭീഷണിപ്പെടുത്തിയതായും സരിത വെളിപ്പെടുത്തി. ഇത് സാധൂകരിക്കുന്ന, ദൃശ്യങ്ങളടങ്ങിയ സിഡിയും സരിത കമ്മിഷന് കൈമാറിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തരുതെന്നും ഇതുവരെ നടത്തിയതിന്റെ തെളിവുകള്‍ നശിപ്പിക്കണമെന്നുമാണ് എബ്രഹാം കലമണ്ണില്‍ ഭീഷണിപ്പെടുത്തിയതെന്ന് സരിത വ്യക്തമാക്കി.ആറന്മുള വിമാനത്താവള നിര്‍മാണ കമ്പനിയുടെ പ്രധാനിയാണ് എബ്രഹാം കലമണ്ണില്‍. കലമണ്ണിനെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിക്കൊടുത്തത് താനാണെന്നും സരിത പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ബെന്നി ബെഹനാന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങളാണ് ഒരു സിഡിയിലുള്ളത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം ബെന്നി ബെഹനാന്‍ നടത്തിയ സംഭാഷണങ്ങളാണ് ഇതില്‍ പ്രധാനം. കേസുകള്‍ ഒത്തുതീര്‍ക്കാനും അതില്‍ സഹായിക്കാനും ബെന്നി ബെനാന്‍ നടത്തിയ ഇടപെടലുകളും മുഖ്യമന്ത്രിയും സര്‍ക്കാരും നല്‍കുന്ന വാഗ്ദാനങ്ങളുമാണ് ഈ സംഭാഷണത്തിലെ ഉള്ളടക്കം. സിഡികളും ഇതുമായി ബന്ധപ്പെട്ട അനുബന്ധ രേഖകളും സരിത കൈമാറിയിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് തമ്പാനൂര്‍ രവി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ സംഭാഷണവും തെളിവായി നല്‍കിയിട്ടുണ്ട്. സിഡിയിലുള്ളത്. ആലപ്പുഴക്കാരന്‍ ബാബുരാജിന്റെ ഭൂമി റീ സര്‍വ്വെ ചെയ്യണമെന്നാവശ്യപ്പെട്ട് സരിതയുടെ കൈപ്പടയില്‍ നല്‍കിയ അപേക്ഷയില്‍ മുഖ്യമന്ത്രി ഒപ്പിട്ടതിന്റെ തെളിവും സരിത കമ്മിഷന് കൈമാറി. ഈ അപേക്ഷ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

സോളാര്‍ കമ്മിഷനില്‍ സരിതെ വെളിപ്പെടുത്തല്‍ നടത്തിയ ശേഷവും എല്ലാ നിഷേധിച്ച മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും തെളിവുകള്‍ ഹാജരാക്കാനായിരുന്നു ആവശ്യപ്പെട്ടത്. ഒരു കടലാസ് എങ്കിലും തെളിവായി സരിത നല്‍കിയോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഈ വെല്ലുവിളിക്കുള്ള മറുപടിയായാണ് സരിത തെളിവുകള്‍ കൈമാറിയത്. സരിത നല്‍കിയ സിഡികളും രേഖകളും ആധികാരികത ഉറപ്പുവരുത്താതെ തെളിവായി സ്വീകരിക്കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ കമ്മിഷനില്‍ ആവശ്യപ്പെട്ടു.