ഒല്ലൂര്‍ പള്ളി സംഘര്‍ഷം രൂക്ഷമായി; വികാരിയെ മാറ്റാതെ ഒത്തുതീര്‍പ്പിനില്ലെന്ന് ഒരു സംഘം വിശ്വാസികള്‍

ഒല്ലൂര്‍ പള്ളി സംഘര്‍ഷം രൂക്ഷമായി; വികാരിയെ മാറ്റാതെ ഒത്തുതീര്‍പ്പിനില്ലെന്ന് ഒരു സംഘം വിശ്വാസികള്‍
February 19 17:58 2018 Print This Article

തൃശൂര്‍: ഒല്ലൂര്‍ ഫൊറോന പള്ളിയില്‍ കുറേ നാളുകളായി നീറിപ്പുകയുന്ന പ്രശ്‌നങ്ങള്‍ മൂര്‍ധന്യത്തില്‍ എത്തിയതോടെ  വന്‍ സംഘര്‍ഷം ഉടലെടുത്തിരിക്കുന്നു. വലിയൊരു വിഭാഗം വിശ്വാസികള്‍ വികാരി ജോണ്‍ അയ്യങ്കാനയ്ക്ക് എതിരെ രംഗത്തെത്തിയതോടെ ഇന്നലെ പള്ളിയില്‍ നടന്ന യോഗം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.

വിശ്വാസികളുടെ പൊതുയോഗം വിളിക്കാതെ ഫാദര്‍ ജോണ്‍ അയ്യങ്കാന തനിക്ക് താല്‍പ്പര്യമുള്ള ഗുണ്ടകളെ വച്ച് പള്ളിഭരണം കയ്യാളുന്നുവെന്നും എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് വലിയൊരു വിഭാഗം വിശ്വാസികളും ഇന്നലെ വികാരിക്ക് എതിരെ രംഗത്ത് എത്തിയത്. കഴിഞ്ഞ കുറെ നാളുകളായി ഒല്ലൂര്‍ പള്ളിയില്‍ വിശ്വാസികള്‍ കലാപം ആരംഭിച്ചിട്ട്. ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിന്റെ പിന്‍ബലത്തില്‍ ഒല്ലൂര്‍ പള്ളി വികാരി ഫാദര്‍ ജോണ്‍ അയ്യങ്കാനയിലിന്റെ ഗുണ്ടാവിളയാട്ടമാണ് പള്ളിയില്‍ നടക്കുന്നതെന്ന് ഒരു വിഭാഗം വിശ്വാസികള്‍ ആക്ഷേപിക്കുന്നു.

വികാരി ജോണ്‍ അയ്യങ്കാന പൊതുയോഗം വിളിക്കാതെ പ്രതിനിധി യോഗം വിളിച്ചതിനെ ചൊല്ലിയാണ് ഇന്നലെ ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തിയത്. ഇന്നലെ രാവിലെ പ്രതിനിധി യോഗം തുടങ്ങിയപ്പോള്‍ വികാരിയുടെ നടപടികള്‍ക്ക് എതിരെ ഇവര്‍ ചോദ്യമുയര്‍ത്തി. ഇതിനിടെ വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങി. മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജോണ്‍ കാഞ്ഞിരത്തിങ്കലിനെ വികാരിയെ അനുകൂലിക്കുന്ന ചിലര്‍ മര്‍ദ്ദിക്കുകയും ചെയ്തു.

കുറച്ചു സമയത്തിനകം മുന്‍ കൗണ്‍സിലറെ അനുകൂലിക്കുന്നവര്‍ കൂട്ടമായി എത്തുകയും വികാരിക്ക് എതിരെ ശക്തമായ ആരോപണങ്ങളുയര്‍ത്തുകയുമായിരുന്നു. ഇവരും വികാരിയെ അനുകൂലിക്കുന്നവരും തമ്മില്‍ ഇതേത്തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായി. ഇതിനിടെ ചിലര്‍ ബിഷപ്പ്‌സ് ഹൗസിലെത്തി വികാരിക്കെതിരെ നടപടിയുണ്ടാവണമെന്നും അടിയന്തിരമായി വികാരി ജോണ്‍ അയ്യങ്കാനയെ മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ഇവരുടെ ആവശ്യം ചെവിക്കൊണ്ടില്ല. ഇതേത്തുടര്‍ന്ന് സംഘര്‍ഷം മൂര്‍ച്ഛിച്ചു.

ഫാദര്‍ ജോണ്‍ അയ്യങ്കാനയെ അനുകൂലിക്കുന്നവര്‍ പള്ളിയുടെ താക്കോല്‍ക്കൂട്ടം കൊണ്ട് വിശ്വാസിയായ മുന്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ജോണ്‍ കാഞ്ഞിരത്തിങ്കലിനെ ഇടിച്ചുവീഴ്ത്തിയെന്നാണ് വികാരിക്ക് എതിരെ നിലകൊള്ളുന്ന വിശ്വാസികള്‍ ആരോപിക്കുന്നത്. ഇതേത്തുടര്‍ന്നാണ് വിശ്വാസികള്‍ അരമനയിലേക്ക് മാര്‍ച്ച് നടത്തിയത്. പൊറുതിമുട്ടിയ വിശ്വാസികള്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ് ആണ്ട്രൂസ് താഴത്തിനെ കണ്ടു സങ്കടം ഉണര്‍ത്തിക്കവെ വീണ്ടും പ്രശ്‌നമുണ്ടായി. അരമനയില്‍ അപ്പോള്‍ ഫാദര്‍ ജോണ്‍ അയ്യങ്കാനയോടൊപ്പം സംരക്ഷകര്‍ എന്ന മട്ടില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നു. അവര്‍ ആരെന്നു വിശ്വാസികള്‍ ചോദിച്ചതോടെ മറുപടി നല്‍കാതെ വിശ്വാസികളെ ആക്രമിച്ചുവെന്നാണ് ആരോപണം.

വിഷയം ഉന്നയിക്കാന്‍ വിശ്വാസികള്‍ എത്തിയ വേളയില്‍ ആര്‍ച്ച് ബിഷപ്പ് ആലപ്പുഴയിലേക്ക് പോകുകയാണെന്ന് പറഞ്ഞെന്നും ഇതേത്തുടര്‍ന്ന് ബിഷപ്പിന്റെ കാര്‍ തടഞ്ഞ് പ്രശ്‌നപരിഹാരം ഉണ്ടാവണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ”തല്ലുകൊണ്ടവര്‍ ആശുപത്രിയില്‍ പോയി കിടക്കടാ. അരമനയില്‍ അല്ലടാ വരേണ്ടത്.” എന്ന് ബിഷപ്പ് ആക്രോശിച്ചുവെന്ന് വിശ്വാസികള്‍ പറയുന്നു. ഇതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. ആര്‍ച്ച് ബിഷപ്പില്‍ നിന്ന് നടപടി പ്രതീക്ഷിക്കേണ്ടെന്നും വികാരിയുടെ പക്ഷംപിടിക്കുകയാണ് ആര്‍ച്ച് ബിഷപ്പെന്നും ആക്ഷേപം ശക്തമായി.

പിന്നീട് രാത്രി എട്ടു മണിക്ക് പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞ് ആര്‍ച്ച് ബിഷപ് സ്ഥലം വിട്ടു. വൈകീട്ട് എഴുമണി മുതല്‍ അരമനയില്‍ വിശ്വാസികള്‍ തടിച്ചുകൂടി. ഏകദേശം അഞ്ഞൂറോളം വിശ്വാസികള്‍ അരമനയില്‍ തടിച്ചുകൂടിയിരുന്നു. ഏറെ വൈകിയിട്ടും ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് സ്ഥലത്തെത്തിയില്ല. പിന്നീട് പത്തു മണിയോടെ പൊലീസ് അകമ്പടിയോടെയാണ് ആര്‍ച്ച് ബിഷപ്പ് സ്ഥലത്തെത്തിയത്. ചര്‍ച്ചയില്‍ ബിഷപ്പ് വിശ്വാസികളോട് സംസാരിക്കാന്‍ തയ്യാറായില്ല. പൊലീസിനെ മധ്യവര്‍ത്തിയാക്കിയായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ വികാരിയെ മാറ്റണമെന്ന ആവശ്യത്തില്‍ വിശ്വാസികള്‍ ഉറച്ചുനിന്നതോടെ വിഷയം പതിനാലാം തിയതി വിശദമായി ചര്‍ച്ചചെയ്യാം എന്ന ധാരണയില്‍ തല്‍ക്കാലം പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

പള്ളിയുടെ ഫണ്ട് ധൂര്‍ത്തടിക്കുന്നുവെന്നും തന്നിഷ്ടപ്രകാരം പള്ളിവാതിലുകള്‍ അടച്ചിട്ട് വിശ്വാസികളെ തുരത്തുന്നുവെന്നും എല്ലാമാണ് വികാരി ജോണ്‍ അയ്യങ്കാനയ്ക്ക് എതിരെ ഉയരുന്ന പ്രധാന ആക്ഷേപങ്ങള്‍. പ്രശ്‌നമുണ്ടായാല്‍ അത് പരിഹരിക്കുന്നതിന് പകരം സ്വകാര്യമുറിയില്‍ കടന്ന് വാതിലടയ്ക്കുന്നയാളാണ് ഫാദര്‍ ജോണ്‍ എന്നും എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നു. വിവാഹത്തിന് മുമ്പായി ഇടവകയിലെ പെണ്‍കുട്ടികളുടെ വീട്ടില്‍ നിന്ന് വന്‍ തുകകള്‍  വാങ്ങുന്നതായും ആരോപണം ഉയരുന്നുണ്ട്. ഫാദര്‍ ജോണ്‍ അയ്യങ്കാന വികാരിയായ എല്ലാ പള്ളികളിലും പ്രശ്‌നക്കാരന്‍ ആയിരുന്നുവെന്നും വിശ്വാസികള്‍ പറയുന്നു. നടപടികളെ എതിര്‍ക്കുന്നവരെ ഗുണ്ടകളെ വിളിച്ച് അടിച്ചമര്‍ത്തുന്നതായും അഭിസംബോധന ചെയ്യുന്നതുപോലും എടാപോടാ വിളികളോടെ ആണെന്നുമാണ് ആക്ഷേപം.

ഇതിന് അടിസ്ഥാനമായ ഒരു സംഭവവും വിശ്വാസികള്‍ വിവരിക്കുന്നു. പുല്ലൂരിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലെ ഡോ. ആന്റൊ മകന്റെ വിവാഹക്കാര്യം പറയാനാണ് പണ്ട് ഫാദര്‍ ജോണ്‍ കുരിയച്ചിറ എന്ന സ്ഥലത്തെ വികാരിയായ സമയത്ത് ചെന്നത്. എടോ പോടോ എന്ന വിളികേട്ട ഡോ. ആന്റോ ഫാദറിനോട് പറഞ്ഞു; ”എന്നെ ഒന്നുകില്‍ ഡോക്ടര്‍ അല്ലെങ്കില്‍ ആന്റോ എന്ന് വിളിച്ചാല്‍ മതി.” അങ്ങനെ പറഞ്ഞതിന് ഡോക്ടറോട് പ്രതികാരം ചെയ്തത് മകന്റെ വിവാഹത്തിന് അമ്പതിനായിരം രൂപ ചോദിച്ചാണെന്നാണ് ആക്ഷേപം. പിന്നീട് പലരും ഇടപ്പെട്ട് തുക അയ്യായിരമാക്കിയെങ്കിലും ഡോ. ആന്റോവിന്റെ മകന്റെ വിവാഹത്തിന് ഫാദര്‍ ജോണ്‍ അയ്യങ്കാനയില്‍ പങ്കെടുത്തില്ല. പകരം മറ്റൊരു വൈദികനെ വച്ചു കൊണ്ട് വിവാഹ കൂദാശ നിര്‍വഹിക്കുകയായിരുന്നുവെന്നാണ് ആരോപണം.

ഇത്തരത്തില്‍ വിശ്വാസികളെ വെല്ലുവിളിച്ച് തന്നിഷ്ടം നടത്തുകയും വിശ്വാസികളെ തല്ലിയൊതുക്കാന്‍ ആളെ ഏര്‍പ്പാടാക്കുകയും ചെയ്യുന്ന വികാരിക്ക് ആര്‍ച്ച് ബിഷപ്പ് സംരക്ഷണം കൊടുക്കുകയാണെന്നും വിശ്വാസികള്‍ പറയുന്നു. ഇന്നലത്തെ സംഘര്‍ഷത്തോടെ പ്രശ്‌നം അതീവ ഗുരുതരമായിരിക്കുകയാണ് ഒല്ലൂരില്‍. 14 നടക്കുന്ന ചര്‍ച്ചയില്‍ വികാരിയുടെ സ്ഥലംമാറ്റം ഉണ്ടാവണമെന്ന വാദവുമായി കൂടുതല്‍ പേര്‍ എത്തുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

പള്ളിയില്‍ നടന്ന സംഘര്‍ഷത്തിന്റെ വീഡിയോ കാണാം

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles