മസ്‌കറ്റ്: പ്രവാസി തൊഴിലന്വേഷകര്‍ക്ക് തിരിച്ചടിയായി ഒമാനില്‍ രണ്ടുവര്‍ഷത്തെ വിസാനിരോധനം കര്‍ശനമാക്കുന്നു ഒമാനില്‍നിന്ന് തൊഴില്‍വിസ റദ്ദാക്കി പോകുന്നവര്‍ക്ക് രണ്ടുവര്‍ഷത്തെ വിസാനിരോധനം ഏര്‍പ്പെടുത്തുന്ന നിയമം കൂടുതല്‍ കര്‍ശനമാക്കുന്നു. പഴയ സ്‌പോണ്‍സറുടെ എന്‍ഒസിയുണ്ടെങ്കില്‍ ജോലിമാറാമെന്ന ഇളവുകൂടി എടുത്തുകളയാന്‍ തീരുമാനിച്ചതായി ഒമാനിലെ പ്രമുഖ ദിനപത്രം ‘ടൈംസ് ഓഫ് ഒമാന്‍’ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഒമാനില്‍നിന്ന് ജോലി ഒഴിവാക്കി പോവുന്നവര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ രണ്ടുവര്‍ഷം കാത്തിരിക്കണം. പഴയ തൊഴിലുടമ എന്‍ഒസി നല്‍കുകയാണെങ്കില്‍ രണ്ടുവര്‍ഷം കാത്തിരിക്കാതെ പുതിയ വിസക്ക് അപേക്ഷിക്കാമെന്ന ഇളവ് നിലവിലുണ്ടായിരുന്നു.
എന്നാല്‍, ഇപ്പോള്‍ ഈ ഇളവാണ് എടുത്തുമാറ്റുന്നത്. ഇതോടെ രണ്ടുവര്‍ഷ വിസാ കാലാവധി കഴിഞ്ഞോ അല്ലാതെയോ ഏതുരീതിയില്‍ ജോലിയുപേക്ഷിക്കുന്നവരായാലും പുതിയ വിസക്ക് രണ്ടുവര്‍ഷം കാത്തിരിക്കേണ്ടി വരും. എന്നാല്‍, അതേ സ്‌പോണ്‍സറുടെ കീഴില്‍ ജോലിമാറുന്നവര്‍ക്ക് നിരോധനം ബാധകമല്ല. കഴിഞ്ഞദിവസം പഴയ തൊഴിലുടമയുടെ എന്‍ഒസി സഹിതം നല്‍കിയ വിസ അപേക്ഷ അധികൃതര്‍ തള്ളിയിരുന്നു. പഴയ തൊഴിലുടമ എമിഗ്രേഷനില്‍ നേരി ട്ടെത്തി ആവശ്യപ്പെട്ടാല്‍മാത്രമെ വിസക്ക് ക്ലിയറന്‍സ് ലഭിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. തൊഴിലുടമയത്തെിയതോടെ വിസയും ലഭിച്ചിരുന്നു. ഒമാനില്‍ നേരത്തെ ആര്‍ക്കും എപ്പോഴും തൊഴില്‍മാറാമായിരുന്നു. പുതിയ അവസരം ലഭിക്കുമ്പോള്‍ പഴയ കമ്പനി ഒഴിവാക്കി നിരവധിപേര്‍ പോയിരുന്നു. ഇത് തൊഴിലന്വേഷകര്‍ക്ക് അനുഗ്രഹവുമായിരുന്നു. പറ്റിയ അവസരം ലഭിച്ചാല്‍ മാറാന്‍ കഴിയുമെന്നത് തൊഴില്‍ സുരക്ഷിതത്വവും നല്‍കിയിരുന്നു.