ഭര്‍ത്തൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് 60 കാരനായ ഒമാനി ഷെയ്ഖിന് വിവാഹം കഴിച്ചു കൊടുത്ത 16 കാരിയായ മകളെ തിരികെ ഇന്ത്യയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മാതാവിന്റെ പരാതി.

ഹൈദരാബാദില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് സെയ്ദാ ഉന്നിസ ബുധനാഴ്ച പോലീസില്‍ പരാതി നല്‍കി. മസ്‌ക്കറ്റിലേക്ക് കൊണ്ടുവന്ന മകളെ മടക്കി കൊണ്ടുവരാന്‍ സഹായിക്കണമെന്നാണ് ഉന്നയിച്ചിരിക്കുന്ന ആവശ്യം.

റംസാന്‍ ആഘോഷത്തിനായി ഹൈദരാബാദില്‍ എത്തിയ ഭര്‍ത്തൃസഹോദരി ഗൗസിയയും ഭര്‍ത്താവ് സിക്കന്ദറും മകളെ കൊണ്ടുപോകുകയും ഷെയ്ഖുമായി മകളുടെ വിവാഹം നടത്തിയതെന്നും ആരോപിച്ചു. തന്റെ എതിര്‍പ്പിനെ മറികടന്നാണ് എല്ലാം ചെയ്തതെന്നും പറഞ്ഞു.

അഞ്ചു ലക്ഷം രൂപയ്ക്കാണ് പെണ്‍കുട്ടിയെ വാങ്ങിയതെന്നും പണം സിക്കന്ദര്‍ കൈപ്പറ്റിയെന്നും തുക തിരിച്ചു നല്‍കിയാല്‍ മകളെ തിരിച്ചു കൊടുക്കാമെന്ന് ഷെയ്ഖ് പറഞ്ഞതായും ഇവര്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച ഉന്നീസ ഫലക്കുനുമാ പോലീസിന് പരാതി നല്‍കി. ഷെയ്ഖിനെ വിവാഹം കഴിച്ചാല്‍ കിട്ടുന്ന ആഡംബര ജീവിതത്തിന്റെ വീഡിയോകള്‍ കാണിച്ചാണ് സിക്കന്ദര്‍ മകളുടെ വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷം നാലുദിവസം കൗമാരക്കാരിയായ ഭാര്യയുമായി ഒമാന്‍ പൗരന്‍ നഗരത്തിലെ ഹോട്ടലില്‍ കഴിയുകയും അതിന് ശേഷം തീഗല്‍കുണ്ടയിലെ സിക്കന്ദറിന്റെ വീട്ടിലേക്ക് പോകുകയും പിന്നീട് ഇന്ത്യ വിടുകയും ചെയ്തു. കിട്ടിയ ചുരുങ്ങിയ സമയത്തിനകത്ത് സിക്കന്ദര്‍ ഒമാനിലേക്ക് പോകാനുള്ള പെണ്‍കുട്ടിയുടെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും ശരിയാക്കുകയും ചെയ്തു.

മകളെ കാണാതായതോടെ ഉന്നീസ പലതവണ സിക്കന്ദറിന്റെ വീട്ടില്‍ ചെന്നെങ്കിലും ഫലം കാണാതെ വന്നതോടെയാണ് അന്വേഷിച്ച് വിവരം അറിഞ്ഞത്. മകളെ തിരിച്ചു നല്‍കാന്‍ സിക്കന്ദറിനോട് ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. കുറ്റവാളികളെ എത്രയും വേഗം പിടിച്ച് മകളെ സുരക്ഷിതമായി മടക്കിക്കിട്ടാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.