ഇന്ത്യൻ സിനിമാചരിത്രത്തിൽ നിർണായകസ്ഥാനമുള്ള മുംബൈയിലെ ആർ.കെ ഫിലിംസ്റ്റുഡിയോ ഓർമയാകുന്നു. സ്റ്റുഡിയോ വിൽക്കാൻ തീരുമാനിച്ചതായി കപൂർകുടുംബം പ്രഖ്യാപിച്ചു. ബോളിവുഡ് ഇതിഹാസം രാജ്കപൂര്‍ ഏഴുപതിറ്റാണ്ട് മുൻപ് സ്ഥാപിച്ച സ്റ്റുഡിയോ, ഒരുകാലത്ത് ഹിന്ദിസിനിമയുടെ വിജയത്തിന്‍റെ പര്യായമായിപോലും അറിയപ്പെട്ടിരുന്നു.

‘ഹൃദയത്തെ കല്ലാക്കിക്കൊണ്ട്, എന്നാൽ നന്നായി ആലോചിച്ചാണ് ഈ തീരുമാനം’. സ്റ്റുഡിയോ വിൽക്കാനുള്ള കപൂർ കുടുംബത്തിൻറെ തീരുമാനത്തെക്കുറിച്ച് ഉടമകളിലൊരാളായ ഋഷി കപൂർ പറഞ്ഞു.

ഡാൻസ് റിയാലിറ്റിഷോ ചിത്രീകരണത്തിനിടെ കഴിഞ്ഞവർഷം സ്റ്റുഡിയോയിൽ വൻ അഗ്നിബാധ ഉണ്ടായിരുന്നു. പ്രധാനവേദിയും പഴയകാല സിനിമകളുടെ വസ്തുക്കളും കത്തിനശിച്ചു. പുതുക്കിപണിത് നിലനിർത്തുന്നത് വൻസാമ്പത്തിക ചെലവ് എന്നതിനൊപ്പം, വസ്തുവകകളിൽ തർക്കം ഉടലെടുത്തേക്കാമെന്നതും തീരുമാനത്തിന് പിന്നിലുണ്ട്. ഏഴുപതിറ്റാണ്ടോളം ഇന്ത്യൻസിനിമയുടെ ഭാഗമായിരുന്ന സ്റ്റുഡിയോ വിൽക്കാനുള്ള തീരുമാനത്തെ സിനിമാപ്രവർത്തകർ വൈകാരികമായാണ് കാണുന്നത്.

1948ലാണ് രാജ്കപൂർ ആർ.കെ ഫിലിംസ് സ്ഥാപിച്ചത്. ബോളിവുഡ് ഹിറ്റുകളായ ആവാര, മേരാ നാംജോക്കർ, ബോബി തുടങ്ങി നൂറുകണക്കിന് സിനിമകളും, നിരവധി പരസ്യ, ചാനൽപരമ്പരകൾക്കും ആർ.കെ വേദിയായി.