ലണ്ടന്‍: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണത്തിലുള്ള ദുരൂഹതകള്‍ക്ക് വിരാമമിട്ട് ബ്രിട്ടീഷ് വെബ്‌സൈറ്റിന്റെ വെളിപ്പെടുത്തല്‍. 1945ല്‍ തായ്‌റവാനിലുണ്ടായ ഒരു വിമാനാപകടത്തിലാണ് ബോസ് മരിച്ചതെന്നാണ് സൈറ്റ് അവകാശപ്പെടുന്നത്. www.bosefiles.info എന്ന ഈ വെബ്‌സൈറ്റ് വിമാനാപകടത്തിന് സാക്ഷികളായവരെ ഉദ്ധരിച്ചാണ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. സാക്ഷികളേക്കൂടാതെ വിമാനാപകടത്തേക്കുറിച്ചുള്ള രണ്ട് ബ്രിട്ടീഷ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും സൈറ്റ് തെളിവായി നല്‍കുന്നു. 1945 ഓഗസ്റ്റ് 18ന് വിയറ്റ്‌നാമിലെ ടുറാനില്‍നിന്ന് പറന്നുയര്‍ന്ന ജാപ്പനീസ് വ്യമസേനയുടെ ബോംബര്‍ വിമാനമാണ് തകര്‍ന്നു വീണത്. ഇതില്‍ നേതാജിയുള്‍പ്പെടെ പതിമൂന്നോളം യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടയാളും നേതാജിയുടെ സഹായിയുമായരുന്ന കേണല്‍ ഹബീബ് ഉര്‍ റഹ്മാന്‍ പറയുന്നത്, പറന്നുയര്‍ന്ന് അല്‍പ സമയത്തിനു ശേഷം വലിയൊരു സ്‌ഫോടനമുണ്ടായി എന്നാണ്. റണ്‍വേക്ക് നൂറ് മീറ്റര്‍ പിന്നിട്ടപ്പോള്‍ത്തന്നെ വിമാനത്തിന്റെ മുന്‍ഭാഗത്തിന് തീപിടിച്ചിരുന്നുവെന്നും തകര്‍ന്നു വീഴുകയായിരുന്നുവെന്നുമാണ് വിമാനത്താവളത്തിലെ ഗ്രൗണ്ട് എന്‍ജിനീയറായിരുന്നു യാമാമോട്ടോ എന്ന ക്യാപ്റ്റന്‍ നകാമുറ വെളിപ്പെടുത്തുന്നത്.

അപകടത്തിനു പിന്നാലെ നേതാജിയെ അവസാനമായി കണ്ടതിനേക്കുറിച്ച് വിമാനത്തിലുണ്ടായിരുന്ന ലെഫ്റ്റനന്റ് കേണല്‍ ഷിറോ നോനോഗാക്കി വിവരിക്കുന്നു. വിമാനത്തിന്റെ തകര്‍ന്ന ഇടതു ചിറകിന്റെ ഇടത്തേയറ്റത്ത് നതാജി നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കോട്ടിന് തീ പിടിച്ചിരുന്നു. അദ്ദേഹത്തിന്റ വസ്ത്രങ്ങള്‍ ഊരിമാറ്റാന്‍ സഹായികള്‍ ശ്രമിക്കുന്നുണ്ടായിരുന്ന. പെട്രോള്‍ ടാങ്കിന് അടുത്തായാണ് നേതാജി ഇരുന്നിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശരീരമാകെ പെട്രോള്‍ പടരുകയും പെട്ടെന്നുതന്നെ തീപിടിക്കുകയുമായിരുന്നെന്നും നോനോഗാക്കി വിവരിക്കുന്നു.

വെബ്‌സൈറ്റ് നല്‍കുന്ന വിവരങ്ങളനുസരിച്ച് ദൃക്‌സാക്ഷികളുടെ വിവരണങ്ങളില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ട്. അപകടം നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവര്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നത്. എങ്കിലും വിമാനാപകടം നടന്നതായും നേതാജിക്ക് ഗുരുതരമായി പൊള്ളലേറ്റതായും എല്ലാവരും സമ്മതിക്കുന്നുണ്ട്.

റഹ്മാനോട് നേതാജി പറഞ്ഞ അവസാനത്തെ വാക്കുകളും വെബ്‌സൈറ്റ് കുറിച്ചിട്ടുണ്ട്. നിങ്ങള്‍ ഇന്ത്യയിലെത്തുമ്പോള്‍ ജനങ്ങളോട് പറയണം ഞാന്‍ എന്റെ അവസാനം വരെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി എന്ന്. അവര്‍ തങ്ങളുടെ സമരം തുടരണമെന്നും ആവശ്യപ്പെടണം. ഇന്ത്യയെ എക്കാലത്തേക്കും ബന്ധനത്തിലിടാന്‍ ആര്‍ക്കും കഴിയില്ല. ഉടന്‍ തന്നെ രാജ്യം സ്വാതന്ത്യം നേടും എന്നത് തീര്‍ച്ചയാണെന്നം കേണല്‍ റഹ്മാനോട് നേതാജി പറഞ്ഞു.