ഓണം ബംപര്‍ ഒന്നാം സമ്മാനം 12 കോടി കരുനാഗപ്പളളിയിലെ ആറുപേര്‍ക്ക്. ചുങ്കത്തെ സ്വര്‍ണക്കടയിലെ ജീവനക്കാര്‍ പിരിവിട്ടെടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.

രതീഷ്. റോണി, രാജീവന്‍, സുബിന്‍, രഞ്ജിന്‍, വിവേക് എന്നിവരാണ് ഭാഗ്യശാലികള്‍. ഇവര്‍ 100 രൂപ വീതം പിരിവിട്ട് ആറുപേര്‍ രണ്ടു ടിക്കറ്റ് ഇന്നലെയാണ് വാങ്ങിയത്. കായംകുളത്തെ ഏജന്‍റ് ശിവന്‍കുട്ടിയുടെ കരുനാഗപ്പളളിയിലെ കടയിലാണ് ടിക്കറ്റ് വിറ്റത്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ ഭാഗ്യശാലിയുടെ കൈയിലെത്തുന്നത്. ഇവര്‍ക്ക് നികുതിയും കമ്മിഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപ ലഭിക്കും.

കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബംപറിന്റേത്. സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജന്‍സി കമ്മിഷന്‍. ഇതു കുറച്ച് ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാര്‍ഹരില്‍നിന്ന് ഈടാക്കും. എല്ലാം കഴിച്ച് ബാക്കി 7.56 കോടി രൂപയാണ് സമ്മാനര്‍ഹര്‍ക്ക് ലഭിക്കുക. ആറു പേരും തുല്യമായി വീതിച്ചെടുത്താല്‍ 1.26 കോടി വീതം കയ്യില്‍ കിട്ടും.ഓണം ബംപറിന്റെ ഫലമറിയാന്‍ ജനം തിക്കിതിരക്കിയതോടെ ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റ് പണി മുടക്കിയിരുന്നു.

ഒരു കോടി ഇരുപതു ലക്ഷം ഏജന്‍സിക്ക് കമ്മിഷനായി ലഭിക്കും. തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ മന്ത്രി ജി.സുധാകരനാണ് ബംപര്‍ ജേതാവിനെ നറുക്കെടുത്തത്. രണ്ടാം സമ്മാനമായി 50 ലക്ഷംവീതം പത്തുപേര്‍ക്ക് ലഭിച്ചു.