ഇന്ത്യന്‍ കോച്ചായി സൗരവ്വ് ഗാംഗുലി വരണമെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ ഒരുപാടുണ്ട്. പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരിക്കുന്ന സാഹചര്യത്തില്‍ പലരും ഈ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ആ ആഗ്രഹം തന്റെ മനസിലുണ്ടെന്ന് ഗാംഗുലിയും വ്യക്തമാക്കിയിരിക്കുകയാണ്.

”തീര്‍ച്ചയായും, എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ ഇപ്പോഴല്ല. കുറച്ചുകൂടി കഴിയട്ടെ, ഞാന്‍ അന്ന് ശ്രമിക്കാം” ഗാംഗുലി പറഞ്ഞു. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി. ഒപ്പം ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേഷ്ടാവുമാണ് ദാദ. കൂടാതെ കമന്റേറ്ററായും ഗാംഗുലി ക്രിക്കറ്റ് ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ്.

”ഇപ്പോള്‍ ഞാന്‍ ഒരുപാട് ജോലികളുടെ തിരക്കിലാണ്. ഐപിഎല്‍, സിഎബി, ടിവി കമന്ററി അങ്ങനെ. ഇത് തീര്‍ക്കട്ടെ. പക്ഷെ ഒരുനാള്‍ ആ തൊപ്പി ഞാനണിയും. തിരഞ്ഞെടുക്കപ്പെട്ടാല്‍. എനിക്ക് താല്‍പര്യമുണ്ട്. ഇപ്പോഴല്ല, ഭാവിയില്‍” ഗാംഗുലി വ്യക്തമാക്കി. ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകനായി വിലയിരുത്തപ്പെടുന്ന ഗാംഗുലി നയിക്കുന്ന ഉപദേശക സമിതിയാണ് ശാസ്ത്രിയെ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

അതേസമയം, രവി ശാസ്ത്രിയുടെ കാലാവധി വിന്‍ഡീസ് പര്യടനത്തോടെ അവസാനിക്കും. പകരക്കാരനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വീണ്ടുമൊരു അവസരത്തിനായി ശാസ്ത്രിയും അപേക്ഷ നല്‍കിയിട്ടുണ്ട്. കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശീലകനെ തിരഞ്ഞെടുക്കുന്നത്. ശാസ്ത്രി വീണ്ടും വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.