ലണ്ടന്‍: വിന്ററിന്റെ ആദ്യ ആഴ്ചകളില്‍ത്തന്നെ എന്‍എച്ച്എസ് ആശുപത്രികള്‍ നിറഞ്ഞു കവിയുന്നു. അഞ്ചിലൊന്ന് ട്രസ്റ്റുകളും തങ്ങളുടെ പരമാവധി ശേഷിയില്‍ രോഗികളെ പ്രവേശിപ്പിച്ചു കഴിഞ്ഞതായി അറിയിച്ചു. വിന്റര്‍ മൂലമുണ്ടാകുന്ന അസുഖങ്ങള്‍ മൂലം ഹെല്‍ത്ത് സര്‍വീസിന്റെ പരമാവധി ശേഷിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തനമെന്നാണ് വ്യക്തമാക്കപ്പെടുന്നത്. വിന്റര്‍ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍ 137ല്‍ 25 ട്രസ്റ്റുകളും ബെഡുകള്‍ ഒന്നും ശേഷിക്കാതെ ഒന്നില്‍ കൂടുതല്‍ ദിവസങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആകെ ആശുപത്രികളുടെ 18 ശതമാനം വരും ഇത്. 14 ദിവസങ്ങള്‍ക്കിടൈ 99 പ്രാവശ്യമെങ്കിലും നിറഞ്ഞു കവിഞ്ഞതായി ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്തു. 460 കിടക്കകളുള്ള നോര്‍ത്ത് മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ രണ്ടാഴ്ചക്കിടെ ബെഡുകള്‍ ഒഴിഞ്ഞിട്ടില്ലെന്നാണ് കണക്ക്. എല്ലാ എന്‍എച്ച്എസ് ട്രസ്റ്റുകളും രോഗികളുടെ തള്ളിക്കയറ്റമുണ്ടാകുന്നുവെന്ന വിവരമാണ് പങ്കുവെക്കുന്നത്.

സാധാരണ ഗതിയില്‍ 85 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ വിന്ററില്‍ പ്രതിസന്ധിയിലാകുന്നത് സ്വാഭാവികമാണെന്നാണ് വിദഗദ്ധര്‍ പറയുന്നത്. ഇത് ആശുപത്രികളെ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് മാത്രമല്ല, ആശുപത്രികളില്‍ നിന്നുള്ള അണുബാധക്കുള്ള സാധ്യതകള്‍ ഉയര്‍ത്തുകയും ചെയ്യും. കഴിഞ്ഞയാഴ്ച വയറിളക്കവും ഛര്‍ദ്ദിയുമായി ഒട്ടേറെ രോഗികള്‍ എത്തിയപ്പോള്‍ ആശുപത്രികളില്‍ സ്ഥലമില്ലാത്ത അവസ്ഥ ഉണ്ടായിരുന്നു.