ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് ക്രൂര മർദ്ദനം ഏറ്റു വാങ്ങേണ്ടി വന്ന വീട്ടമ്മ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി ഫെയ്സ്ബുക്കിൽ. ഭർത്താവിൽ നിന്നുളള ക്രൂര പീഡനത്തെ കുറിച്ച് പൊലീസിൽ പരാതി ഉന്നയിച്ചപ്പോൾ പാർട്ടിയിലെ ചിലർ ഇടപെട്ട് അട്ടിമറിച്ചതായും വീട്ടമ്മ ഫെയ്സ്ബുക്കിൽ കുറിപ്പിൽ ആരോപിക്കുന്നു. തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി സുനിത ചരുവിൽ ആണ് നീതി തേടി സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്.
എകെജി ഭവനിലുള്ള ഭര്‍തൃസഹോദരിയും ചിന്തയില്‍ ജോലി ചെയ്യുന്ന ഭര്‍തൃസഹോദരിയുടെ ഭര്‍ത്താവും ചേര്‍ന്നാണ് തന്റെ പരാതിയില്‍ നടപടി എടുക്കാതിരിക്കാന്‍ പൊലീസിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കുന്നതെന്ന് സുനിത ആരോപിക്കുന്നു. കഴിഞ്ഞ 21 വർഷമായ ഭർതൃപീഡനം അനുഭവിക്കുകയാണെന്നും ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് ശേഷം സമൂഹത്തിന് മുന്നിൽ ഭ്രാന്തിയായി ചിത്രീകരിക്കുകയായിരുന്നുവെന്നും സുനിത പരാതിപ്പെടുന്നു. രണ്ടു വർഷം മുൻപ് എന്റെ കൈ തല്ലിയൊടിച്ചു. ശരീരമാസകലം പരിക്കേൽപിച്ചു. എന്നിട്ടും പോലീസ് ഇടനിലക്കാരായി ഒതുക്കി തീർത്തു- സുനിത ആരോപിക്കുന്നു.

കഴിഞ്ഞ ജനുവരി 9 ന് അച്ഛന്റെ മരണാവശ്യങ്ങൾ കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയ തന്നെ യാതൊരു പ്രകോപനങ്ങളുമില്ലാതെ ശരീരമാസകലം തല്ലിചതയ്ക്കുകയും വാരിയെല്ലുകൾക്ക് ക്ഷതം സംഭവിക്കുന്ന വിധം ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതായി സുനിത ആരോപിക്കുന്നു. ദുർബലമായ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട കേസ് ആയതിനാൽ ഞങ്ങൾക്ക് ഇത്രയൊക്കെ ചെയ്യാനേ കഴിയൂ എന്ന് സ്ഥലം സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞതായും കത്തിൽ പറയുന്നു.
സ്ത്രീ സുരക്ഷ ഉറപ്പു വരുത്തും എന്ന് പറഞ്ഞു അധികാരത്തിലേറിയ അങ്ങയുടെ അറിവോടെയാണോ നിരാലംബയായ എന്നെ ഇത്ര മാരകമായി മർദിച്ച ആളെ സഹായിക്കുന്ന തരത്തിലുള്ള ഇടപെടൽ ഉണ്ടായത്. താങ്കളുടെ അറിവോടെയല്ലെങ്കിൽ അങ്ങയുടെ ഓഫീസിന്റെ മറവിൽ നടക്കുന്ന ഇത്തരം അനീതികൾ അവസാനിപ്പിച്ച് തനിക്ക് നീതി ലഭിക്കത്തക്കവിധത്തിലുള്ള ഇടപെടൽ ഉണ്ടാകണന്നും വീട്ടമ്മ അപേക്ഷിക്കുന്നു.