തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേയും മന്ത്രിമാര്‍ക്കെതിരേയും അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ നയപ്രഖ്യാപനം നടത്തരുതെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടു. അഴിമതി സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തരുതെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ കക്ഷിനേതാക്കള്‍ ഗവര്‍ണര്‍ പി. സദാശിവത്തെ സന്ദര്‍ശിച്ചത്. എന്നാല്‍ ഭരണഘടനാപരമായ ബാധ്യത നിറവേറ്റുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. പ്രതിപക്ഷത്തിന് ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചതായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.
മന്ത്രിസഭയിലെ എല്ലാവരും അഴിമതി ആരോപണം നേരിടുന്നവരാണെന്നും സര്‍ക്കാരിന്റെ ഹീനമായ മുഖം ഗവര്‍ണറെ ബോധ്യപ്പെടുത്തിയതായും വിഎസ് പറഞ്ഞു. അഴിമതികളുടെ അയ്യരുകളിയാണ് സംസ്ഥാനത്ത് നടക്കുന്നത്. നയപ്രഖ്യാപനത്തിന് മുമ്പ് സര്‍ക്കാര്‍ നേരിടുന്ന ഗുരുതരാവസ്ഥ ബോധ്യപ്പെടണം. കെഎം മാണി ബജറ്റ് അവതരിപ്പിച്ചപ്പോഴുള്ള സാഹചര്യമാണ് ഇപ്പോഴുമുള്ളതെന്ന് ശ്രദ്ധയില്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളും ഗവര്‍ണറെ അറിയിച്ചതായി വിഎസ് കൂട്ടിച്ചേര്‍ത്തു.

മറ്റന്നാളാണ് നിയസഭാ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ബാര്‍ കോഴ ആരോപണത്തേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് അവതരണം പ്രതിപക്ഷം തടയാന്‍ ശ്രമിച്ചത് സഭയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സരിതാ നായര്‍ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരേ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം സമ്മേളനത്തില്‍ പ്രതിഷേധമുയര്‍ത്തുമെന്ന കാര്ം ഉറപ്പാണ്. ധനമന്ത്രി സ്ഥാനത്ത് ആളില്ലാത്തതിനാല്‍ മുഖ്യമന്ത്രിയായിരിക്കും ബജറ്റ് അവതരിപ്പിക്കുക.