ഒക്ടോബർ 31ന് തന്നെ ഒരു കരാറിലൂടെയോ അല്ലാതെയോ ബ്രെക്സിറ്റ്‌ നടത്തിയെടുക്കുമെന്ന ഉറച്ച നിലപാടിലാണ് ബോറിസ് ജോൺസൻ. ബ്രസൽസുമായുള്ള കരാർ അംഗീകരിക്കാൻ കഴിയില്ലെങ്കിലും ഒക്ടോബർ 31ന് യൂറോപ്യൻ യൂണിയൻ വിടുമെന്ന് ജോൺസൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരു കരാറില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടാൽ മറ്റ് അനേകം പ്രശ്നങ്ങൾക്കാവും അത് വഴിയൊരുക്കുക. അതിനാൽ നോ ഡീൽ ബ്രെക്സിറ്റ് തടയാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ എംപിമാർ. പാർലമെന്റിൽ നിയമനിർമാണം പാസാക്കുന്നതിലൂടെ നോ ഡീൽ ബ്രെക്സിറ്റിനെ തടയുമെന്നും അതിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും അവർ അറിയിച്ചു. ജോ സ്വിൻസൺ, ജെറമി കോർബിൻ, കരോളിൻ ലൂക്കാസ്, ഇയാൻ ബ്ലാക്ക്‌ഫോർഡ് എന്നിവർ ചൊവ്വാഴ്ച ചർച്ച നടത്തി. സർക്കാരിനെ താഴെയിറക്കാൻ അവിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് ഒരു മാർഗമാണെന്നും അവർ പറഞ്ഞു. ആർട്ടിക്കിൾ 50 നീട്ടുന്നതിനും ഒക്ടോബർ 31 എന്ന അന്തിമകാലാവധി ഒഴിവാകുന്നതിനുമുള്ള ഏറ്റവും നല്ല മാർഗം നിയമനിർമാണത്തിലൂടെ മുന്നോട്ട് പോകുക എന്നതാണെന്ന് ഗ്രീൻ എംപി കരോളിൻ ലൂക്കാസ് അഭിപ്രായപ്പെട്ടു. നോ ഡീൽ ബ്രെക്സിറ്റ് തടയുന്നതിനായി നിയമനിർമാണം പാസാക്കുന്നതിനെ അനുകൂലിക്കുന്നെന്ന് ജോ സ്വിസൺ പറഞ്ഞു.

സർക്കാരിൽ ഒരു അവിശ്വാസ വോട്ടെടുപ്പ് നടത്തി നോ ഡീൽ ബ്രെക്സിറ്റ്‌ തടയാമെന്ന അഭിപ്രായമാണ് കോർബിന്റേത്. ജോൺസന് പകരം ഒരു ഇടക്കാല പ്രധാനമന്ത്രി ആവാനും ഒരു തെരഞ്ഞെടുപ്പ് വിളിക്കാനും മറ്റൊരു റഫറണ്ടത്തിനായി പ്രചാരണം നടത്താനും അദ്ദേഹം പദ്ധതിയിടുന്നു. എന്നാൽ ലിബറൽ ഡെമോക്രാറ്റുകളും ചില ടോറി എംപിമാരും കോർബിന്റെ ഈ പദ്ധതിയെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചു. നിയമനിർമാണത്തിലൂടെ നോ ഡീൽ ബ്രെക്സിറ്റ്‌ തടയാൻ സാധിച്ചില്ലെങ്കിൽ അവിശ്വാസ വോട്ടെടുപ്പ് എന്ന മാർഗം നിലനിൽക്കുന്നെന്നും എന്നാൽ അത് കൂടുതൽ അപകടകരമായ തന്ത്രമാണെന്നും മിസ് ലൂക്കാസ്‌ പറഞ്ഞു. നോ ഡീൽ ബ്രെക്സിറ്റ്‌ എന്ന ദുരന്തത്തെ തടയാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് എൻഎസ്പിയുടെ ഇയാൻ ബ്ലാക്ക്‌ഫോർഡ് അഭിപ്രായപ്പെട്ടു. നോ ഡീൽ ബ്രെക്സിറ്റ്‌ തടയാനുള്ള തന്റെ ശ്രമങ്ങളിൽ പങ്കുചേരാൻ ആവശ്യപ്പെട്ടുകൊണ്ട് നോ ഡീലിനെതിരെ വോട്ട് ചെയ്ത 116 കൺസേർവേറ്റിവ്, സ്വതന്ത്ര എംപിമാർക്ക് കോർബിൻ കത്തെഴുതിയിട്ടുണ്ട്. മേയും ബ്രസൽസും തമ്മിലുള്ള പിൻവലിക്കൽ കരാർ വീണ്ടും പരിശോധിക്കണമെന്നും പാർലമെന്റിൽ പാസാക്കുന്നതിനായി പ്രധാന മാറ്റങ്ങൾ വരുത്തണമെന്നും ജോൺസൻ യൂറോപ്യൻ യൂണിയനോട്‌ ആവശ്യപ്പെട്ടു. കരാർ കൂടാതെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകുന്നതാണ് ഇപ്പോൾ സ്വീകാര്യമായ ഏക കരാറെന്ന് ബ്രെക്സിറ്റ്‌ പാർട്ടി നേതാവ് നിഗൽ ഫരാഗ് അഭിപ്രായപ്പെട്ടു.