മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്ള പണം സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ഈടാക്കിയെന്ന വാര്‍ത്ത ശരിയല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. തൃശൂരിലെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്കും അവിടെ നിന്ന് തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്കുമുള്ള ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ എട്ടു ലക്ഷം രൂപയാണ് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും അനുവദിച്ചതെന്നായിരുന്നു ആക്ഷേപം.

എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നത് ഇപ്രകാരമാണ്;

ഓഖി ദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താന്‍ കേരളം സന്ദര്‍ശിച്ച കേന്ദ്ര സംഘവുമായി ചര്‍ച്ച നടത്തുന്നതിനുകൂടിയാണ് ഡിസംബര്‍ 26ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഹെലികോപ്ടറില്‍ യാത്ര ചെയ്തത്. അതിനാല്‍ ഈ യാത്രയുടെ ചെലവ് ദേശീയ ദുരന്ത നിവാരണ നിധിയുടെ ഭാഗമായുള്ള സംസ്ഥാന ഫണ്ടില്‍ നിന്ന് നല്‍കാനുള്ള ഉത്തരവാണ് ദുരന്തനിവാരണ വകുപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഈ ഉത്തരവ് മുഖ്യമന്ത്രിയുടേയോ ഓഫീസന്റെയോ അറിവോടുകൂടിയായിരുന്നില്ല പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ ഉത്തരവ് റദ്ദാക്കി.