ചെന്നൈ: കുപ്രസിദ്ധ ഗുണ്ടയും പിടികിട്ടാപ്പുള്ളിയുമായ ഗുണ്ട ബിനു എന്നറിയപ്പെടുന്ന ബിന്നി പാപ്പച്ചനെ(45) കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവ്. തമിഴ്‌നാട് പൊലീസാണ് ഉത്തരവിറക്കിയിരിക്കുന്നത്. 1994 മുതല്‍ തമിഴ്നാട് കേന്ദ്രീകരിച്ച് ഗുണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇയാള്‍ 8 ലധികം കൊലപാതക കേസുകളില്‍ പ്രതിയാണ്. തിരുവനന്തപുരത്ത് വേരുകള്‍ ഉള്ള ബിനുവിനായുള്ള തെരെച്ചില്‍ കേരളത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. സേലം, കൃഷ്ണഗിരി, വെല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ താവളങ്ങളുള്ള ബിനുവിനായുള്ള തെരച്ചില്‍ ശക്തമാക്കിയതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച്ച ഗുണ്ട ബിനുവിന്റെ ജന്മദിനം ആഘോഷിക്കാനായി എത്തിയ 73 ഓളം ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ പൊലീസിന്റെ പിടിയില്‍ നിന്നും ഗുണ്ട ബിനു ഉള്‍പ്പെടെ 20 ഓളം പേര്‍ ഓടി രക്ഷപ്പെട്ടു. മാരകായുധങ്ങളുമായി ആഘോഷ ചടങ്ങിനെത്തിയ ഗുണ്ടകളെ തോക്ക് ചൂണ്ടിയാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് പള്ളിക്കരണയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ അറസ്റ്റിലായ മദന്‍ എന്ന ഗുണ്ടയാണ് ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയത്.

പൊലീസിനെ കണ്ടെയുടന്‍ ഓടി രക്ഷപ്പെട്ട ഗുണ്ടകളില്‍ പലരേയും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒന്‍പതിനു തുടങ്ങിയ പോലീസ് നടപടി ബുധനാഴ്ച രാവിലെ അഞ്ചുവരെ തുടര്‍ന്നു. എട്ടു കാറുകള്‍, 38 ബൈക്കുകള്‍, 88 മൊബൈല്‍ ഫോണുകള്‍, വടിവാളുകള്‍, കത്തികള്‍ തുടങ്ങിയവയും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു.