സൈക്കിളപകടത്തില്‍ പരിക്കേറ്റ എട്ട് വയസുകാരന്റെ ജീവനെടുത്ത് മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ. അമേരിക്കയിലെ ഒറിഗണ്‍ സ്വദേശിയായ എട്ട് വയസുകാരന്‍ ലിയാമിനാണ് ദാരുണാന്ത്യം. വാരാന്ത്യം രക്ഷിതാക്കളോടൊപ്പം ആഘോഷിക്കാനിറങ്ങിയ എട്ട് വയസുകാരന് ലിയാമിന് സൈക്കിള്‍ അപകടത്തില്‍ പെട്ട് കാലൊടിഞ്ഞിരുന്നു. ചികില്‍സ പുരോഗമിക്കുന്നതിനിടെയാണ് മുറിവുകള്‍ക്ക് സമീപം ചെറിയ രീതിയില്‍ തടിപ്പ് ശ്രദ്ധയില്‍പെട്ടത്. മുറിവിന് സമീപം കാണുന്ന സാധാരണ കാണുന്ന തടിപ്പ് മാത്രമായി കണ്ട് ഡോക്ടര്‍മാര്‍ അത് അവഗണിക്കുകയും ചെയ്തു.

എന്നാല്‍ മുറിവില്‍ വേദന അസഹ്യമായതോടെയാണ് തടിപ്പിന്റെ കാരണത്തെക്കുറിച്ച് വിശദമായി പഠിക്കാന്‍ തുടങ്ങിയത്. വിശദമായ പരിശോധനയിലാണ് കുട്ടിയെ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ ആക്രമിച്ചെന്ന് തിരിച്ചറിയുന്നത്. നെക്ട്രോലൈസിങ് ഫാസിറ്റീസ് എന്നാണ് ഈ രോഗാവസ്ഥയക്ക് പറയുന്ന പേര്. തക്ക സമയത്ത് തിരിച്ചറിഞ്ഞില്ലെങ്കില്‍ മരണം ഉറപ്പാണ് എന്നതാണ് ഈ അസുഖത്തിന്റെ പ്രത്യേകത.

ലിയാമിന്റെ ജീവന്‍ രക്ഷിക്കാന്‍ മുറിവിന് സമീപമുള്ള കോശങ്ങളും പേശികളും നീക്കം ചെയ്തുവെങ്കിലും അണുബാധ ചെറുക്കാനായില്ല. വിവിധ ആശുപത്രികളിലായി നാല് വിദ്ഗ്ധ സര്‍ജറികള്‍ ലിയാമിന് നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ലിയാമിന്റെ കാലിലെ പേശികളും കോശങ്ങളും ബാക്ടീരിയയുടെ ആക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്നു. അപകടത്തില്‍ പെട്ട കുട്ടിയുടെ ശരീരത്തില്‍ ബാക്ടീരിയ എങ്ങനെ എത്തി എന്ന കാരണം തേടുകയാണ് ലിയാമിനെ പരിശോധിച്ച ഡോക്ടര്‍മാരും രക്ഷിതാക്കളും. മുറിവിന് സമീപം കാണുന്ന തടിപ്പാണ് ഈ ബാക്ടീരിയ ബാധയുടെ പ്രഥമ ലക്ഷണം. അതികഠിനമായ വേദനയും പനിയും ഛര്‍ദ്ദിയുമാണ് രോഗബാധയുടെ മറ്റ് ലക്ഷണങ്ങള്‍.