ക്നാനായ സഭയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി ഓറിയന്റല്‍ ചര്‍ച്ച് റിപ്പോര്‍ട്ട്; സമുദായാംഗങ്ങള്‍ ആശങ്കയില്‍

ക്നാനായ സഭയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി ഓറിയന്റല്‍ ചര്‍ച്ച് റിപ്പോര്‍ട്ട്; സമുദായാംഗങ്ങള്‍ ആശങ്കയില്‍
January 19 00:37 2018 Print This Article

ന്യൂസ് ഡെസ്ക്

നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യവും സഭാ പാരമ്പര്യവും പേറുന്ന കേരള കത്തോലിക്ക സഭയിലെ പ്രമുഖ രൂപതയായ കോട്ടയം രൂപതയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന രീതിയില്‍ ബിഷപ്പ് മൈക്കല്‍ മുല്‍ഹാലിന്‍റെ ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും രൂപതാ നേതൃത്വം പുറത്ത് വിട്ടിട്ടില്ലെങ്കിലും നൂറ്റാണ്ടുകളായി സമുദായം നിഷ്കര്‍ഷയോടെ പാലിച്ച് പോന്നിരുന്ന ആചാര അനുഷ്ഠാനങ്ങളിലേക്കുള്ള കടന്നു കയറ്റമായിട്ടാണ് റിപ്പോര്‍ട്ടിനെ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

അമേരിക്കയിലെ ക്നാനായ ദേവാലയങ്ങളിലെ അംഗത്വത്തോട് അനുബന്ധിച്ചുണ്ടായ പ്രശ്നങ്ങളില്‍ നിന്നാണ് കനേഡിയന്‍ ബിഷപ്പായ മൈക്കല്‍ മുല്‍ഹാലിനെ ഏകാംഗ കമ്മീഷനായി നിയോഗിച്ചത്. കേരളത്തിലെയും അമേരിക്കയിലെയും ഇടവകകളില്‍ സന്ദര്‍ശനം നടത്തിയ കമ്മീഷന്‍ അടുത്തിടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വളരെയധികം ആശങ്കകളും ആശയക്കുഴപ്പങ്ങളും ആണ് റിപ്പോര്‍ട്ട് സംബന്ധിച്ച് സമുദായാംഗങ്ങള്‍ക്ക് ഇടയില്‍ ഉണ്ടായിട്ടുള്ളത്. സമുദായം ജീവന് തുല്യം പ്രാധാന്യം നല്‍കി കാത്ത് സൂക്ഷിച്ചിരുന്ന സ്വവംശ വിവാഹം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതായിട്ടാണ് സൂചനകള്‍.

വരും നാളുകളില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കും എതിര്‍പ്പുകള്‍ക്കും ഈ റിപ്പോര്‍ട്ട് കാരണമാകുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഉള്‍പ്പെടെ ഈ റിപ്പോര്‍ട്ടിന് എതിരെ രംഗത്ത് വന്നു കഴിഞ്ഞ സ്ഥിതിക്ക് ഇത് ഏറെക്കുറെ പ്രകടമായിക്കഴിഞ്ഞു. യുകെയിലെ ക്നാനായ മിഷന്‍ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഇപ്പോള്‍ തന്നെ തടയിട്ടു കഴിഞ്ഞ സ്ഥിതിയാണ്. ഈ കാര്യത്തില്‍ കുറെയേറെ മുന്നോട്ട് പോയിക്കഴിഞ്ഞ യുകെയിലെ ക്നാനായക്കാര്‍ ഈ റിപ്പോര്‍ട്ടില്‍ വളരെ അസ്വസ്ഥരാണ്. തങ്ങളുടെ അമര്‍ഷം സമുദായ നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞ ഇവര്‍ പാരമ്പര്യങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും കോട്ടം തട്ടുന്ന ഒരു നിലപാടിനും കൂട്ട് നില്‍ക്കില്ല എന്നും വ്യക്തമാക്കി കഴിഞ്ഞു.

ഇത്തരം ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രതികരണം ഏത് രീതിയില്‍ ആയിരിക്കും എന്നതാണ് യുകെയിലെ ക്നാനായക്കാര്‍ ഉറ്റു നോക്കുന്നത്. ക്നാനായ മിഷനുകള്‍ ക്നാനായക്കാര്‍ക്ക് മാത്രമാണ് എന്ന് പറയുകയും ഓറിയന്റല്‍ ചര്‍ച്ച് റിപ്പോര്‍ട്ടിനെ അനുകൂലിക്കുകയും ചെയ്യുമോ എന്നതാണ് മറ്റൊരു ആശങ്ക. യുകെകെസിഎയുടെ ഒരു അസാധാരണ പൊതുയോഗം ഈ ശനിയാഴ്ച ഉച്ചയ്ക്ക് യുകെകെസിഎ ആസ്ഥാന മന്ദിരത്തില്‍ വിളിച്ച് ചേര്‍ത്തിരിക്കുന്നത് ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ക്കും പ്രഖ്യപനങ്ങള്‍ക്കും ആണെന്ന സൂചനയും പുറത്ത് വന്നിട്ടുണ്ട്.

എന്തായാലും വരും ദിവസങ്ങള്‍ സീറോ മലബാര്‍ സഭയെ സംബന്ധിച്ചും ക്നാനായ സമുദായത്തെ സംബന്ധിച്ചും വളരെ പ്രാധാന്യം അര്‍ഹിക്കുന്നവ ആയിരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles