ഡോ. ഐഷ . വി.

ആദ്യ പരീക്ഷയ്ക്ക് ഒന്നാം ക്ലാസ്സിൽ മിക്കാവാറും എല്ലാ കുട്ടികൾക്കും നല്ല മാർക്ക് ലഭിക്കാറുണ്ട്. അത് അച്ഛനമ്മമാർക്ക് കൂടി ലഭിക്കുന്ന മാർക്കാണ്. എന്നാൽ എന്റെ കാര്യത്തിൽ സംഭവിച്ചത് നേരെ തിരിച്ചാണ് . അച്ഛന്റെ ജോലി തിരക്കും, അമ്മയുടെ നവജാത ശിശു (അനുജത്തി)പരിപാലനവും, പനി, വയറിളക്കം, ചുമ, ജലദോഷം തുടങ്ങിയ ബാലരിഷ്ടത മൂലം ക്ലാമ്പിൽ പോകാതിരുന്നതിനാലും പരീക്ഷയാണെന്ന വിവരം ഞാനോ അച്ഛനമ്മമാരോ അറിഞ്ഞിരുന്നില്ല.

ക്ലാസ്സിൽ ചെന്നപ്പോൾ നന്ദിനി ടീച്ചർ കുട്ടികളോട് സ്ലേറ്റും പെൻസിലും എടുക്കാൻ പറഞ്ഞു. പിന്നെ കുറ കുറെ നിർദ്ദേശങ്ങൾ നൽകി . എനിക്കൊന്നും മനസ്സിലായില്ല . ഞാൻ എന്തൊക്കെയോ കുത്തിക്കുറിച്ചു..അവസാനം ടീച്ചർ മൂല്യ നിർണ്ണയം നടത്തി. എനിയ്ക്ക്‌ ലഭിച്ചത് 28/50 മാർക്ക് .ടീച്ചർ പറഞ്ഞു. എല്ലാവരും സ്ലേറ്റ് മായ്ക്കാതെ വീട്ടിൽ കൊണ്ടുപോയി കാണിക്കണം. ഞാൻ അത് അക്ഷരം പ്രതി അനുസരിച്ചു. അമ്മ എന്റെ മാർക്കുകണ്ടു. പരീക്ഷയായിരുന്നു എന്നത് അമ്മ പറഞ്ഞപ്പോഴാണ് എനിയ്ക്ക് മനസ്സിലായത്.അങ്ങനെ പരീക്ഷാ പേടിയില്ലാതെ മുന്നൊരുക്കങ്ങൾ ഇല്ലാതെ യാതൊരു മാത്സര്യ ബുദ്ധിയുമില്ലാതെ ആദ്യ പരീക്ഷ കഴിഞ്ഞു. പാസാകാനുള്ള മാർക്കും ലഭിച്ചു. അഞ്ചു വയസ്സിന് മുമ്പേ തന്നെ അചഛനമ്മമാർ എന്നെ അക്ഷരം പഠിപ്പിച്ചിരുന്നു. അതിനാൽ അത്യാവശ്യം വായിക്കാനൊക്കെ എനിയ്ക്ക് കഴിഞ്ഞിരുന്നു. അങ്ങനെ ഒന്നാം ക്ലാസ്സിൽ ചേരുന്നതിന് മുമ്പാണ് ഞാൻ ആദ്യമായി പത്രം വായിച്ചത്. അമ്മ പത്രം നിവർത്തി പിടിച്ച് കസേരയിലിരുന്നു വായിച്ചപ്പോൾ ഞാൻ പുറകിലൂടെ ചെന്ന് പത്രം നോക്കി വായിച്ച വാർത്തയായിരുന്നു . ” ഓട്ടു കമ്പനിയിൽ തീ പിടുത്തം ” എന്നതായിരുന്നു തലക്കെട്ട്. അത്രയും വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു പിന്നെ പത്രം കൈയ്യിൽ കിട്ടിയാൽ തലക്കെട്ടുകൾ വായിക്കുക പതിവായി. ഇത്തിരിക്കുഞ്ഞൻ അക്ഷരങ്ങളിലുള്ള വാർത്തകൾ ഒത്തിരി അവഗണന നേരിട്ടു. കുഞ്ഞിക്കൈകൾ കൊണ്ട് പത്രം നിവർത്തിപ്പിടിച്ച് വായിക്കുക ഒത്തിരി പ്രയാസമുളള കാര്യമായിരുന്നു. എന്നാലും ശ്രമിച്ചു കൊണ്ടേയിരുന്നു. ശ്രമിച്ചു കൊണ്ടേയിരിക്കുന്നത് തീർച്ചയായും നമുക്ക് വിജയമുണ്ടാക്കും . അന്ന് വീട്ടിൽ മലയാള മനോരമ ഇന്ത്യൻ എക്സ്പ്രസ് എന്നീ രണ്ട് പത്രങ്ങളും ബാലരമയുമാണ് അച്ഛൻ വരുത്തിയിരുന്നത്. ഇക്കാലത്തെപ്പോലെ തീരെ ചെറിയ കുട്ടികളെ ആകർഷിക്കത്തക്ക തരത്തിലായിരുന്നില്ല ബാലരമയുടെ കെട്ടും മട്ടും. കുറച്ചു കൂടി മുതിർന്ന കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നു. ഗുണപാഠ കഥകൾ ധാരാളമുണ്ടായിരുന്നു.

കാസർഗോഡ് നെല്ലികുന്നിൽ ഞങ്ങൾ താമസിച്ചിരുന്ന വീട്ടു പറമ്പിൽ തന്നെയായിരുന്നു ദേവയാനി ചേച്ചിയും ഭർത്താവ് ഭാസ്കരൻ മാമനും താമസിച്ചിരുന്നത്. ഭാസ്കരൻ മാമൻ ചേർത്തല സ്വദേശിയും ദേവയാനി ചേച്ചി കൊല്ലം സ്വദേശിനിയും ആയിരുന്നു. വിവാഹശേഷം 14 വർഷത്തോളം സന്താനദു:ഖം അനുഭവിച്ച ചേച്ചിക്കും മാമനും ഞങ്ങൾ കുട്ടികളായിരുന്നു മക്കൾ. കൊല്ലം സ്വദേശികൾ എന്ന സ്നേഹം വേറെയും . ഇപ്പുറത്തെ മനോരമ വാർഷിക പതിപ്പ്, ഇയർ ബുക്ക് എന്നിവ അപ്പുറത്തോട്ടും അപ്പുറത്തെ വനിതയും മറ്റു പുസ്തകങ്ങളും ഇപ്പുറത്തോട്ടും കൈമാറി വായിച്ചിരുന്നു. രണ്ടു കുടുംബവും ഒന്നിച്ച് യാത്ര പോയിട്ടുണ്ട്. ഞങ്ങളെ മുടിയൊക്കെ ചീകിയൊതുക്കി സ്കൂളിലേയ്ക്ക് വിട്ടിരുന്നത് ചേച്ചിയായിരുന്നു. ഇരു വീടുകളിലേയും വിശേഷ ഭക്ഷണങ്ങൾ പരസ്പരം പങ്കു വച്ചിരുന്നു. മാമന് ഐസ് പ്ലാന്റിലായിരുന്നു ജോലി. ഒരിക്കൽ മാമൻ ഞങ്ങളെ ഐസ് പ്ലാന്റ് കാണാൻ കൊണ്ടുപോയിട്ടുണ്ട്. അമ്മ അനുജത്തിയെ പ്രസവിക്കാൻ ആശുപത്രിയിൽ പോയ ദിവസങ്ങളിൽ ഞാനും അനുജനും ചേച്ചിയുടേയും മാമന്റേയും കൂടെയായിരുന്നു കഴിഞ്ഞിരുന്നത്. അച്ഛൻ അമ്മയോടൊപ്പം ആശുപത്രിയിലും, അമ്മ അനുജത്തിയെ പ്രസവിച്ചതിന്റെ തലേ രാത്രിയിൽ എനിയ്ക്കു വയറിളക്കം കലശലായി. ചേച്ചിയെന്നെ പല പ്രാവശ്യം കക്കൂസിൽ കൊണ്ടുപോയി. ആ രാത്രി ഞാനൊരു സ്വപ്നം കണ്ടു. തല മുടി ഉണ്ണിക്കെട്ടുകെട്ടി മേശക്കടിയിൽ ഇരിക്കുന്ന ഒരു കൊച്ചു പെൺകുട്ടി. ഇക്കാര്യം ഞാൻ ചേച്ചിയോട് പറഞ്ഞപ്പോൾ ചേച്ചിയെന്നോട് പറഞ്ഞത് ജനിക്കാൻ പോകുന്നത് മോളായിരിക്കുമെന്നാണ്. അതുപോലെ തന്നെ സംഭവിച്ചു. പിറ്റേന്ന് ഞങ്ങൾ കുഞ്ഞിനേയും അമ്മയേയും കാണാൻ ആശുപത്രിയിലേയ്ക്ക് പോയി.

അമ്മയുടെ ഉദരത്തിൽ മൂന്നാമത്തെ കുഞ്ഞ് വളരുന്ന വിവരം ഞാനറിഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നു. ഒരു ദിവസം രാവിലെ അച്ഛന്റെ മേശക്കരികിൽ രണ്ടു കസേരകളിലായി അച്ഛനും അമ്മയും ഇരുന്ന് പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നു. അമ്മ ഇടയ്ക്കിടയ്ക്ക് കരയുന്നുമുണ്ട്. അപ്പോൾ കാര്യം പന്തികേടാണെന്ന് എനിയ്ക്ക് തോന്നി. ഞാനവരുടെ സംഭാഷണം ശ്രദ്ധിച്ചു. ഗർഭം അലസിപ്പിച്ചു കളയാൻ വേണ്ടി അമ്മ നിർബന്ധം പിടിക്കുകയാണ്. അച്ഛൻ സമ്മതിച്ചില്ല. മൂന്നാമതൊരു കുട്ടി കൂടി വേണ്ട . അമ്മ കട്ടായം പറഞ്ഞു. അച്ഛൻ പറഞ്ഞു : ഈ കുട്ടിയായിരിക്കും നിനക്ക് ഉതകുക. ( കാലം അത് തെളിയിച്ചു. അമ്മയ്ക്ക് പല വിധ അസുഖങ്ങൾ വന്നപ്പോൾ അനുജത്തിയായിരുന്നു അമ്മയെ തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചതും നന്നായി സംരക്ഷിച്ചതും. മൂത്ത മക്കൾ രണ്ടുപേരും ദൂരെ ജോലി സ്ഥലങ്ങളിൽ ആയിരുന്നു.). അങ്ങനെ അവസാനം പ്രസവിക്കാൻ അമ്മയ്ക്ക് തീരുമാനിക്കേണ്ടി വന്നു. അമ്മ ഒരു നിബന്ധന വച്ചു. പ്രസവത്തിന് നാട്ടിൽ പോവുകയില്ല. നാട്ടിൽ പോയാൽ രണ്ടാമത്തെ പ്രസവത്തിന് ആശുപത്രിയിലെത്താൻ പറ്റാതിരുന്നതുപോലെ സംഭവിച്ചാൽ പ്രസവം നിർത്താൻ പറ്റില്ലല്ലോ. അതിനാൽ നാട്ടിൽ പോകുന്ന പ്രശ്നമേയില്ല. അച്ഛന് സമ്മതിക്കേണ്ടി വന്നു.അമ്മ വീട്ടിലേയ്ക്കും അച്ഛന്റെ അമ്മാവന്റെ വീട്ടിലേയ്ക്കും സ്ഥിരമായി കത്തുകൾ എഴുതിയിരുന്നെങ്കിലും ഗർഭത്തിന്റെ കാര്യം മാത്രം മറച്ചുവച്ചു.മൂന്നാമത്തെ മകൾ ജനിച്ച വിവരം അറിയിച്ചു കൊണ്ടുള്ള കത്ത് ഇരു വീട്ടിലേയ്ക്കും ചെന്നപ്പോൾ അച്ഛന്റെ അമ്മായി ഞങ്ങളുടെ സ്നേഹ നിധിയായ ശാരദ വല്യമ്മച്ചി കാഞ്ഞിരത്തുംവിള വീട്ടിൽ നിന്നും ഓടി ഒന്നര കിലോമീറ്റർ അകലെയുള്ള ചിരവാത്തോട്ടത്ത് വലിയവിള വീട് എന്ന അമ്മ വീട്ടിലെത്തി. വല്യമ്മച്ചിയോടും (ലക്ഷ്മി അമ്മാമ്മ ) ആന്റിയോടും (സ്വർണ്ണ ലത ) വിവരവും പരിഭവവും ഒക്കെ പങ്കു വച്ച് മൂവരും കൂടെ കരച്ചിലായി. ഇതിനിടെ ശാരദ വല്യമ്മച്ചി വടക്കൻ പാട്ടിലെ വരികളും ചൊല്ലി. ” മാനത്തു നിന്നെങ്ങാനം പൊട്ടിവീണോ ഭൂമിയിൽത്തന്നെ മുളച്ചതാണോ .”

കാസർഗോഡ് താലൂക്കാശുപത്രിയിലാണ് അമ്മ അനുജത്തിയെ പ്രസവിച്ചത്. അച്ഛൻ പുറത്തേയ്ക്കു പോയ സമയത്താണ് പി.പിഎസ്( പോസ്റ്റ് പാർട്ട് സ്റ്റെറിലൈസേഷൻ ) ചെയ്യാനായി തീയറ്ററിൽ കയറ്റിയത്. അപ്പോൾ കുഞ്ഞ് ആശുപത്രി കിടക്കയിൽ ഒറ്റയ്ക്കായി. പിന്നീട് അച്ഛനെത്തി.
അങ്ങനെ എന്റെ അമ്മ കുടുംബാസൂത്രണത്തിന്റെ വക്താവായി മാറി. സർക്കാർ അറിയാതെ വീട്ടുകാർ അറിയാതെ ഒട്ടേറെ സ്ത്രീകളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കുടുംബാസൂത്രണത്തിലേയ്ക്ക് നയിച്ചു. അച്ഛൻ ഞങ്ങളെയും കൊണ്ട് ഒരിക്കൽ മിലൻ തീയറ്ററിൽ സിനിമ കാണാൻ പോയപ്പോൾ സ്ക്രീനിൽ കുടുംബാസൂത്രണം സംബന്ധിച്ച ഒരു പരസ്യം തെളിഞ്ഞത് ഞാനിന്നും ഓർക്കുന്നു : ” നാം രണ്ട് നമുക്ക് രണ്ട്” . ഇതുമായി ബന്ധപ്പെട്ട സ്റ്റാമ്പും അന്നുണ്ടായിരുന്നു. ഒരു അച്ഛനും അമ്മയും രണ്ടു കുട്ടികളുമുള്ള ചിത്രമുള്ളത്. അന്നത്തെ പരസ്യം പിന്നീടെപ്പോഴോ ” നാം ഒന്ന് നമുക്ക് ഒന്ന് ” എന്നായി മാറി. മൂന്നാമത്തെ കുഞ്ഞ് പാഴായില്ല. ഇന്ന് കേരള യൂണിവേഴ്സിറ്റിയിൽ സാമ്പത്തിക ശാസ്ത്രം ഡിപ്പാർട്ട്മെന്റ് ഹെഡും പ്രൊഫസറുമായി മാറി.