ഡോ. ഐഷ . വി.

നയാ പൈസയും ചെറുകള്ളങ്ങളും

കാസർഗോഡ് ഗവ ടൗൺ യു പി എസിൽ യൂണിഫോമായിരുന്നു. പച്ച പാവാടയും ചന്ദന നിറത്തിലുള്ള ഷർട്ടും. പാവാട ഊർന്ന് പോകാതിരിക്കാനായി പിൻഭാഗത്ത് ഗുണനചിഹ്നാ കൃതിയിൽ പിടിപ്പിച്ച രണ്ടു വള്ളി കൾ മുൻ ഭാഗത്ത് പാവാടയുടെ പട്ടയിൽ അവസാനിച്ചിരുന്നു. പാവാടയ്ക്കും ഷർട്ടിനും പോക്കറ്റുണ്ടായിരുന്നു. ഞങ്ങളുടെ ക്ലാസ്സിലെ മോഹിനി മാതളത്തിന്റെ അല്ലികൾ പോക്കറ്റിൽ ഇട്ടു കൊണ്ടുവന്ന് തിന്നുമ്പോൾ എനിക്കു കൂടി തന്നിരുന്നു. മാതളം അല്ലികളായി ഞാൻ ആദ്യ o കാണുന്നത് മോഹിനിയുടെ പക്കലാണ്(1973 ൽ). അതിന്റെ മുഴുവൻ കായ കാണുന്നത് പിന്നീട് മൂന്നര വർഷത്തിനു ശേഷം(1976 ൽ) ചിരവാത്തോട്ടത്ത് കുടുംബ വീട്ടിലെത്തിയപ്പോൾ . അമ്മയുടെ ചേച്ചിയുടെ മക്കളായ പ്രസാദണ്ണനും സത്യനും കൂടി തറവാട്ടിൽ മരുന്നിന്റെ ആവശ്യത്തിനായി നട്ടുവളർത്തിയിരുന്ന മാതള ചെടികൾ (കുറ്റിച്ചെടികളാണ് ) കായ പറിച്ചെടുത്ത് മരുന്നി ടി ക്കുന്ന ഇടി കല്ലിൽ വച്ച് ഇടിച്ച് പൊട്ടിച്ച് തിന്നാൻ തന്നപ്പോഴാണ്. അന്ന് മാതളപ്പഴം(pomogranate or anar) ഇന്നത്തെപ്പോലെ കടകളിൽ ലഭ്യമായിരുന്നില്ല. ഇന്ന് കടകളിൽ സർവ്വസാധാരണമായി ലഭിക്കുന്ന മാതളത്തിന്റെ( ഹൈബ്രിഡ്) നിറമായിരുന്നില്ല അന്നത്തെ മാതളത്തിന്റെ അകവും പുറവു o വെള്ള കലർന്ന റോസ് നിറമായിരുന്നു അല്ലികൾക്ക്. പുറo ഇളം തവിട്ടു നിറം. കായുടെ ഞെട്ടിന്റെ ഭാഗത്ത് തവിട്ടു നിറം കൂടുതലു o തുമ്പിലേയ്ക്കടുക്കുമ്പോൾ നിറത്തിന്റെ കാഠിന്യം കുറഞ്ഞു o കാണപ്പെട്ടു.

ഒരു ദിവസം ഞങ്ങൾ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മോഹിനിയുടെ അമ്മ സ്കൂളിലെത്തി. ക്ലാസ്സ് ടീച്ചറിനെ കണ്ട് മോഹിനിയുടെ അമ്മ പോകാനൊരുങ്ങിയപ്പോൾ മോഹിനി ഓടിച്ചെന്ന് അമ്മയോട് പൈസ ചോദിച്ചു. എന്റെ കൈയ്യിൽ നയാ പൈസയില്ലെന്ന് ആ അമ്മ പറഞ്ഞു. മോഹിനി വിഷണ്ണയായി. അന്നെനിക്കൊരു പുതിയ വാക്കു കിട്ടി. നയാ പൈസ അതായത് ഒരു പൈസ.
അക്കാലത്ത് കാസർ ഗോഡ് ടൗൺ യു പി എസ്സിന് തൊട്ടു ചേർന്ന പറമ്പിലായിരുന്നു ഹൈസ്കൂൾ . അതിനപ്പുറത്ത് വഴിവക്കിൽ ചില മനുഷ്യർ കരിങ്ങാപ്പഴം (ഇന്നത്തെ ഞാവൽപ്പഴം പോലെ അതിനേക്കാൾ വളരെ ചെറിയ പഴം ) , നെല്ലിക്ക , ശീമ നെല്ലിക്ക തുടങ്ങിയവ കുട്ടകളിൽ കൊണ്ടുവന്ന് വിറ്റിരുന്നു. സ്കൂൾ കുട്ടികളാണ് ഏറെയും വാങ്ങിയിരുന്നത്. ഒരു പൈസ ,രണ്ടു പൈസ , മൂന്നു പൈസ, അഞ്ചു പൈസ ,10 പൈസ 20 പൈസ 25 പൈസ (കാലണ എന്ന് പഴമക്കാർ പറഞ്ഞു പോന്നു.), 50 പൈസ(അരയണ), ഒരു രൂപ എന്നിവയായിരുന്നു അന്നത്തെ നാണയങ്ങൾ . 100 ഒരു പൈസകൾ ചേരുമ്പോൾ ഒരു രൂപയായി. പ്രധാന ഉപഭോക്താക്കളായ കുട്ടികൾ ഒന്നോ രണ്ടോ പൈസ കൊടുത്ത് ഈ വക കായ്കനികൾ വാങ്ങി തിന്നിരുന്നു. ഒന്നോ രണ്ടോ പൈസ കൊടുത്ത് വാങ്ങുമ്പോൾ ഒരു വട്ടയില നിറയെ കായ്കനികൾ ലഭിച്ചിരുന്നു. ഇങ്ങനെ വാങ്ങുന്ന സാധനങ്ങൾ കുട്ടികൾ എനിയ്ക്കും തന്നിരുന്നു. ഇത്തരം കായ്കനികൾ തിന്നിരുന്ന കുട്ടികൾക്ക് ചുവന്ന രക്താണുക്കളുടെ കുറവുണ്ടായിരുന്നില്ല എന്നനുമാനിക്കാം.

ഭൂരിഭാഗം കുട്ടികളും പോക്കറ്റിൽ ചില്ലറത്തുട്ടുകൾ ഈ വക സാധനങ്ങൾ വാങ്ങാനായി കരുതിയിരുന്നു. ഞാൻ വീട്ടിൽ നിന്നും പൈസയൊന്നും കൊണ്ടു പോയിരുന്നില്ല. ഒരു ദിവസം എനിയ്ക്കും ഒരു മോഹം തോന്നി. സ്കൂളിൽ പൈസ കൊണ്ടുപോകണമെന്ന്.
അമ്മയും കൈക്കുഞ്ഞായ അനുജത്തിയും ഒരു മുറിയിൽ കിടക്കുകയാണ്. ദേവിയാണ് വീട്ടിലെ ജോലികൾ ചെയ്തിരുന്നത്. അച്ഛൻ രാവിലെ ഓഫീസിൽ പോകുമ്പോൾ മീൻ വാങ്ങാനായി മേശ വലിപ്പിൽ പൈസ ഇട്ടിട്ട് പോകും. ദേവി അതെടുത്തു കൊണ്ടു പോയി നെല്ലിക്കുന്നിൽ നിന്നും മത്സ്യം വാങ്ങണം. അന്ന് പത്തു പൈസയുണ്ടെങ്കിൽ ഒരു കുടുംബത്തിന് ഒരു ദിവസം സുഭിക്ഷമായി കഴിക്കാനുള്ള മത്സ്യം ലഭിച്ചിരുന്നു. ചാകരയാണെങ്കിൽ മത്തി (ചാള), വട്ടമത്തി എന്നിവ 10 പൈസയ്ക്ക് നൂറിലധികം ലഭിച്ചിരുന്നു.

ഇന്നത്തെ പോലെ പണപ്പെരുപ്പം അന്നില്ലായിരുന്നു. സ്കൂളിൽ പൈസ കൊണ്ടുപോകണമെന്ന് തോന്നിയ ദിവസം ഞാനാ പൈസയെടുത്ത് ബാഗിൽ ഇട്ടു. സ്കൂളിൽ കൊണ്ടുപോയെങ്കിലും ചിലവാക്കാൻ തോന്നിയില്ല. ഓരോ ദിവസവും ഇതാവർത്തിച്ചു. ഇത് ചിലപ്പോൾ ഒന്നോ രണ്ടോ മൂന്നോ പൈസകൾ ഒക്കെയായിരുന്നു. ഒരു ദിവസം അമ്മ അച്ഛനോട് ചോദിച്ചു: മേശയിൽ പൈസ ഇടുമെന്ന് പറഞ്ഞിട്ട് ഇട്ടില്ലേയെന്ന് . കുറേ ദിവസങ്ങൾ കഴിഞ്ഞ് ബാഗിന് നല്ല ഘനം വച്ചു. എന്റെ കൈയ്യിൽ പൈസയുള്ള വിവരം കമലാക്ഷി മനസ്സിലാക്കി. എന്നോട് കരിങ്ങാപ്പഴം വാങ്ങാൻ പൈസ ചോദിച്ചെങ്കിലും ഞാൻ കൊടുത്തില്ല. ഒരു വെള്ളി അരഞ്ഞാണത്തിന്റെ ചുട്ടി പൊട്ടിയതും കൂട്ടത്തിലുണ്ടായിരുന്നു. പിറ്റേന്ന് ഞാനതെടുത്ത് കമലാക്ഷിയ്ക്ക് കൊടുത്തു. കമലാക്ഷി എന്നെയും കൂട്ടി നെല്ലിക്കുന്നിലെ ഒരു പീടികയിലെത്തി. ഈ ചുട്ടി കമലാക്ഷി സംസാര ശേഷിയില്ലാത്ത പീടികക്കാരന് കൊടുത്തിട്ട് മിഠായി തരാൻ ആവശ്യപ്പെട്ടു. അയാൾ ആ ചുട്ടി വാങ്ങി തിരിച്ചും മറിച്ചും നോക്കിയ ശേഷം എന്തൊക്കെയോ ദേഷ്യപ്പെട്ട് പറയാൻ ശ്രമിച്ച ശേഷം ചുട്ടി തിരികെ തന്നു. ഞങ്ങൾ ഇളിഭ്യരായി വീട്ടിലേയ്ക്ക് പോയി.

അന്നു രാത്രി അമ്മ എന്നെ പഠിപ്പിക്കാൻ ആരംഭിച്ചു. എന്നോട് ബാഗെടുത്തു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഞാൻ ബാഗെടുത്തു അമ്മയുടെ കൈയ്യിൽ കൊടുത്തു. അസാമാന്യ ഭാരം അനുഭവപ്പെട്ട ബാഗ് അമ്മ തുറന്നു നോക്കിയപ്പോൾ ധാരാളം ചില്ലറത്തുട്ടുകൾ . അമ്മയെന്നെ ചോദ്യം ചെയ്യാൻ തുടങ്ങി. അച്ഛൻ മീൻ വാങ്ങാനായി മേശ വലിപ്പിൽ ഇട്ടിരുന്ന പൈസയാണെന്ന് ഞാൻ പറഞ്ഞു. അച്ഛൻ വീട്ടിലെത്തിയപ്പോൾ അമ്മ വിവരങ്ങൾ ധരിപ്പിച്ചു . അച്ഛൻ എന്നെ അടുത്തു വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. വെറുതേ ദേവിയെ സംശയിക്കാനിടയാക്കിയില്ലേ എന്നു പറഞ്ഞപ്പോൾ എനിയ്ക്കും വിഷമം തോന്നി. അച്ഛൻ പിന്നെ കാര്യമായി പറഞ്ഞു തന്നു : ഒരിക്കലും മോഷ്ടിക്കരുതെന്നും കള്ളം പറയരുതെന്നും ചെയ്യരുതെന്നും. ഒരാൾ സാഹചര്യങ്ങൾ കൊണ്ട് കൊലപാതകിയാകാം പക്ഷേ മോഷ്ടിക്കുകയെന്നത് അയാൾ കരുതി കൂട്ടി ചെയ്യുന്നതാണ്. മോഷണത്തിന്റെ നിർവ്വചനവും അച്ഛൻ പറഞ്ഞു തന്നതിങ്ങനെയാണ്. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ മഷി കുപ്പിയിലെ മഷി മറ്റൊരാൾ തൂവൽ കൊണ്ട് തൊട്ടെഴുതുന്നതു പോലും മോഷണമാണ്. ഞങ്ങളിൽ മൂല്യങ്ങൾ വളർത്താൻ അച്ഛൻ ഏറെ ശ്രദ്ധിച്ചിരുന്നു. അക്കാര്യത്തിൽ അച്ഛൻ ഞങ്ങൾക്ക് മാതൃകയാണ്. അച്ഛൻ ഔദ്യോഗിക ജീവിതം നയിച്ചത് ഒട്ടും കളങ്കമില്ലാതെയാണെന്ന് എനിയ്ക്കുറപ്പുണ്ട്, ഞാൻ ചില്ലറത്തുട്ടുകൾ എടുത്തു ബാഗിലിട്ടത് അച്ഛനമ്മമാർക്ക് അപ്രതീക്ഷിതമായി ഒരു സമ്പാദ്യമായി മാറി. വീട്ടിലുള്ള ബിസ്ക്കറ്റ് ഹോർലിക്സ് എന്നിവ തീർത്തു വയ്ക്കുക എന്നതാണ് ഞങ്ങൾ ചെയ്തിരുന്ന മറ്റു കള്ളങ്ങൾ . ഒരല്പം സാഹസപ്പെട്ട് കതകിന്റെ സാക്ഷ നീട്ടിവച്ച് അതിൽ ചവിട്ടിക്കയറി ഭിത്തിയിൽ മുകളിലായി തടി കൊണ്ട് തീർത്ത തട്ടിൽ വച്ചിരുന്ന പാട്ടയിൽനിന്നും ബിസ്ക്കറ്റ് എടുത്ത് തിന്നിട്ടുണ്ട്. ഉണ്ണിക്കണ്ണൻ വെണ്ണ കട്ടുതിന്നതു പോലെയുള്ള മോഷണങ്ങൾ മിക്കവരുടേയും ജീവിതത്തിലുണ്ടാകും. പക്ഷേ ജോലിയ്ക്കു നിന്ന ദേവിയെ സംശയിക്കത്തക്ക തരത്തിലുള്ള മോഷണം ഒരിക്കലും ന്യായീകരിക്കത്തക്കതല്ല.