വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതികളായ മൂന്ന് ഒാര്‍ത്തഡോക്സ് സഭാ വൈദികരെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി. വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ കോടതി വൈദികര്‍ വേട്ടമൃഗങ്ങളെപോലെ പെരുമാറിയെന്നും, യുവതിയുടെ മതവിശ്വാസത്തെ ദുരുപയോഗം ചെയ്തുവെന്നും രൂക്ഷമായഭാഷയില്‍ വിമര്‍ശിച്ചു.

മുന്‍കൂര്‍ജാമ്യം തള്ളിയ സാഹചര്യത്തില്‍ വൈദികരെ അറസ്റ്റുചെയ്യാനുള്ള ശ്രമം അന്വേഷണസംഘം ആരംഭിച്ചു. വൈദികരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന നിരീക്ഷണത്തോടെയാണ് കോടതി നടപടി. ഇതോടെ ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം അന്വേഷണസംഘം ആരംഭിച്ചു.

ബലാൽസംഗക്കേസിൽ പ്രതികളായ ഫാ.എബ്രഹാം വർഗീസ്, ഫാ.ജോബ് മാത്യു, ഫാ. ജെയ്സ് കെ.ജോർജ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. കേസ് ഡയറി വിശദമായി പരിശോധിച്ചുവെന്നും പ്രതികളെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമായ വസ്തുതകൾ അതിലുണ്ടെന്നും കോടതി പറഞ്ഞു. സുപ്രീംകോടതി മാനദണ്ഡങ്ങളും പ്രതികളുടെ ആവശ്യങ്ങൾക്ക് എതിരാണ്. അതുകൊണ്ടുതന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഇതോടെ വൈദികരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം അന്വേഷണസംഘം ആരംഭിച്ചു. കോടതിയുടെ പരിഗണനയിലിരുന്നതുകൊണ്ടാണ് അറസ്റ്റ് നടപടികൾ വൈകിയത്. പ്രതികളുടെ ഒളിത്താവളങ്ങളെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയതായാണ് സൂചന. ഈ മാസം രണ്ടാംതീയതിയാണ് വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം തുടങ്ങി പത്തുദിവസത്തിനുള്ളിൽ മൊഴിയെടുക്കലും പീഡനം നടന്ന സ്ഥലങ്ങളിൽ വീട്ടമ്മയെ എത്തിച്ചുള്ള തെളിവെടുപ്പും അന്വേഷണസംഘം പൂർത്തീകരിച്ചിരുന്നു.

അതുകൊണ്ടുതന്നെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ അന്വേഷണം വേഗത്തിൽ പൂർത്തീകരിക്കാനാകുമെന്ന വിശ്വാസത്തിലാണ് ക്രൈംബ്രാഞ്ച്. എന്നാൽ കേസിൽ പ്രതികളായ വൈദികർ കീഴടങ്ങാൻ തയാറാകില്ലെന്നാണ് സൂചന. സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. അതേസമയം കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് സഭയുടെ നിലപാട്.

അന്വേഷണം സ്വതന്ത്രമായി മുന്നോട്ടുപോകട്ടെയെന്നും വൈദികർ പ്രതികളാണെന്ന് കണ്ടെത്തിയാൽ പൌരോഹ്യത്യത്തിൽനിന്ന് മാറ്റിനിർത്തുന്നതടക്കമുള്ള സഭാ നടപടികൾ സ്വീകരിക്കുമെന്നും സഭാധികൃതർ വ്യക്തമാക്കി.