ക്ലാസുകള്‍ക്ക് ഇടയിലുള്ള ഇടവേളകളില്‍ പോലും കുട്ടികള്‍ പരസ്പരം സംസാരിക്കുന്നത് നിരോധിച്ച് സ്‌കൂള്‍. ബര്‍മിംഗ്ഹാമിലെ അകോക്ക്‌സ് ഗ്രീനിലുള്ള നയന്‍സ്‌റ്റൈല്‍സ് സെക്കന്‍ഡറി സ്‌കൂളാണ് സൈലന്റ് കോറിഡോര്‍ എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതി ആവിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. നവംബര്‍ 5 മുതല്‍ ഇത് നിലവില്‍ വരുമെന്ന് കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ അറിയിപ്പ് നല്‍കി. ഇടവേളകളില്‍ സംസാരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കുട്ടികളെ 20 മിനിറ്റ് തടഞ്ഞുവെക്കുമെന്നാണ് അറിയിപ്പ്. കുട്ടികള്‍ ശാന്തരായും പഠനത്തിന് തയ്യാറായും സ്‌കൂളില്‍ എത്തുകയാണ് ഉദ്ദേശ്യമെന്ന് സ്‌കൂളിന്റെ മേധാവികളായ അലക്‌സ് ഹ്യൂഗ്‌സ്, ആന്‍ഡ്രിയ സ്റ്റീഫന്‍സ് എന്നിവര്‍ രക്ഷാകര്‍ത്താക്കള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.

അസംബ്ലിയിലേക്കും തിരിച്ചും പോകുമ്പോളും ക്ലാസുകള്‍ക്ക് ശേഷവും ലഞ്ചിനും ബ്രേക്കുകള്‍ക്കും കമ്യൂണല്‍ ഏരിയകളില്‍ പോകുമ്പോളും കുട്ടികള്‍ കര്‍ശനമായും നിശബ്ദത പാലിക്കണമെന്നാണ് കത്ത് പറയുന്നത്. സ്‌കൂള്‍ സമയത്തിനു ശേഷം പുറത്തിറങ്ങുന്നതും നിശബ്ദത പാലിച്ചായിരിക്കണം. ഉയര്‍ന്ന നിലവാരത്തിലുള്ളവര്‍ പാലിക്കുന്ന ഈ ശീലം പഠന സമയത്തു തന്നെ കുട്ടികള്‍ ശീലിക്കുന്നതിനായാണ് നവംബര്‍ 5 മുതല്‍ ഇത് നടപ്പാക്കുന്നതെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ലഞ്ച്, ബ്രേക്ക് സമയങ്ങളില്‍ സോഷ്യലൈസ് ചെയ്യാമെന്ന ഇളവും ഇവര്‍ നല്‍കുന്നുണ്ട്.

കുട്ടികളെ മിണ്ടാതാക്കുന്ന നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയിലും സ്‌കൂളിനെതിരെ രോഷം ഉയരുകയാണ്. ഒരിക്കലും നടക്കാത്ത നിയമമെന്നാണ് ഒരാള്‍ ട്വിറ്ററില്‍ ഇതിനെക്കുറിച്ച് പറഞ്ഞത്. ചില കുട്ടികള്‍ നിര്‍ത്താതെ സംസാരിക്കുമെന്നതിനാല്‍ എല്ലാവരെയും ശിക്ഷിക്കുകയാണ് സ്‌കൂള്‍ ചെയ്യുന്നതെന്ന് മറ്റൊരാള്‍ പറയുന്നു. യുണിസെഫ് അനുശാസിക്കുന്ന കുട്ടികളുടെ അവകാശങ്ങളുടെ നഗ്നമായ ലംഘനാണ് ഇതെന്നും ചിലര്‍ വ്യക്തമാക്കുന്നു.